Enter your Email Address to subscribe to our newsletters

Kozhikode, 06 ഏപ്രില് (H.S.)
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം എ റസാക്കിന് പിന്തുണയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓപ്പറേഷനിടയിൽ വയറ്റിൽ കത്രിക കുടുങ്ങിയ കെ കെ ഹർഷിന.കോഴിക്കോട് പെരുമണ്ണയിൽ നടന്ന യുഡിഎഫിന്റെ വനിത വിഭാഗമായ യുഡിഡബ്ല്യു എഫ് നടത്തിയ
വനിത വിജയാരവ ചടങ്ങിലാണ് ഹർഷിന യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ അർപ്പിച്ച് എത്തിയത്.
തൻ്റെ ചികിത്സക്ക് എന്തെങ്കിലും സഹായം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പും സർക്കാറും പരിഗണിക്കാത്തതാണ് യുഡിഎഫിന് പിന്തുണ നൽകാൻ കാരണമെന്ന് കെ കെ ഹർഷിന പറഞ്ഞു. പെരുമണ്ണയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ കെ ഹർഷിന.
ഇത്രയേറെ ദുരിതമനുഭവിച്ചിട്ടും തന്നെ ചേർത്തുനിർത്തേണ്ടതിന് പകരം നൂറ്റിപത്ത് ദിവസം തെരുവിൽ ഇരുത്തി. ഒരു കരുണയും കാണിക്കാത്ത ആരോഗ്യവകുപ്പും ആരോഗ്യവകുപ്പു മന്ത്രിയുമാണ് ഇവിടെയുള്ളത്.ഇങ്ങനെയുള്ള ജനപ്രതിനിധികളെ അല്ല നമ്മൾക്ക് വേണ്ടത്. അവർക്കെതിരെ ശക്തമായ പ്രചാരണവുമായി താൻ മുന്നോട്ടു പോകുമെന്നും ഹർഷിന പറഞ്ഞു. വീണ ജോർജിനെതിരെ മത്സരിക്കുന്ന അബിൻ വർക്കിക്ക് പിന്തുണയുമായി പോകുമെന്നും ഹർഷിന വ്യക്തമാക്കി.
ചടങ്ങില് കെ കെ ഹർഷിനയെ യുഡിഎഫ് സ്ഥാനാർത്ഥി എം എ റസാക്ക് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.മുദ്രാവാക്യം വിളികളോടെയും കൈയ്യടിയോടെയും ആണ് യുഡിഎഫ് പ്രവർത്തകർ കെ കെ ഹർഷിനയെപ്രചാരണ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ഏറെ ജനശ്രദ്ധ ആകർഷിച്ച കെ കെ ഹർഷിനയുടെ പിന്തുണയും കൂടി യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചതോടെ ഏറെ ആത്മവിശ്വാസമാണ് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ വൈകിട്ട് കൊട്ടിക്കലാശത്തോടെ അവസാനിക്കാനിരിക്കെ, വോട്ടർമാരെ നേരിൽക്കണ്ട് സ്വാധീനിക്കാൻ ദേശീയ നേതാക്കളുടെ വൻ നിര കേരളത്തിൽ ക്യാമ്പ് ചെയ്യുന്നു. 2.71 കോടി വോട്ടർമാർ ഒൻപതിന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നതിന് മുന്നോടിയായി അവസാനവട്ട വോട്ടുകൾ ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് എല്ലാ മുന്നണികളും. പരിമിതമായ ദിവസങ്ങൾ മാത്രമാണ് പ്രചാരണത്തിന് ലഭിച്ചതെങ്കിലും പരമാവധി ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് കാടിളക്കിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയും കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ ബിജെപി നേതാവ് അമിത് ഷായും സംസ്ഥാനത്ത് വിവിധയിടങ്ങളില് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില് പങ്കെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR