ശബരിമല യുവതീ പ്രവേശനത്തില് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില് വാദം തുടങ്ങി
Newdelhi , 07 ഏപ്രില് (H.S.) ശബരിമല യുവതീ പ്രവേശനത്തില് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില് വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില് മറ്റ് മുതിര്ന്ന എട്ട് ന്യായാധിപന്മാരുമുണ്ട്. ഏഴാഴ്ച നീളുന്ന നിയമപ്പോരാട്ടത്തിനാണ് ദേശീയ
SABARIMALA WOMEN ENTRY


Newdelhi , 07 ഏപ്രില് (H.S.)

ശബരിമല യുവതീ പ്രവേശനത്തില് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില് വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില് മറ്റ് മുതിര്ന്ന എട്ട് ന്യായാധിപന്മാരുമുണ്ട്. ഏഴാഴ്ച നീളുന്ന നിയമപ്പോരാട്ടത്തിനാണ് ദേശീയ തലസ്ഥാനത്ത് തുടക്കമായിരിക്കുന്നത്.

പുനഃപരിശോധന പരാതികള്

ശബരിമലയിലെ മുന് വിധിയില് പുനഃപരിശോധന ആവശ്യപ്പെട്ടുള്ള പരാതികളിലെ വാദങ്ങളാണ് ബെഞ്ച് ആദ്യം കേള്ക്കുക. 32 പേരാണ് പുനഃപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം യുവതികളുടെ പ്രവേശനത്തെ അനുകൂലിക്കുന്ന 12 ഹര്ജികളുമുണ്ട്. ശബരിമലയില് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്കും പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സുപ്രധാന ഇത്തരവ് പുറപ്പെടുവിച്ചത്. പരമ്പരാഗതമായി ശബരിമലയില് ഋതുമതിയായി കഴിഞ്ഞാല് പെണ്കുട്ടികള്ക്ക് പ്രവേശനമില്ല. പിന്നീട് ആര്ത്തവം അവസാനിച്ച ശേഷമേ ശബരിമലയില് പ്രവേശിക്കാനാകൂ.

എന്നാല് ഈ വിലക്ക് ഭരണഘടനയുടെ 14,15,21,25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്ക്ക് ക്ഷേത്രത്തില് പ്രവേശിക്കാനുള്ള അനുമതി നല്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല് കേരളത്തിലങ്ങോളമിങ്ങോളം തുടര്ന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളുടെയും നീണ്ട നിയമപ്പോരാട്ടങ്ങളുടെയും പശ്ചാത്തലത്തില് സുപ്രീം കോടതി വിഷയം വിശാല ബെഞ്ചിന് വിട്ടു. കേസില് അറുപത് പുനഃപരിശോധന ഹര്ജികളാണ് ഇതുവരെ വന്നിട്ടുള്ളത്. രാജ്യത്തെ പാരമ്പര്യങ്ങളും ആചാരങ്ങളും സംബന്ധിച്ച ഒരു സുപ്രധാന വിഷയമായത് കൊണ്ട് തന്നെ എല്ലാവരും ഭരണഘടന ബെഞ്ചിന്റെ തീരുമാനത്തിനായി ആകാക്ഷയോടെ കാക്കുകയാണ്.

സര്ക്കാരിന്റെ പുതുനിലപാട്

കേരള സര്ക്കാരിന്റെ പുതിയ നിലപാട് ഏറെ സുപ്രധാനമാണ്. യുവതീ പ്രവേശനത്തെ എതിര്ക്കുന്നവരുടെ ഹര്ജിക്കൊപ്പം തന്നെ ഇതിനെ അനുകൂലിക്കുന്നവരുടെ ഹര്ജിയും പരിഗണിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതപണ്ഡിതരും സമുദായ നേതാക്കളുമുള്പ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായങ്ങളും വിഷയത്തില് തേടണമെന്ന് സംസ്ഥാന സര്ക്കാര് നിര്ദ്ദേശിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണകര്ത്താക്കളായ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് കോടതിയില് സത്യവാങ് മൂലം സമര്പ്പിച്ചിട്ടുണ്ട്. മതാചാരങ്ങളില് കോടതിയല്ല തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സര്ക്കാരിന്റെയും ബോര്ഡിന്റെയും വീക്ഷണങ്ങള് കോടതിയെ ബോധ്യപ്പെടുത്താന് മുതിര്ന്ന അഭിഭാഷകര് കോടതിയില് ഹാജരാകും. സംസ്ഥാന സര്ക്കാരിന്റെ മുന്നിലപാടില് നിന്നുള്ള മാറ്റം വാദപ്രതിവാദങ്ങളില് ഏറെ നിര്ണായകമാകും.

മറ്റ് മത വിഷയങ്ങള്

ശബരിമലയ്ക്ക് പുറമെ മറ്ര് ചില സുപ്രധാന മത വിഷയങ്ങളും ഒന്പതംഗ ഭരണഘടന ബെഞ്ച് പരിശോധിക്കും. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം, മറ്റ് മതങ്ങളില് നിന്നുള്ളവരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ അവകാശങ്ങള്, മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ സുന്നത്ത് തുടങ്ങിയ വിഷയങ്ങളും കോടതി പരിശോധിക്കും. സ്ത്രീകളുടെ സുന്നത്ത് നിരോധിക്കണമെന്നാണ് ദാവൂദി ബൊഹ്റാ വിഭാഗത്തിന്റെ ആവശ്യം.

ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യവും വ്യക്തികളുടെ അവകാശങ്ങളും തമ്മിലുള്ള തര്ക്കങ്ങളില് മാര്ഗനിര്ദ്ദേശം നല്കാനായാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചിട്ടുള്ളത്. വര്ഷങ്ങളായി വിവിധ മതവിഭാഗങ്ങളില് പെട്ട സ്ത്രീകള് അനുഭവിക്കുന്ന മൗലികാവകാശ ലംഘനങ്ങളും വിവേചനങ്ങളും ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്നാണ് നിയമവിദഗ്ദ്ധര് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ നിയമ മത വിഷയങ്ങളില് കോടതിയുടെ നിലപാട് ഏറെ നിര്ണായകമാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News