ഏറ്റുമുട്ടി പരാാജയപ്പെട്ടപ്പോഴുള്ള സര്ക്കാരിന്റെ പ്രതികാര നടപടി; സസ്പെന്ഷനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ബി അശോക്
Thiruvanathapuram, 30 ഏപ്രില്‍ (H.S.) സസ്പെന്‍ഷന് നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്ന് ഡോക്ടര്‍ ബി അശോക് ഐഎഎസ്. ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള സര്‍ക്കാരിന്റെ പ്രതികാരമാണ് സസ്പെന്‍ഷന്‍ നടപടി. ഇത് അംഗീകാരമായി മേശപ്പുറത്ത് കി
B ASHOK IAS


Thiruvanathapuram, 30 ഏപ്രില്‍ (H.S.)

സസ്പെന്‍ഷന് നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്ന് ഡോക്ടര്‍ ബി അശോക് ഐഎഎസ്. ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള സര്‍ക്കാരിന്റെ പ്രതികാരമാണ് സസ്പെന്‍ഷന്‍ നടപടി. ഇത് അംഗീകാരമായി മേശപ്പുറത്ത് കിടക്കട്ടേയെന്നും അശോക് പറഞ്ഞു.

'ജനം പുറത്താക്കിയ സര്‍ക്കാരിന്റെ സസ്പെന്‍ഷന്‍ മേശപ്പുറത്തിരിക്കട്ടെ. കാരണമില്ലാത്ത ഉത്തരവായത് കൊണ്ട് തന്നെ അത് പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പിന്‍വലിക്കപ്പെടുമെന്നും തിരികെ സര്‍വ്വീസില്‍ പ്രവേശിക്കുമെന്നുമാണ് കരുതുന്നത്. മറ്റ് നടപടിയൊന്നും ആവശ്യമില്ല. കോടതിയിലേക്കോ ട്രിബ്യൂണിലിലേക്കോ പോകുന്നില്ല. കഴിഞ്ഞ ജനു 25 മുതല്‍ പൊതുഭരണ വകുപ്പില്‍ നിന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്' അദ്ദേഹം വിമര്‍ശിച്ചു.

5 തവണ മുഖ്യമന്ത്രിയെ ട്രിബ്യൂണലില്‍ കയറ്റി. മുഖ്യമന്ത്രിയുടെ ചട്ടവിരുദ്ധമായ മുഴുവന്‍ നടപടികളും റദ്ദ് ചെയ്യിച്ചു. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം അനുസരിച്ചേ കേരളത്തില്‍ ഐഎഎസ് കേഡര്‍ നടത്താനാവൂ എന്ന ഉത്തരവ് സര്‍ക്കാരിന് വലിയ വൈക്ലബ്യമുണ്ടാക്കി. 2025 മുതല്‍ തന്നെ സര്‍ക്കാരിന് പുറത്തേ് ഓടിക്കാന്‍ ഉടായിപ്പുകളും തന്ത്രങ്ങളും രൂപീകരിച്ചു. തദ്ദേശ വകുപ്പ് രൂപീകരിച്ച കമ്മീഷനിലും കെടിഡിഎഫ്സി ചെയര്‍മാന്‍ എന്നിവിടങ്ങളില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ ട്രിബ്യൂണല്‍ റദ്ദാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ നാണം കെട്ട പരാജയം മറയ്ക്കാന്‍ താന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തി എന്ന് പറഞ്ഞാണ് തനിക്ക് സസ്പെന്‍ഷന്‍ തന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്റെ അടിമ വേലക്കാരാണെന്നും തന്നെ പുകഴ്ത്തിപ്പാടാന്‍ മാത്രം ജനിച്ചിട്ടുള്ളവരാണെന്നും കോറസായുള്ള വാഴ്ത്ത് പാട്ട് മാത്രം നടത്താമെന്ന ചിലരുടെ മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യമാധ്യമത്തിലും മറ്റ് മാധ്യമങ്ങളിലും നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ കട്ടിംഗുകള്‍ എടുത്ത് പെരുമാറ്റചട്ട ലംഘനമെന്ന് കാട്ടി ഒരു സ്വകാര്യ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അത് തള്ളി. അച്ചടക്കവശം സര്‍ക്കാരിന് പരിശോധിക്കാമെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു. അതേ ഫയല്‍ അനുസരിച്ചാണ് നിലവില്‍ സസ്പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഏത് പരാമര്‍ശമാണെന്ന് ഉത്തരവിലില്ല. മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനാവില്ല. 2023 മുതല്‍ മുഖ്യമന്ത്രിക്കെതിരെയാണ് ഐഎഎസ് അസോസിയേഷന്‍ ട്രിബ്യൂണലില്‍ കേസ് നടത്തുന്നത്. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹാജരായ അഞ്ച് കേസും പരാജയപ്പെടുമ്പോള്‍ തന്നോട് വിരോധമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ഭരണത്തിലെത്തും മുമ്പ് ഇവിടെ ആരും മിണ്ടാന്‍ പാടില്ല എന്ന ഉത്തരവാണ് നിലവിലെ സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ നല്ല നിലയിലുള്ള ടീം വര്‍ക്ക് ഉദ്യോഗസ്ഥരുമായി സര്‍ക്കാരിനുണ്ടായിരുന്നു. പ്രളയ, കൊവിഡ് സമയത്തടക്കം സിവില്‍ സര്‍വ്വീസുകാര്‍ അക്ഷീണം യത്നിച്ചു. അത് തുടര്‍ഭരണത്തിന്റെ പ്രധാന ഘടകമായിരുന്നു. മുതിര്‍ന്ന മന്ത്രിമാരടക്കം ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തു. രണ്ടാം സര്‍ക്കാരില്‍ 2023ഓടെ ഈ താളം തെറ്റി. ഇതിന്റെ പ്രധാന കാരണം ഏതാണ്ട് 12ഓളം വിരമിച്ച മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ പലയിടങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥനെ കേഡര്‍ തസ്തികയില്‍ എക്സൈസ് കമ്മീഷണറായി നിയമിക്കണമെന്ന ട്രിബ്യൂണല്‍ വിധി സര്‍ക്കാര്‍ ധിക്കാരപരമായി തള്ളിക്കളഞ്ഞു. അവിടെ ഉണ്ടായിരുന്ന എം ആര്‍ അജിത് കുമാറിനെ മാറ്റി മറ്റൊരു എസ്.പിയെയാണ് നിലവില്‍ അവിടെ നിയമിച്ചിരിക്കുന്നത്. അതിന് കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അടുത്ത മാസം ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരും. കെഎം എബ്രഹാം മന്ത്രി സഭയിലെ രണ്ടാമനെപോലെയാണ് പ്രവര്‍ത്തിച്ചത്. പല തവണ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും വരെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News