Enter your Email Address to subscribe to our newsletters

New delhi, 03 ഏപ്രില്‍ (H.S.)
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ ഇന്ധനം നൽകാൻ റഷ്യ: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. ഊർജം, രാസവളം, വ്യാപാരം, കണക്റ്റിവിറ്റി തുടങ്ങിയ നിർണ്ണായക മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. കഴിഞ്ഞ ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ സന്ദർശനവേളയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40 ശതമാനം വർധനവ് റഷ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം ഇനിയും വളം നൽകാൻ തയ്യാറാണെന്നും മാന്തുറോവ് അറിയിച്ചു. ഇസ്രയേൽ-ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടത് ഇന്ത്യയുടെ ഊർജ, വളം ഇറക്കുമതിയെ ബാധിച്ച സാഹചര്യത്തിലാണ് റഷ്യയുടെ നീക്കം.
ഇതിനൊപ്പം കൂടംകുളം ആണവനിലയത്തിന്റെ ശേഷിക്കുന്ന റിയാക്ടറിന്റെ നിർമാണം നിശ്ചിത സമയക്രമത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് റഷ്യ ഉറപ്പുനൽകി. അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ചർച്ചകളിൽ ഇടംപിടിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായും ഡെനിസ് മാന്തുറോവ് കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങളും ചർച്ചാവിഷയമായി.
---------------
Hindusthan Samachar / Sreejith S