കുടക് മടിക്കേരി വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി കുടുങ്ങിയ നാല് ദിനരാത്രങ്ങളിൽ പിടിച്ചുനിൽക്കാൻ കരുത്തായത് മനോധൈര്യം മാത്രമെന്ന് നാദാപുരം സ്വദേശിനി ശരണ്യ
Kozhikode , 06 ഏപ്രില് (H.S.) കുടക് മടിക്കേരി വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി കുടുങ്ങിയ നാല് ദിനരാത്രങ്ങളിൽ പിടിച്ചുനിൽക്കാൻ കരുത്തായത് മനോധൈര്യം മാത്രമെന്ന് നാദാപുരം സ്വദേശിനി ശരണ്യ. കാട്ടരുവി ഒഴുകുന്ന വഴി നോക്കി നടന്നാണ് കാട്ടിലൂടെ സഞ്ചരിച്ചത്
Missing case


Kozhikode , 06 ഏപ്രില് (H.S.)

കുടക് മടിക്കേരി വനത്തിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി കുടുങ്ങിയ നാല് ദിനരാത്രങ്ങളിൽ പിടിച്ചുനിൽക്കാൻ കരുത്തായത് മനോധൈര്യം മാത്രമെന്ന് നാദാപുരം സ്വദേശിനി ശരണ്യ. കാട്ടരുവി ഒഴുകുന്ന വഴി നോക്കി നടന്നാണ് കാട്ടിലൂടെ സഞ്ചരിച്ചത്. പകൽ യാത്ര ചെയ്തും രാത്രി പാറപ്പുറത്ത് ഉറങ്ങിയുമാണ് കൊടുംകാട്ടിൽ ഏകാകിയായുള്ള ദിനങ്ങൾ തള്ളിനീക്കിയതെന്നും ശരണ്യ പറഞ്ഞു.

അതിജീവനത്തിൻ്റെ വഴികൾ

നേരം ഇരുട്ടുമ്പോൾ പാറപ്പുറത്തേക്ക് കയറി ഉറങ്ങുകയും വെളുക്കുമ്പോൾ വീണ്ടും യാത്ര തുടങ്ങുകയുമായിരുന്നു പതിവ്. ഡ്രോണുകളുടെ കാമറയിൽ പെടാനായി തുറന്ന സ്ഥലത്തെത്തുമ്പോൾ മുകളിലേക്ക് നോക്കിയാണ് നടന്നിരുന്നത്. കൈയിലുണ്ടായിരുന്ന ട്രക്കിങ് ഗൈഡ് നോക്കിയാണ് ഏകദേശ വഴി കണ്ടുപിടിച്ചത്. സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് സുരക്ഷിത സ്ഥലം കണ്ടെത്തും. കാൽമുട്ടിന് താഴെയുള്ള ഭാഗങ്ങളിൽ അട്ടകടിച്ചതാണ് കാട്ടിൽ നേരിട്ട ഏറ്റവും വലിയ ദുരിതം. ഫോണും കാമറയും അടങ്ങുന്ന ബാഗ് യാത്രക്കിടയിൽ നഷ്ടപ്പെട്ടിരുന്നു. ഈ ബാഗ് പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ മുഖേന ബന്ധുക്കൾക്ക് ലഭിച്ചതായും ശരണ്യ പറഞ്ഞു.

കാട്ടിലെ അനുഭവങ്ങൾകാട്ടിൽ കുടുങ്ങിയതിൻ്റെ ആദ്യദിവസം എഴുന്നേറ്റപ്പോൾ കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. പിറ്റേദിവസം കുന്നുകയറി മുകളിലേക്ക് പോകാനായിരുന്നു തീരുമാനമെങ്കിലും മഴ പെയ്തതോടെ ആ പദ്ധതി ഉപേക്ഷിച്ചു. കൊടുംകാടിൻ്റെ നടുവിലായിരുന്നെങ്കിലും വന്യമൃഗങ്ങളെ നേരിട്ട് കണ്ടില്ല. എന്നാൽ ആന പോയതിൻ്റെ ചൂര് ഒരു തവണ അനുഭവപ്പെട്ടു. സന്ധ്യയാകുന്നതോടെ കാട്ടിൽ നിറയെ മിന്നാമിനുങ്ങുകൾ പറന്നെത്തുമായിരുന്നു. വെളുത്ത വാവ് കഴിഞ്ഞ ദിവസങ്ങളായതിനാൽ രാത്രിയിൽ നല്ല നിലാവുണ്ടായിരുന്നത് ആശ്വാസമായി. എല്ലാം പകൽ പോലെ വ്യക്തമായി കാണാമായിരുന്നു. ഭക്ഷണത്തിനായി കാട്ടിലെ പഴങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ അരുവിയിലെ വെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തിയത്. പ്രതിദിനം മൂന്ന് ലിറ്ററിലേറെ വെള്ളം കുടിച്ചിരുന്നു.

ഭയമില്ലാത്ത രാത്രികൾപാതിരാത്രി കഴിയുമ്പോൾ ഓരോ ശബ്ദം കേൾക്കുമ്പോഴും കൈയിലുണ്ടായിരുന്ന വടിയെടുത്ത് പ്രതിരോധിക്കാൻ തയാറായി നിൽക്കുമായിരുന്നു. എന്നാൽ മൃഗങ്ങളുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള ആക്രമണവും ഉണ്ടായില്ല. കാട് വളരെ ശാന്തമായിരുന്നു. ഇത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും വേനൽ കഴിഞ്ഞാൽ വീണ്ടും സമാനമായ യാത്രകൾക്ക് പോകുമെന്നും അവർ പറഞ്ഞു. കൈയിൽ വെറും അര ലിറ്റർ വെള്ളവുമായി കൊടുംകാട്ടിൽ നാല് ദിവസം അലഞ്ഞതിൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോഴും ശരണ്യ വലിയ ആത്മവിശ്വാസത്തിലായിരുന്നു.

വൈകാരികമായ വരവേൽപ്പ്മടിക്കേരിയിൽ വനയാത്രക്കിടെ ഈ മാസം രണ്ടിനാണ് നാദാപുരം ഇയ്യങ്കോട് സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ജിഎസ് ശരണ്യ (36) വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്. ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കർണാടക വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പുലർച്ചെ ഒരുമണിയോടെയാണ് യുവതി നാദാപുരത്തെ വീട്ടിലെത്തിയത്. പ്രിയപ്പെട്ടവളെ തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വൈകാരികമായ വരവേൽപ്പാണ് ശരണ്യക്ക് നൽകിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News