മുണ്ടത്തിക്കോട് വെടിക്കെട്ടപകട സ്ഥലം സന്ദർശിച്ച് ജുഡീഷ്യല് അന്വേഷണ കമ്മീഷന്
Thrissur , 30 ഏപ്രില് (H.S.) മുണ്ടത്തിക്കോട് വെടിക്കെട്ടപകട സ്ഥലം സന്ദർശിച്ച് ജുഡീഷ്യല് അന്വേഷണ കമ്മീഷന്. അപകടത്തില് ചികിത്സയില് കഴിയുന്നവരെയും സ്ഫോടന സ്ഥലവും സന്ദര്ശിച്ചു. അന്വേഷണത്തിന് സർക്കാർ നിയമിച്ച ജുഡീഷ്യല് അന്വേഷണ കമ്മീഷന് ജസ്റ്റിസ് സിഎന്
JUDICIAL INQUIRY COMMISSION


Thrissur , 30 ഏപ്രില് (H.S.)

മുണ്ടത്തിക്കോട് വെടിക്കെട്ടപകട സ്ഥലം സന്ദർശിച്ച് ജുഡീഷ്യല് അന്വേഷണ കമ്മീഷന്. അപകടത്തില് ചികിത്സയില് കഴിയുന്നവരെയും സ്ഫോടന സ്ഥലവും സന്ദര്ശിച്ചു. അന്വേഷണത്തിന് സർക്കാർ നിയമിച്ച ജുഡീഷ്യല് അന്വേഷണ കമ്മീഷന് ജസ്റ്റിസ് സിഎന് രാമചന്ദ്രന് നായര് സ്ഥിതിഗതികള് നേരിട്ടെത്തി വിലയിരുത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. തുടർന്ന് ചികിത്സയില് കഴിയുന്നവരെയും സ്ഫോടന സ്ഥലവും സന്ദർശിക്കുകയായിരുന്നു.

ജില്ലാ കലക്ടര് ശിഖാ സുരേന്ദ്രന്, സിറ്റി പൊലീസ് കമ്മീഷണര് നകുല് രാജേന്ദ്ര ദേശ്മുഖ് എന്നിവരോടൊപ്പം മെഡിക്കല് കോളജിലെത്തിയ ജുഡീഷ്യല് അന്വേഷണ കമ്മീഷന് ജസ്റ്റിസ് സിഎന് രാമചന്ദ്രന് നായര് അപകടത്തില് പരിക്കുപറ്റി തൃശൂര് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്ന ഭവാനി, വിഷ്ണു എന്നിവരെ സന്ദര്ശിച്ച് സ്ഥിതിഗതികള് ചോദിച്ചറിഞ്ഞു.

മെഡിക്കല് കോളജ് പ്രിന്സിപ്പാള് ഉള്പ്പെടെയുള്ള അധികൃതര് ചികിത്സാ ക്രമീകരണങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. മെഡിക്കൽ കോളജ് സന്ദർശനത്തിനു ശേഷം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട സ്ഥലം സന്ദർശിച്ചു. തുടർ അന്വേഷണം സർക്കാർ നിശ്ചയിക്കുന്ന ടേംസ് ഓഫ് റഫറൻസിന് അനുസൃതമായി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. അപകട സ്ഥലത്ത് നിന്നും ശരീരാവശിഷ്ടങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതിനും ജില്ലാ പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം വെടിക്കെട്ട് നിരോധിക്കാനാകില്ലെന്നും അപകടമില്ലാതെ നടത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ വ്യക്തമാക്കി. ലോകത്തെവിടെയും ആഘോഷങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. ശബ്ദവും വെടിമരുന്നിൻ്റെ ഉപയോഗവും കുറച്ച് വെടിക്കെട്ട് നടത്തുന്നതിനെപ്പറ്റിയാണ് ആലോചിക്കേണ്ടത്. നിരോധനം സാമ്പത്തിക സ്ഥിതിയെ ബാധിക്കും. പലരുടെയും ഉപജീവനമാർഗമാണതെന്നും അപകടസ്ഥലം സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകും. രക്ഷപ്പെട്ട തൊഴിലാളികളുടെ മൊഴി എടുക്കും. വെടിക്കെട്ട് നടത്തിപ്പിനെക്കുറിച്ച് ദേവസ്വങ്ങളുമായി സംസാരിക്കും. തീപിടിത്തത്തിന് മുൻപ് തീപ്പൊരി ഉണ്ടായെന്ന് പൊലീസിനോട് പറഞ്ഞയാളുടെ മൊഴിയെടുക്കും.

43പേർ അപകട സ്ഥലത്തുണ്ടായിരുന്നുവെന്നാണ് കലക്ടർ പറഞ്ഞത്. രണ്ടുപേരുടെ ഡിഎൻഎ കൂടുതൽ പരിശോധനയ്ക്ക് നൽകി. ബോംബ് സ്ക്വാഡ്, പൊലീസ് എന്നിവരുടെ റിപ്പോർട്ടും സുരക്ഷാ മുൻകരുതലുകളും പരിശോധിക്കും. മൂന്ന് കെട്ടിടങ്ങൾക്ക് മാത്രമാണ് ലൈസൻസുണ്ടായിരുന്നത്. ഇവിടെ തൊഴിലാളികൾക്ക് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. അതിനകത്ത് ചെറിയ കെട്ടിടങ്ങൾ നിർമിച്ച് അവിടെയെല്ലാം വെടിക്കോപ്പുകൾ സൂക്ഷിക്കുകയാണുണ്ടായത്. തീകെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News