Enter your Email Address to subscribe to our newsletters

Kassargode, 30 ഏപ്രില്‍ (H.S.)
കാസര്‍കോട് നാലര വയസുകാരി പാമ്പകടിയേറ്റ് മരിച്ചു. കാസര്‍കോട് വെസ്റ്റ് എളേരി എളേരിത്തട്ട് കുറുവാട്ട് സ്വദേശികളായ ശരത്-അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. വീട്ടുപറമ്പില്‍ കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ പാമ്പ് കടിച്ചത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കളിപ്പാട്ടം അബദ്ധത്തില്‍ കൂട്ടിയിരുന്ന മരത്തടികള്‍ക്കിടയിലേക്ക് വീണു. ഈ കളിപ്പാട്ടം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തി.
ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില അങ്ങേയറ്റം ഗുരുതരമായിരുന്നു. വിഷം തീവ്രമായി ബാധിച്ചതിനാല്‍ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിവരികയായിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും ഇന്ന് രാവിലെ കുട്ടി മരണത്തിന് കീഴടങ്ങി. പെട്ടെന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് എളേരിത്തട്ടിലെ നാട്ടുകാര്‍.
കടുത്ത വേനല്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ഇതിനിടെ ഒറ്റ ദിവസം കൊണ്ട് എട്ട് പേര്‍ക്ക് സംസ്ഥാനത്ത് പാമ്പ് കടിയേറ്റിരുന്നു. ചൂട് കനത്തതോടെ പലയിടത്തും ജനവാസ കേന്ദ്രങ്ങളിലേക്കും വീടുകള്‍ക്കുള്ളിലേക്കും പാമ്പുകള്‍ എത്തുന്നത് ജനങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S