Enter your Email Address to subscribe to our newsletters

Alappuzha , 07 ഏപ്രില് (H.S.)
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്ത്. പാർട്ടി സംവിധാനത്തെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച സുധാകരൻ കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാതയ്ക്കെതിരെ നടത്തുന്നത് നെറികെട്ട പ്രചാരണമാണെന്ന് നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിഹത്യ നടത്തുന്ന സുധാകരൻ്റെ വിവാദ പരാമർശത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാർട്ടി ഗൗരവമായി ആലോചിക്കുമെന്നും അവർ വ്യക്തമാക്കി.
ജാതീയ ധ്രുവീകരണത്തിന് ശ്രമം
ജില്ലയിൽ ജാതീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ നീക്കമാണ് ജി സുധാകരൻ ഇപ്പോൾ നടത്തുന്നത്. സിഎസ് സുജാത നായർ വീടുകളിൽ കയറിയിറങ്ങുകയാണെന്നും നായർ വീടാണെന്ന് മനസിലാക്കിയാൽ തുളസിപ്പൂ ചൂടിയാണ് പോകുന്നതെന്നുമുള്ള അദ്ദേഹത്തിൻ്റെ ആക്ഷേപം തികച്ചും ലജ്ജിപ്പിക്കുന്നതാണ്.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ഈ തന്ത്രം വിലപ്പോവില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ ചാനൽ സർവേ ഫലങ്ങൾ യുഡിഎഫിന് എതിരായതോടെ അദ്ദേഹം കടുത്ത നിരാശയിലാണെന്നും തോൽക്കുമെന്ന ഭീതിയിൽ പത്ത് വോട്ട് കൂടുതൽ കിട്ടാൻ എന്ത് നെറികെട്ട പ്രചാരണവും നടത്താൻ മടിക്കാത്ത അവസ്ഥയിലാണെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
മുന്നണി മാറ്റവും ആരോപണങ്ങളുംഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും മത്സരിക്കാൻ അവസരം നൽകാത്തതിനെ തുടർന്നാണ് അദ്ദേഹം യുഡിഎഫിലേക്ക് ചേക്കേറിയത്. ഇതിനുശേഷം സത്യസന്ധതയില്ലാത്ത അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഭുവനേശ്വറിൻ്റെ കൊലപാതകത്തെക്കുറിച്ച് എസ്എഫ്ഐക്കെതിരെ സുധാകരൻ ഉന്നയിച്ച കാര്യങ്ങൾ തീർത്തും തെറ്റാണ്. കൊലപാതകം നടന്ന സമയത്ത് അദ്ദേഹം തന്നെയായിരുന്നു എസ്എഫ്ഐ നേതാവെന്നും അങ്ങനെയെങ്കിൽ ആ കുറ്റകൃത്യത്തിൽ അദ്ദേഹത്തിനല്ലേ കൂടുതൽ പങ്കുള്ളതെന്നും നേതാക്കൾ ചോദിച്ചു.
കേരളത്തിൻ്റെ ചരിത്രമായ പുന്നപ്ര വയലാർ രക്തസാക്ഷികളെപ്പോലും അദ്ദേഹം ആക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന ആറുപേരിൽ രണ്ടുപേർ കോടീശ്വരന്മാരാണെന്ന പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. അവർ കോടീശ്വരന്മാരാണെങ്കിൽ സുധാകരനും അക്കൂട്ടത്തിൽപ്പെടുന്ന ആളാണ്. കോൺഗ്രസ് അംഗമായ സജി ചെറിയാൻ മണൽ മാഫിയയുടെ ആളാണെന്നും സിപിഎം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത്തരം ആരോപണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പൂർണവിജയം ലക്ഷ്യംനിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ഒമ്പത് സീറ്റുകളിലും എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് നേതാക്കൾ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷമായി പ്രവർത്തിച്ച കോൺഗ്രസ് വലിയ ധൂർത്താണ് സംസ്ഥാനത്ത് നടത്തിയത്. പ്രളയസമയത്ത് പിരിച്ചെടുത്ത പണം ഉപയോഗിച്ച് ജനങ്ങൾക്ക് വീടുവച്ചുനൽകുമെന്ന് പറഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. 2016ലും 2021ലും ജില്ലയിൽ എട്ട് സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്.
എന്നാൽ ഇത്തവണ ഹരിപ്പാട് മണ്ഡലത്തിൽ ഉൾപ്പെടെ ചരിത്രവിജയം നേടാൻ കഴിയും. എൽഡിഎഫിൻ്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണം കേരളത്തെ വലിയൊരു പരിധിവരെ ദാരിദ്ര്യമുക്തമാക്കി മാറ്റിയെന്നും ഇത് തെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നും അവർ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ, കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പ്രസാദ്, സി ബി ചന്ദ്രബാബു, കെ എച്ച് ബാബുജാൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR