പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത്
Kozhikode , 07 ഏപ്രില് (H.S.) കാറും കോളും നിറഞ്ഞ അന്തരീക്ഷമായതിനാല് തെക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പ് കാറ്റ് പിടി തരാതെ വീശുകയാണ്. ഇടതിന്റെ ഭരണത്തുടർച്ചക്ക് 2021ല് വഴിയൊരുക്കിയ പല തെക്കൻ മണ്ഡലങ്ങള്ക്കും ഇളക്കം തട്ടുമെന്ന പ്രത്യക്ഷ സൂചനകളുമുണ്ട്. ക
Assembly election


Kozhikode , 07 ഏപ്രില് (H.S.)

കാറും കോളും നിറഞ്ഞ അന്തരീക്ഷമായതിനാല് തെക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പ് കാറ്റ് പിടി തരാതെ വീശുകയാണ്. ഇടതിന്റെ ഭരണത്തുടർച്ചക്ക് 2021ല് വഴിയൊരുക്കിയ പല തെക്കൻ മണ്ഡലങ്ങള്ക്കും ഇളക്കം തട്ടുമെന്ന പ്രത്യക്ഷ സൂചനകളുമുണ്ട്.

കഴിഞ്ഞ തവണ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 48 സീറ്റില് 40 ഉം ഇടതുമുന്നണിക്കൊപ്പമായിരുന്നു. അന്ന് എട്ടില് ഒതുങ്ങിയ യുഡിഎഫ് ഇക്കുറി 20 മുതല് 23 വരെ സീറ്റുകളില് മേല്കൈ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് അവസാന ലാപ്പിലെ ട്രെന്ഡുകള് നല്കുന്ന സൂചന.

തദ്ദേശ ജനവിധിയിലും ഭരണവിരുദ്ധ വികാരത്തിലുമാണ് യുഡിഎഫ് പ്രതീക്ഷ. ശബരിമല സ്വർണ്ണക്കൊള്ളയും ആലപ്പുഴ, വൈക്കം തുടങ്ങിയ ഇടതുകോട്ടകളില് എല്ഡിഎഫ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയുമൊക്കെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതേസമയം, സീറ്റ് കുറഞ്ഞേക്കുമെങ്കിലും തെക്കൻ കേരളത്തിലെ അടിത്തറ ഇളകില്ലെന്ന വിശ്വാസം എല്ഡിഎഫും കാത്തുസൂക്ഷിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം ഈ വിശ്വാസത്തിന് ബലവുമേകുന്നു. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില് നിലവിലുളള കോവളത്തിന് പുറമേ വർക്കല, അരുവിക്കര, കാട്ടാക്കട, വട്ടിയൂർകാവടക്കം പിടിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്. കാല്നൂറ്റാണ്ടിന് ശേഷം സിഎംപിയെ നിയമസഭയിലെത്തിക്കാൻ സി.പി. ജോണ് പോരാടുന്ന തിരുവനന്തപുരത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണ്. വാമനപുരത്തും ചിറയിൻകീഴും പോരാട്ടം കടുപ്പമാണ്. ബിജെപി സ്വപ്നം കാണുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണപ്പോര് പ്രവചനാതീതവുമാണ്.

കൊല്ലത്തെ ആകെയുള്ള 11 മണ്ഡലങ്ങളില് കഴിഞ്ഞവട്ടം കുണ്ടറയിലും കരുനാഗപ്പളളിയിലും മാത്രമായി ഒതുങ്ങിയതിന്റെ പരിക്ക് തീർക്കാനിറങ്ങുന്ന യുഡിഎഫിന് പത്തനാപുരം, കൊല്ലം, ചവറ എന്നിവയടക്കം അഞ്ച് മുതല് ആറ് വരെ സീറ്റുകളില് ഉറച്ച പ്രതീക്ഷയുണ്ട്. കൊട്ടാരക്കരയിലും കുന്നത്തൂരിലും ഇരവിപുരത്തും കടുത്ത മത്സരമാണ്. മൂന്ന് മന്ത്രിമാരടക്കം ഇടതുമുന്നണിയുടെ ആറ് സിറ്റിങ് എംഎല്എമാർ ജനവിധി തേടുന്ന കൊല്ലത്ത് മണ്ഡലങ്ങള് നിലനിർത്തേണ്ടത് സിപിഎമ്മിന്റെ അഭിമാനപ്രശ്നം കൂടിയാണ്.

ഒമ്പത് മണ്ഡലങ്ങളുള്ള ആലപ്പുഴയില് ഇടതുമുന്നണിക്ക് കാര്യമായ പരിക്കേല്ക്കില്ലെന്നാണ് അവസാന ലാപ്പിലെ വിലയിരുത്തല്. നിലവില് ഹരിപ്പാടൊഴികെ എട്ടിടത്തും ഇടതുമുന്നണിയാണ് കൈയ്യാളുന്നതെങ്കില് ഇത് അഞ്ചായി ചുരുക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ്. സിപിഎം വിട്ട ജി. സുധാകരൻ യുഡിഎഫ് പിന്തുണയില് ജനവിധി തേടുന്ന അമ്പലപ്പുഴയിലും അരൂരിലും കുട്ടനാട്ടിലും കായംകുളത്തുമെല്ലാം കടുത്ത മത്സരമാണ്. ഹരിപ്പാട് യുഡിഎഫ് ഏറെ കുറെ ഉറപ്പിച്ച മട്ടിലാണ്.

പത്തനംതിട്ടയില് അഞ്ചില് നാല് മണ്ഡലങ്ങളും നേടുമെന്നതാണ് യുഡിഎഫ് ആത്മവിശ്വാസം. തരംഗമെങ്കില് തിരുവല്ലയും വലത്തോട്ട് തിരിയുമെന്നാണ് പ്രതീക്ഷ. ആറൻമുളയില് മന്ത്രി വീണ ജോർജ്ജിന്റെ സ്ഥാനാർഥിത്വം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും അവകാശവാദങ്ങളുടെയും പ്രതിഫലനമാകും.

കോട്ടയത്ത് ഇരു മുന്നണികളും അഭിമാനപ്പോരാട്ടത്തിലാണ്. നിലവില് എല്ഡിഎഫ് അഞ്ചും യുഡിഎഫ് നാലും സീറ്റുകള് കൈയ്യാളുന്ന ഇവിടെ ഒപ്പത്തിനൊപ്പമാണ് മത്സരം. മണ്ഡലങ്ങള് അങ്ങോട്ടുമിങ്ങോട്ടും മാറിയാലും അന്തിമഫലത്തില് 'അഞ്ച്-നാല്', അല്ലെങ്കില് 'നാല്-അഞ്ച്' എന്നിങ്ങനെ നേരിയ വ്യത്യാസത്തിലാകും ഫിനിഷിങ്. വൈക്കത്തും ചങ്ങനാശ്ശേരിയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഇടതുമുന്നണി വലിയ പ്രതീക്ഷ പുലർത്തുന്നു. ഏറ്റുമാനൂരില് കടുത്ത മത്സരമാണ്. കോട്ടയം, കടുത്തുരുത്തി, പുതുപ്പള്ളി, പാലാ എന്നിവിടങ്ങളിലാണ് യുഡിഎഫ് പ്രതീക്ഷകള്. പാലായിലെ ജനവിധി ജോസ് കെ.മാണിയുടെയും കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന്റെയും അതിജീവനത്തിന്റെ ജാതകമെഴുത്ത് കൂടിയാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News