Enter your Email Address to subscribe to our newsletters

Trivandrum, 03 ഏപ്രില് (H.S.)
തിരുവനന്തപുരം: കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കേരളത്തെ അപകീർത്തിപ്പെടുത്താനാണ് രേവന്ത് റെഡ്ഡി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസന സൂചികകളും ദേശീയ ഏജൻസികളുടെ കണക്കുകളും ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അഴിമതിയും ദാരിദ്ര്യവും: കണക്കുകൾ നിരത്തി മറുപടി
രാജ്യത്തെ ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമായി നീതി ആയോഗ് തിരഞ്ഞെടുത്തത് കേരളത്തെയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ രേവന്ത് റെഡ്ഡി ഭരിക്കുന്ന തെലങ്കാന അഴിമതിയുടെ കാര്യത്തിൽ ആറാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. നീതി ആയോഗിന്റെ ദേശീയ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ് പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ് (0.55 ശതമാനം). അതേസമയം തെലങ്കാനയിൽ 5.88 ശതമാനം ജനങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. 2030-ഓടെ കേരളത്തിൽ നിന്ന് ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ വിമർശനം
സ്വന്തം സംസ്ഥാനത്ത് പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ ഓടിക്കുന്നവരാണ് കേരളത്തെ വികസനം പഠിപ്പിക്കാൻ വരുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഫെബ്രുവരിയിൽ ഖമ്മം, ശാസ്ത്രിപുരം എന്നിവിടങ്ങളിൽ നടന്ന കുടിയൊഴിപ്പിക്കലുകൾ പരാമർശിച്ചായിരുന്നു ഈ വിമർശനം. കേരളത്തിലെ ലൈഫ് മിഷൻ പദ്ധതി ഭവനരഹിതർക്ക് തണലാകുമ്പോൾ തെലങ്കാനയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വീടുകൾ തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസവും ആരോഗ്യവും
സാമൂഹിക വികസന സൂചികകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ രേവന്ത് റെഡ്ഡിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
കേരളത്തിന്റെ സാക്ഷരതാ നിരക്ക് 95.3 ശതമാനമാണെങ്കിൽ തെലങ്കാനയുടേത് 76.9 ശതമാനം മാത്രമാണ്.
-
ശിശുമരണ നിരക്കിന്റെ കാര്യത്തിൽ അമേരിക്കയെപ്പോലും (ആയിരത്തിൽ 5.6) മറികടക്കുന്ന നേട്ടമാണ് കേരളത്തിനുള്ളത് (ആയിരത്തിൽ ഒന്ന്). തെലങ്കാനയിലെ ശിശുമരണ നിരക്ക് കേരളത്തേക്കാൾ നാലിരട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന സർക്കാർ ശമ്പളവും പെൻഷനും നൽകാൻ വൈകുമ്പോഴും പത്രപ്പരസ്യങ്ങൾക്കായി കോടികൾ ഒഴുക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എൽഡിഎഫ് ഭരണത്തെ വിമർശിക്കുന്ന രേവന്ത് റെഡ്ഡി, എന്തുകൊണ്ടാണ് കേരളത്തിന്റെ ഭൂമി ഡിജിറ്റലൈസേഷൻ മാതൃക പഠിക്കാൻ സ്വന്തം ഉദ്യോഗസ്ഥരെ ഇങ്ങോട്ട് അയച്ചതെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു രേവന്ത് റെഡ്ഡി മുഖ്യമന്ത്രിക്കെതിരെ 'നീ പോ മോനേ വിജയാ' എന്ന സിനിമാ ഡയലോഗ് ഉപയോഗിച്ച് വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ കാലാവധി കഴിഞ്ഞുവെന്നും അദ്ദേഹം അഴിമതിയുടെ കാര്യത്തിൽ മോദിയുടെ സഹോദരനാണെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ ആരോപണം. ഇതിനാണ് ഇപ്പോൾ ഔദ്യോഗിക കണക്കുകൾ സഹിതം മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K