എല്ഡിഎഫ് വിജയിക്കും; എക്സിറ്റ്പോള് ഫലങ്ങള് തള്ളി ടിപി രാമകൃഷ്ണന്
Kozhikkode, 30 ഏപ്രില്‍ (H.S.) യുഡിഎഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എക്‌സിറ്റ് പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും അന്ന് ഷൈലജ ടീച്ചര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നും
TP RAMAKRISHNAN


Kozhikkode, 30 ഏപ്രില്‍ (H.S.)

യുഡിഎഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എക്‌സിറ്റ് പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്നും അന്ന് ഷൈലജ ടീച്ചര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അന്നത്തെ എക്‌സിറ്റ് പോള്‍ നിരീഷണം തെറ്റായിരുന്നു. ഇത്തവണത്തേത് സ്വീകരിക്കാനാവില്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്. ഇത് യാഥാര്‍ഥ്യത്തില്‍നിന്ന് വ്യത്യസ്തമാണെന്നും ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല. എല്ലാം മാധ്യമ സൃഷ്ടിമാത്രമാണ്. എക്‌സിറ്റ് പോളില്‍ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണ്. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. എത്ര സീറ്റ് എല്‍.ഡി.എഫിനെന്ന് പ്രവചിക്കാന്‍ താനില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു വിശകലനമുണ്ട്. അത് പുറത്ത് പറയാനാവില്ല. ഭരണമാറ്റം വേണമെന്ന് പറയുന്നവര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ വേണം എന്നത് വിശദമാക്കണം. എക്സിറ്റ് പോള്‍ കണക്കുകൂട്ടലില്‍ തെറ്റ് വരുമെന്നും അദ്ദേഹം പറഞ്ഞു. ജയിക്കും മുന്‍പ് മുഖ്യമന്ത്രി ചര്‍ച്ച ജനാധിപത്യത്തെ അപമാനിക്കുന്നതാണ്. കോഴിക്കോട് എല്‍.ഡി.എഫ്. മുന്നേറ്റമുണ്ടാക്കും. താനും ജയിക്കും. ന്യൂനപക്ഷ ഏകീകരണമുണ്ടായില്ല. ഇത്തരം ഒരു വിശകലനം തെറ്റാണെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചിരുന്നു. പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ കൊണ്ടുവരാനുള്ള ജനങ്ങളുടെ പരസ്യ പ്രഖ്യാപനമാണ് കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സീറ്റുകളുടെ എണ്ണത്തില്‍ ചില പത്രങ്ങള്‍ നല്‍കുന്ന കണക്കുകളില്‍ ആത്മനിഷ്ഠമായ ഘടകങ്ങള്‍ ഉണ്ടാകാമെങ്കിലും, സര്‍വേകളുടെ അന്തര്‍ലീനമായ സന്ദേശം എല്‍ഡിഎഫിന് അനുകൂലമാണെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.

സര്‍വേകളില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗവണ്‍മെന്റിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട് എന്നതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ പൊതുവേ അംഗീകരിക്കപ്പെടുകയും ജനപ്രിയതയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ പിണറായി വിജയനെ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സീറ്റ് നിലയെ സംബന്ധിച്ചും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. 69 അല്ലെങ്കില്‍ 70 സീറ്റുകള്‍ വരെ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് നേരിട്ട് പറയാന്‍ മടിക്കുന്നവര്‍ രഹസ്യമായി നല്‍കുന്ന സൂചനയാണ്. വെറും അഞ്ചോ എട്ടോ സീറ്റുകളുടെ വ്യത്യാസം വന്നാല്‍ പോലും കേരളത്തില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും നിലവിലെ പല അവകാശവാദങ്ങളും വോട്ടെണ്ണല്‍ കഴിയുന്നതോടെ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News