Enter your Email Address to subscribe to our newsletters

Kottayam , 04 ഏപ്രില് (H.S.)
പൂഞ്ഞാർ എന്നുകേട്ടാല് പെട്ടന്ന് റബർ ഓർമ്മ വരും. പക്ഷേ, റബർ പോലെ വലിയുന്നതല്ല, അല്പം കടുകട്ടിയാണ് പൂഞ്ഞാറിന്റെ രാഷ്ട്രീയ മനസ്സ്.
മുന്നണി രാഷ്ട്രീയത്തിന് ഉപരിയായി വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നല്കി വന്നിരുന്ന പൂഞ്ഞാർ സമീപകാലത്താണ് ഈ കീഴ്വഴക്കം തെറ്റിച്ച് തുടങ്ങിയത്. പലപ്പോഴും വാശിയേറിയ പോരാട്ടങ്ങള്ക്കും അപ്രതീക്ഷിത ജനവിധികള്ക്കും സാക്ഷിയാകാറുണ്ട് കോണ്ഗ്രസിനും കേരള കോണ്ഗ്രസിനും നല്ല വേരോട്ടമുള്ള ഈ മണ്ണ്.
പി.സി. ജോർജ് എന്ന അതികായനെ കേന്ദ്രീകരിച്ചാണ് രണ്ടര പതിറ്റാണ്ടോളം പൂഞ്ഞാറിലെ രാഷ്ട്രീയം കറങ്ങിയത്. 1980 മുതല് ഇവിടുത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് പി.സി. ജോർജ് നിറഞ്ഞുനില്ക്കുന്നുണ്ട്. ഏത് മുന്നണിയില് മാറിമാറി നിന്നാലും ജയിച്ചിരുന്ന ജോർജ് പത്താമങ്കത്തില് എൻഡിഎയിലെത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒമ്പത് തവണ മത്സരിച്ചതില് ഏഴ് തവണയും പൂഞ്ഞാർ ജോർജിനെ ജയിപ്പിച്ചു. 1980 മുതലിങ്ങോട്ട് 91 ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും ജോർജിന്റെ സാന്നിധ്യമുണ്ടായിരുന്നു.
1996 മുതല് തുടർച്ചയായി 25 വർഷം നിയമസഭയില് പൂഞ്ഞാർ എന്നാല് പി.സി. ജോർജ് ആയിരുന്നു. 2001ലും 2006ലും എല്ഡിഎഫിനൊപ്പം വിജയിച്ച പി.സി., 2011ല് കെ.എം. മാണിയോടൊപ്പം ചേർന്ന് യുഡിഎഫ് സ്ഥാനാർഥിയായും ജയിച്ചു. 2016ല് ഒറ്റയ്ക്ക് മത്സരിച്ച് 27,821 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തില് ജയിച്ചും ജോർജ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു.
പി.സിയുടെ കാല്നൂറ്റാണ്ടത്തെ ആധിപത്യം അവസാനിച്ചത് 2021ലാണ്. എല്ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കല് 16,581 വോട്ടുകളുടെ ഭൂരിപക്ഷത്തില് ജയിച്ചാണ് ജോർജിന് വൻ തിരിച്ചടി നല്കിയത്. ഇത്തവണയും സെബാസ്റ്റ്യൻ കുളത്തുങ്കല് തന്നെയാണ് മണ്ഡലം നിലനിർത്താൻ രംഗത്തുള്ളത്. യുഡിഎഫിനുവേണ്ടി എം.ജെ. സെബാസ്റ്റ്യൻ എന്ന സജി ജോസഫാണ് അങ്കത്തട്ടിലുള്ളത്. തന്റെ വിശ്വസ്തരുടെ വോട്ടും ബിജെപി-ബിഡിജെഎസ് വോട്ടുകളും ചേർന്നാല് 20,000 വോട്ടിന്റെ ഭൂരിപക്ഷം ഉറപ്പെന്നാണ് പി.സിയുടെ കണക്കുകൂട്ടല്.
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോല്ക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ
മിക്ക പഞ്ചായത്തുകളിലെയും ബിജെപി പ്രാതിനിധ്യവും പൂഞ്ഞാർ തെക്കേക്കരയിലെ എൻഡിഎ ഭരണവുമാണ് ജോർജിന് ആത്മവിശ്വാസം നല്കുന്നത്. എന്നാല്, കഴിഞ്ഞ തവണ 2,965 വോട്ട് മാത്രം നേടിയ എൻഡിഎയുടെ നല്ലൊരു പങ്ക് വോട്ടും അന്നേ ജോർജിനു കിട്ടിയിരുന്നു എന്ന വിലയിരുത്തലുമുണ്ട്. കുടിയേറ്റ കർഷകരുടെ വിശ്വസ്തനായ സംരക്ഷകൻ എന്ന ഇമേജിലാണ് ജോർജ് രാഷ്ട്രീയ അടിത്തറ കെട്ടിപ്പൊക്കിയത്. എന്നാല് പിന്നീട് സ്വീകരിച്ച തീവ്രമായ നിലപാടുകളും പ്രകോപനപരമായ പ്രസംഗങ്ങളും ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടത്തിയ വിവാദ പ്രസ്താവനകളും മൂലം ഈ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ട്. വികസന രാഷ്ട്രീയത്തേക്കാള് വർഗീയ ധ്രുവീകരണത്തിന് പി.സി. മുൻഗണന നല്കുന്നു എന്ന് ജനങ്ങള് തിരിച്ചറിഞ്ഞതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫ് താഴാൻ കാരണമായത്. ബിഷപ്പുമാർക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശവും കനത്ത തിരിച്ചടിയായിട്ടുണ്ട്.
സിറിയൻ ക്രിസ്ത്യൻ, ഈഴവ, മുസ്ലിം വിഭാഗങ്ങളാണ് പൂഞ്ഞാർ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തികള്. ഈരാറ്റുപേട്ടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുസ്ലീം വിഭാഗങ്ങള്ക്ക് വലിയ സ്വാധീനമുണ്ട്. മുസ്ലിം വോട്ടർമാർ ഇത്തവണ എങ്ങോട്ടു ചായും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ഫലം. പി.സി. ജോർജിനെതിരായ ന്യൂനപക്ഷ വികാരം എല്ഡിഎഫിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ വിജയം അനായാസമാക്കിയത്. ഇത്തവണ ആ വോട്ട് എങ്ങോട്ട് ചായുമോ അവർ ജയിക്കാൻ സാധ്യതയേറെയാണ്.
സിറ്റിങ് എംഎല്എ എന്ന നിലയില് നടത്തിയ വികസനങ്ങള് വീണ്ടും തുണയ്ക്കുമെന്നാണ് കുളത്തിങ്കലിന്റെ കണക്കുകൂട്ടല്. ആർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്ന നേതാവാണെന്നും വികസന പദ്ധതികള്ക്ക് ഓടിനടന്ന് അധ്വാനിക്കുന്ന ജനപ്രതിനിധിയാണെന്നുമുള്ള ഇമേജ് ഉണ്ടാക്കിയെടുക്കാനായത് കുളത്തിങ്കലിന് നേരിയ മുൻതൂക്കം നല്കുന്നുമുണ്ട്. സ്ഥാനാർഥിത്വം താമസിച്ചതിന്റെ ആലസ്യവും മണ്ഡലത്തില് പരിചിതനല്ലെന്ന വിമർശനവും മറികടക്കുകയെന്ന ആദ്യ കടമ്പ കടന്നിട്ടുണ്ട് യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം.ജെ. സെബാസ്റ്റ്യൻ. പാലാ സെൻറ് തോമസ് കോളജ് യൂനിയൻ ചെയർമാനായി സജീവ രാഷ്ട്രീയം തുടങ്ങിയ അദ്ദേഹം 10 വർഷം തലപ്പലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 24 വർഷമായി തലപ്പലം സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. പക്ഷേ, തലപ്പലം പൂഞ്ഞാർ മണ്ഡലത്തിനു പുറത്താണ്.
സീറ്റ് മോഹികളായ നിരവധി പേരെ മറികടന്ന് നേടിയ സ്ഥാനാർഥിത്വം പേമെന്റ് സീറ്റാണെന്ന ആരോപണം തുടക്കത്തില് ഉയർന്നിരുന്നു. പ്രചാരണ പ്രവർത്തനങ്ങളെ ആദ്യം ഇത് ബാധിച്ചെങ്കിലും പിന്നീടത് മറികടന്നു. ഭരണവിരുദ്ധ വികാരം തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില് നേടിയ മികച്ച ലീഡ് ഈ പ്രതീക്ഷക്ക് ബലമേകുന്നു. 2021ല് ഇടതിന് 16,581 വോട്ടിന്റെ ഭൂരിപക്ഷം നല്കിയ മണ്ഡലം 2024 ലോക്സഭ തെരഞ്ഞെടുപ്പില് യുഡിഎഫിനെ 12,610 വോട്ടിന് മുന്നിലെത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ശബരിമല തീർഥാടനത്തില് ഏറെ പ്രധാനമായ എരുമേലി ഉള്പ്പെടുന്ന മണ്ഡലത്തില് ശബരിമല സ്വർണക്കൊള്ളയും വന്യജീവി ആക്രമണം അടക്കം കർഷക പ്രശ്നങ്ങളും സജീവ ചർച്ചയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR