Enter your Email Address to subscribe to our newsletters

Lucknow, 29 ഏപ്രില്‍ (H.S.)
ഉത്തര്‍പ്രദേശിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം കുറയ്ക്കുന്ന ബൃഹത്തായ ഗംഗാ എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിച്ചു. ഹര്‍ദോയ് ജില്ലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാത ഉദ്ഘാടനം ചെയ്തത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റിനെ കിഴക്കന്‍ മേഖലയിലെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന ഈ പാത സംസ്ഥാനത്തെ വ്യവസായ, കാര്‍ഷിക മേഖലകളില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹര്‍ദോയിയില്‍ നിന്നുള്ള എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തോടെ സംസ്ഥാനത്തിന്റെ വികസന യാത്രക്ക് പുതിയ ഗതിവേഗം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു. ആറ് വരിയള്ള എക്സ്പ്രസ് വേ സംസ്ഥാനത്തെ ഗ്രാമങ്ങളെയും കര്‍ഷകരെയും സംരംഭകരെയും യുവാക്കളെയും ബന്ധിപ്പിക്കുന്ന ഒരു ജീവന്‍രേഖയാണെന്നും സംസ്ഥാനത്തെ വികസനത്തില്‍ ഇത് പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാസമയം പകുതിയായി കുറയും
നിലവില്‍ മീററ്റില്‍ നിന്ന് പ്രയാഗ്രാജിലേക്ക് എത്താന്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് സമയം എടുക്കുന്നത്. എന്നാല്‍ ഗംഗാ എക്സ്പ്രസ് വേ യാഥാര്‍ഥ്യമായതോടെ ഈ ദൂരം വെറും 6 മുതല്‍ 8 മണിക്കൂര്‍ കൊണ്ട് പിന്നിടാനാകും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് പാതയുടെ രൂപകല്‍പ്പന. നിലവില്‍ ഇത് ആറ് വരി പാതയാണ് എന്നാല്‍ ഭാവിയില്‍ ഇത് എട്ടുവരിയായി വികസിപ്പിക്കാന്‍ കഴിയുന്ന സൗകര്യമുണ്ട്.
മീററ്റ്, ഹാപൂര്‍, ബുലന്ദ്ഷഹര്‍, അംരോഹ, സംഭാല്‍, ബദൗണ്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ 12 ജില്ലകളിലൂടെ പാത കടന്നുപോകുന്നു.
അടിയന്തര ഘട്ടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്ന രീതിയില്‍ ഷാജാഹാന്‍പൂരിന് സമീപം 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ITMS), സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി കോള്‍ ബോക്സുകള്‍, പെട്രോളിങ് യൂണിറ്റുകള്‍ എന്നിവ സുരക്ഷ ഉറപ്പാക്കും.
അദാനി ഗ്രൂപ്പാണ് ഈ പദ്ധതിയുടെ നാല് സെക്ഷനുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉത്തര്‍പ്രദേശിനെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ എക്സ്പ്രസ് വേയെ സര്‍ക്കാര്‍ കാണുന്നത്. പദ്ധതി പ്രദേശങ്ങളില്‍ പുതിയ വ്യവസായ പാര്‍ക്കുകളും ലോജിസ്റ്റിക് ഹബ്ബുകളും വരുന്നതോടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
---------------
Hindusthan Samachar / Sreejith S