Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: യുഡിഎഫ് വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ഫലങ്ങള്‍ തള്ളി സിപിഎം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ കൊണ്ടുവരാനുള്ള ജനങ്ങളുടെ പരസ്യ പ്രഖ്യാപനമാണ് കാണാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സീറ്റുകളുടെ എണ്ണത്തില്‍ ചില പത്രങ്ങള്‍ നല്‍കുന്ന കണക്കുകളില്‍ ആത്മനിഷ്ഠമായ ഘടകങ്ങള്‍ ഉണ്ടാകാമെങ്കിലും, സര്‍വേകളുടെ അന്തര്‍ലീനമായ സന്ദേശം എല്‍ഡിഎഫിന് അനുകൂലമാണെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.
സര്‍വേകളില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗവണ്‍മെന്റിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട് എന്നതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ പൊതുവേ അംഗീകരിക്കപ്പെടുകയും ജനപ്രിയതയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ പിണറായി വിജയനെ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സീറ്റ് നിലയെ സംബന്ധിച്ചും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. 69 അല്ലെങ്കില്‍ 70 സീറ്റുകള്‍ വരെ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് നേരിട്ട് പറയാന്‍ മടിക്കുന്നവര്‍ രഹസ്യമായി നല്‍കുന്ന സൂചനയാണ്. വെറും അഞ്ചോ എട്ടോ സീറ്റുകളുടെ വ്യത്യാസം വന്നാല്‍ പോലും കേരളത്തില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും നിലവിലെ പല അവകാശവാദങ്ങളും വോട്ടെണ്ണല്‍ കഴിയുന്നതോടെ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടുകളേക്കാള്‍ ഉപരിയായി തങ്ങള്‍ക്ക് വിശ്വാസം ജനങ്ങളിലാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വിധി എഴുതിക്കഴിഞ്ഞു എന്നും മെയ് നാലാം തീയതി വോട്ടെണ്ണുമ്പോള്‍ ഈ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S