Enter your Email Address to subscribe to our newsletters

New delhi, 30 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ചവര്ക്ക് ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ സുപ്രധാന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. അതിജീവിതമാര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്ക്കാരിനോട് നിര്ദ്ദേശിച്ച് സുപ്രീം കോടതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗര്‍ഭം നീക്കം ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, മാറുന്ന കാലത്തിനനുസരിച്ച് ഉള്ളതാകണം നിയമങ്ങളെന്നും കോടതി വ്യക്തമാക്കി. അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ പരിഗണിക്കുമ്പോള്‍, ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
എങ്കിലും, ഈ ഘട്ടത്തില്‍ ഭ്രൂണത്തെ പുറത്തെടുത്താല്‍ അമ്മയ്ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് എയിംസ് ഈ തീരുമാനത്തെ എതിര്‍ത്തു. അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താല്‍പ്പര്യത്തിന് അനുസരിച്ചാകണമെന്നും ശരിയായ തീരുമാനമെടുക്കാന്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ അവരെ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വ്യാഴാഴ്ച കേസ് പരിഗണിക്കവെ, അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭധാരണം തുടരാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നത് അവള്‍ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.
'ഇതൊരു 15 വയസ്സുള്ള കുട്ടിയുടെ അനാവശ്യ ഗര്‍ഭധാരണമാണ്. അനാവശ്യമായ ഗര്‍ഭധാരണം ഒരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അവള്‍ ഒരു കുട്ടിയാണെന്ന് സങ്കല്‍പ്പിക്കുക. അവള്‍ ഇപ്പോള്‍ പഠിക്കേണ്ടവളാണ്. എന്നാല്‍, നമ്മള്‍ അവളെ ഒരു അമ്മയാകാന്‍ പ്രേരിപ്പിക്കുന്നു. ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.' ബെഞ്ച് പറഞ്ഞു.
അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാവില്ലെങ്കില്‍ ഗര്‍ഭഛിദ്രം പരിഗണിക്കാമെന്നും ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതിജീവിതയ്ക്കും മാതാപിതാക്കള്‍ക്കും ആയിരിക്കണമെന്നും കോടതി ആവര്‍ത്തിച്ചു. കുടുംബത്തെ കൗണ്‍സിലിങ്ങിന് വിധേയമാക്കാനും ശരിയായ തീരുമാനമെടുക്കാന്‍ അവരെ സഹായിക്കാനും കോടതി എയിംസിന് നിര്‍ദ്ദേശം നല്‍കി.
ബലാത്സംഗ അതിജീവിതരുടെ കാര്യത്തില്‍ നിലവിലുള്ള 20 ആഴ്ച എന്ന സമയപരിധിക്ക് ശേഷവും ഗര്‍ഭഛിദ്രം അനുവദിക്കുന്നതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ കുറച്ചുകൂടി പരിഗണനാപരമായ നിയമസംവിധാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കോടതി, ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍ശനമായ സമയപരിധി പിന്തുടരരുതെന്നും ചൂണ്ടിക്കാട്ടി.
'ബലാത്സംഗം മൂലമുണ്ടാകുന്ന ഗര്‍ഭധാരണമാണെങ്കില്‍, അവിടെ ഗര്‍ഭഛിദ്രത്തിന് സമയപരിധി ഉണ്ടാകാന്‍ പാടില്ല. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകണം.' കോടതി നിരീക്ഷിച്ചു. അതേസമയം, ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രം വൈദ്യശാസ്ത്രപരമായി പ്രായോഗികമായേക്കില്ലെന്ന് എയിംസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു.
ഗര്‍ഭം 30 ആഴ്ചയിലെത്തിയെന്നും ഈ ഘട്ടത്തില്‍ ഭ്രൂണം പുറത്തെടുക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത മാതാവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പോംവഴിയായി ഭീവിയില്‍ ദത്തെടുക്കലിലേക്ക് നീങ്ങാമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ഏപ്രില്‍ 24-ന് നല്‍കിയ ഉത്തരവിനെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
---------------
Hindusthan Samachar / Sreejith S