വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
New delhi, 30 ഏപ്രില്‍ (H.S.) വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ത്യയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. മേയ് അഞ്ച് മുതല്‍ ഏഴ് വരെയാണ് അദ്ദേഹത്തിന്റെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം. വിയറ്റ്നാം പ്രസിഡന്റായി ഔ
vietnam president


New delhi, 30 ഏപ്രില്‍ (H.S.)

വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ത്യയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. മേയ് അഞ്ച് മുതല്‍ ഏഴ് വരെയാണ് അദ്ദേഹത്തിന്റെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം. വിയറ്റ്നാം പ്രസിഡന്റായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ലാമിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. മേയ് ആറിന് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനത്തെ നയതന്ത്ര വിദഗ്ധര്‍ നോക്കിക്കാണുന്നത്.

വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തോടൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു പ്രതിനിധി സംഘവും ഇന്ത്യയിലെത്തുന്നുണ്ട്. വ്യവസായ വാണിജ്യ മേഖലകളിലെ പ്രമുഖരും സംഘത്തിലുണ്ടാകും. രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തോ ലാം കൂടിക്കാഴ്ച നടത്തും.

വ്യവസായം, പ്രതിരോധം, സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശികവും ആഗോളവുമായ പ്രധാന വിഷയങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിലെ മറ്റ് ഉന്നത പ്രതിനിധികളും വിയറ്റ്‌നാം പ്രസിഡന്റുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് പുറമെ, ബുദ്ധമത വിശ്വാസികളുടെ പുണ്യകേന്ദ്രമായ ബിഹാറിലെ ഗയ, പശ്ചിമ ഇന്ത്യയിലെ പ്രധാന നഗരമായ മഹാരാഷ്ട്രയിലെ മുംബൈ എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയും വിയറ്റ്നാമും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സാംസ്‌കാരിക, വാണിജ്യ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഈ സന്ദര്‍ശനം മികച്ചൊരു അവസരമാകുമെന്നാണ് വിലയിരുത്തല്‍. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം സന്ദര്‍ശിച്ചപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ പത്താം വാര്‍ഷികം അടയാളപ്പെടുത്തുന്ന വേളയിലാണ് ഇപ്പോള്‍ വിയറ്റ്‌നാം പ്രസിഡന്റിന്റെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

പുതിയ കാലത്തിനനുസരിച്ച് ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനും പുതിയ വാണിജ്യ സഹകരണ മേഖലകള്‍ കണ്ടെത്താനും തോ ലാമിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏഷ്യന്‍ മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതില്‍ ഇന്ത്യയും വിയറ്റ്‌നാമും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന സന്ദേശം കൂടിയാണ് ഇത്തരം ഉന്നതതല സന്ദര്‍ശനങ്ങള്‍ ലോകത്തിന് നല്‍കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News