Enter your Email Address to subscribe to our newsletters

Palakkad, 03 ഏപ്രില്‍ (H.S.)
പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം തടഞ്ഞു, വോട്ടു ചോദിക്കരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷിന്റെ പരാതിയിലാണു നടപടി. കേസെടുത്ത വിവരം പൊലീസ് പാലക്കാട് നിയമസഭാ മണ്ഡലം വരണാധികാരിയെ അറിയിക്കും. സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടി. ബുധനാഴ്ച രാത്രിയാണു വടക്കന്തറ മനയ്ക്കൽത്തൊടിയിൽ രമേഷ് പിഷാരടിയെ തടഞ്ഞത്.
സംഭവത്തിന് മറുപടി ജനം വോട്ടിലൂടെ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. പിഷാരടി ജയിക്കുമെന്ന് ഉറപ്പായി. ഭൂരിപക്ഷം മാത്രം ഇനി നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം ശരിയായ നടപടി അല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖും പ്രതികരിച്ചിരുന്നു. പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എതിർ സ്ഥാനാർഥികളോട് നമുക്ക് രാഷ്ട്രീയപരമായ എതിർപ്പും വിയോജിപ്പും കാണും. അതൊന്നും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ അല്ലെന്നാണ് ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും എൻ.എം.ആർ റസാഖ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S