Enter your Email Address to subscribe to our newsletters

Kannur, 06 ഏപ്രില്‍ (H.S.)
എടക്കര: അമേരിക്കക്ക് മുന്നില് മുട്ടിലിഴയുന്ന പ്രധാനമന്ത്രിയും പ്രധാനമന്ത്രിക്ക് മുന്നില് മുട്ടിലിഴയുന്ന മുഖ്യമന്ത്രിയുമാണ് രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.സി.സിപ്രിയങ്കഗാന്ധി എം.പി. എടക്കരയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.
കേന്ദ്രവും കേരളവും കുറേക്കാലമായി ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് പേരും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാതെ കുത്തകകളെ സംരക്ഷിക്കുകയാണ്. ബി.ജെ.പിയെയും മോഡിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ തന്റെ സഹോദരന്‍ രാഹുല്‍ഗാന്ധിക്കെതിരെ രാജ്യത്തെല്ലായിടത്തും കേസെടുക്കുകയാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു കേസുപോലുമില്ല. ഇത് ഇവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണ്. രണ്ട് വര്‍ഷത്തോളമായി ജനപ്രതിനിധി എന്ന നിലയില്‍ വയനാട്ടിലെ ആദിവാസികളുടെയും കര്‍ഷകരുടെയു പ്രശ്‌നങ്ങള്‍ നേരില്‍കണ്ട് മനസിലാക്കി നിരവധി കത്തുകള്‍ എഴുതുകയും നിരന്തരം ഇടപെടല്‍ നടത്തുകയും ചെയ്തു. എന്നാല്‍ കേന്ദ്രവും കേരളവും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കാണുന്നില്ല. കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന കത്തുകള്‍ക്ക് മറുപടി പോലും ലഭിക്കുന്നില്ല. 10 വര്‍ഷം കേരളത്തെ പിന്നോട്ട് നയിച്ച സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ഇതിനൊരു മാറ്റം വരണം. സാധാരണക്കാരുടെ മനസിലാകുന്ന അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. യു.ഡി.എഫ് അധികാരമേറ്റാലുടന്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. അഞ്ച് ഗ്യാരണ്ടികളും വിശദമാക്കി. നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെയും വണ്ടൂര്‍ മണ്ഡലത്തിലെ എ.പി അനില്‍കുമാറിന്റെയും കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇരുവര്‍ക്കും വോട്ട് അഭ്യര്‍ത്ഥിച്ചു. 48 മിനിറ്റ് നീണ്ട പ്രിയങ്കാഗാന്ധിയുടെ പ്രസംഗത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷവും റബര്‍ കര്‍ഷകരുടെയും ആദിവാസികളുടെയും മലയോര ജനതയുടെയും അടക്കം വിവിധ വിഷയങ്ങള്‍ പ്രതിപാദിച്ചു. അമേരിക്കയുമായുണ്ടാക്കിയ കരാറില്‍ രാജ്യതാല്‍പര്യം അമേരിക്കക്ക് മുന്നില്‍ അടിയറവ് വെച്ചതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു. പ്രിയങ്കഗാന്ധിയുടെ പ്രസംഗം രാജു നായര്‍ പരിഭാഷപ്പെടുത്തി.
യോഗത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സി.എച്ച് ഇഖ്ബാല്‍ ആധ്യക്ഷം വഹിച്ചു. പി.വി അബ്ദുല്‍വഹാബ് എം.പി, ആര്യാടന്‍ ഷൗക്കത്ത്, എ.പി അനില്‍കുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍ എന്‍.എ കരീം, വി.എ കരീം, പാനായി ജേക്കബ്, ബാബു തോപ്പില്‍, പാലോളി മെഹബൂബ്, ജില്ലാ പഞ്ചായത്തംഗം ജോസ്മി പി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി മാമ്പ്ര, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ്, ജസ്മല്‍ പുതിയറ, കൊമ്പന്‍ ഷംസുദ്ദീന്‍, നാസര്‍ കാങ്കട, കെ.രാധാകൃഷ്ണന്‍, മച്ചിങ്ങല്‍ കുഞ്ഞു തുടങ്ങിയവര്‍ പ്രസംഗിച്ചു.
---------------
Hindusthan Samachar / Sreejith S