”യുഡിഎഫ് വന്നാൽ മതാധിപത്യം; സതീശൻ ലീഗിന്റെ വക്താവ്”: കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി
Alappuzha, 30 ഏപ്രില്‍ (H.S.) ആലപ്പുഴ :സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിതെളിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീ
Vellapaly Natesan


Alappuzha, 30 ഏപ്രില്‍ (H.S.)

ആലപ്പുഴ :സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിതെളിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗിന്റെ വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോലും ലീഗ് അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫ് ഭരണത്തിലെത്തിയാൽ ഭരണം നിയന്ത്രിക്കുക ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. എന്നാൽ സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ലീഗ് നേതാക്കൾ പറയുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരായി മാറി,” വെള്ളാപ്പള്ളി പരിഹസിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഹോമവും തുലാഭാരവും നടത്തി പരവശരായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലീഗും യുഡിഎഫും ഭരണത്തില്‍ വന്നാല്‍ മാറാട് ആവര്‍ത്തിക്കുമെന്നും എന്തൊക്കെ സംഭവിക്കുമെന്നും കാണാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വകുപ്പ് കൊടുക്കുന്നത് പോലും പാണക്കാട് തങ്ങള്‍ അല്ലെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് വന്നാല്‍ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു. എല്‍ഡിഎഫ് അണികള്‍ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ല. പത്ത് വര്‍ഷത്തെ ഭരണത്തിന്റെ ആലസ്യമാണ് ഉണ്ടായത്', വെള്ളാപ്പള്ളി പറഞ്ഞു.

എക്സിറ്റ് പോള്‍ ഫലം കണ്ടെന്നും സര്‍വേ എപ്പോഴും ശരിയാവണമെന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാര്‍ വരുമെന്ന് കരുതുന്നുവെന്നും മെയ് നാലിന് ശേഷം കൂടുതല്‍ പറയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാല് വരെ കാത്തിരിക്കാമെന്നും ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News