90 വയസുകാരിയുടെ മാനനഷ്ടക്കേസ് : 20 വര്ഷം കാത്തിരിക്കാന് നിര്ദ്ദേശിച്ച് ബോംബേ ഹൈക്കോടതി
Mumbai, 29 ഏപ്രില്‍ (H.S.) മുംബൈ: 90 വയസ്സുള്ള ഒരു വൃദ്ധയോട് വിചിത്ര നിര്‍ദ്ദേശവുമായി ബോംബേ ഹൈക്കോടതി. വൃദ്ധയുടെ മാനനഷ്ടക്കേസ് കേള്‍ക്കുന്നതിനായി 20 വര്‍ഷം കൂടി കാത്തിരിക്കാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിള്‍ ബെഞ്ചിന്റെയാണ് വ
Mumbai High Court


Mumbai, 29 ഏപ്രില്‍ (H.S.)

മുംബൈ: 90 വയസ്സുള്ള ഒരു വൃദ്ധയോട് വിചിത്ര നിര്‍ദ്ദേശവുമായി ബോംബേ ഹൈക്കോടതി. വൃദ്ധയുടെ മാനനഷ്ടക്കേസ് കേള്‍ക്കുന്നതിനായി 20 വര്‍ഷം കൂടി കാത്തിരിക്കാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിള്‍ ബെഞ്ചിന്റെയാണ് വിധി. 90 വയസ്സുള്ള തരിണിബെനും 57 വയസ്സുള്ള ധ്വനി ദേശായിയും ചേര്‍ന്ന് ഫയല്‍ ചെയ്ത കേസ് 2046-ന് ശേഷം മാത്രമേ ഇനി പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ തര്‍ക്കത്തേക്കാള്‍ ഉപരി ഇത് ഒരു 'അഹന്തയുടെ പോരാട്ടം' ആണെന്നാണ് കോടതി നിരീക്ഷിച്ചത്.

ഈ കേസ് നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് ജെയിന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കക്ഷികള്‍ തമ്മിലുള്ള ഈ അഹന്തയുടെ പോരാട്ടം കാരണം വ്യവസ്ഥ സ്തംഭിക്കുകയാണെന്നും തല്‍ഫലമായി യഥാര്‍ത്ഥത്തില്‍ മുന്‍ഗണന അര്‍ഹിക്കുന്ന മറ്റ് പ്രധാനപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ കോടതിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായ ഇത്തരം വാശികള്‍ കോടതിയുടെ വിലപ്പെട്ട സമയം കവരുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

2017ലാണ് തരിണിബെനും ദേശായിയും കില്‍കില്‍രാജ് ഭന്‍സാലി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഈ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2015-ല്‍ ശ്യാം കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ നടന്ന സംഭവങ്ങളെത്തുടര്‍ന്ന് തങ്ങള്‍ക്ക് മാനസിക വിഷമവും പീഡനവുമുണ്ടായതായി ഇവര്‍ അവകാശപ്പെടുന്നു. ഇതിന് നഷ്ടപരിഹാരമായി 20 കോടി രൂപയാണ് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പരാതിക്കാരി അതിന് തയ്യാറാകാതെ കേസുമായി മുന്നോട്ട് പോകണമെന്ന പിടിവാശിയിലായിരുന്നു. പരാതിക്കാരി ഒരു 'സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍' ആയതുകൊണ്ട് മാത്രം കേസിന് മുന്‍ഗണന നല്‍കാനാവില്ലെന്ന് കോടതി തറപ്പിച്ചു പറഞ്ഞു. 'ഈ കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല, അടുത്ത 20 വര്‍ഷത്തേക്ക് ഈ കേസ് പരിഗണിക്കുന്നതല്ല. 2046-ന് ശേഷമുള്ള ഒരു തീയതിയിലേക്ക് ഇത് പട്ടികപ്പെടുത്തുക' എന്നായിരുന്നു കോടതിയുടെ വിധി.

ഈ കേസില്‍ 2019-ല്‍ സാക്ഷികളുടെ പട്ടികയും രേഖകളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പരാതിക്കാരുടെ അഭിഭാഷകന്‍ ഹാജരായില്ലെങ്കില്‍ കേസ് തള്ളുമെന്ന് കഴിഞ്ഞ വര്‍ഷം മറ്റൊരു ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.

---------------

Hindusthan Samachar / Sreejith S


Latest News