Enter your Email Address to subscribe to our newsletters

Thrissur , 06 ഏപ്രില് (H.S.)
വാടാനപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യക്കിറ്റുകൾ തയാറാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പരാതിയിലാണ് നടപടി. കിറ്റുകൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഉടമ പ്രവീൺ, ഓർഡർ നൽകിയ ബിജെപി പ്രവർത്തകൻ സതീഷ് എന്നിവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
ഗുരുതര വകുപ്പുകൾമജിസ്ട്രേറ്റിൻ്റെ അനുമതി ലഭിക്കുന്നതോടെ ജനപ്രാതിനിധ്യ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിൻ്റെ നീക്കം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പണമോ ഉപഹാരങ്ങളോ നൽകുന്നത് തടയാൻ കമ്മിഷൻ്റെ കർശന നിർദേശമുണ്ട്. ഇതിൻ്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾ ശക്തമാക്കി. 1500ലധികം കിറ്റുകളാണ് വാടാനപ്പള്ളി സെൻ്ററിന് സമീപത്തെ ചാമ്പ്യൻസ് എൻ്റർപ്രൈസസ് എന്ന സൂപ്പർമാർക്കറ്റ് ഗോഡൗണിൽ പാക്ക് ചെയ്ത് വച്ചിരുന്നത്.
പ്രതിഷേധവുമായി മുന്നണികൾ
വിവരമറിഞ്ഞ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി വലിയ പ്രതിഷേധം സംഘടിപ്പിച്ചു. സാന്ത്വനം എന്ന സാംസ്കാരിക സംഘടന വഴി വിതരണം ചെയ്യാനാണ് കിറ്റുകൾ എന്നായിരുന്നു ഉടമയുടെ വിശദീകരണം. എന്നാൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ബിജെപി കിറ്റുകൾ വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാണ് ഇടത്, വലത് മുന്നണികളുടെ ആരോപണം.
നേതാക്കൾക്കെതിരെ പ്രതിഷേധംബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ദേവൻ, ജില്ലാ നേതാവ് ഭഗീഷ് പൂരാടൻ എന്നിവർ ഗോഡൗണിനോട് ചേർന്നുള്ള ഉടമയുടെ വീട്ടിൽ എത്തിയ സമയത്താണ് പ്രതിഷേധം നടന്നത്. ഇവരെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞുവച്ചു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ സുരക്ഷിതമായി മാറ്റിയത്. ബിജെപി നേതാക്കളും യുഡിഎഫ് പ്രവർത്തകരും തമ്മിൽ വലിയ വാക്കുതർക്കവും ഉണ്ടായി. തുടർന്നാണ് സ്ഥാപന ഉടമ പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കിറ്റ് വിവാദത്തിൽ ദേവന് പങ്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തുടർനടപടികൾമണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ, എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥ് എന്നിവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ബിജെപി പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്തതായി ടിഎൻ പ്രതാപൻ ആരോപിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതാപനെ പിന്നീട് പൊലീസ് നീക്കം ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി രവീന്ദ്രനാഥ് വ്യക്തമാക്കി. എന്നാൽ ബിജെപിയുടെ വിജയസാധ്യത തിരിച്ചറിഞ്ഞ പ്രതാപൻ്റെ നാടകമാണ് ഇതെന്നാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ്റെ ആരോപണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള കിറ്റ് വിതരണത്തിനെതിരെ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യാപക പരിശോധനകൂടുതൽ ഇടങ്ങളിൽ സമാന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവും പണവും ഒഴുക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വാഹന പരിശോധനയും അതിർത്തികളിലെ നിരീക്ഷണവും ശക്തമാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR