Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ഏപ്രില് (H.S.)
പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തെന്നും മാറ്റത്തിന് വേണ്ടിയാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപി. പ്രചരണത്തിൻ്റെ ഭാഗമായി 59 മണ്ഡലങ്ങളിൽ താൻ പര്യടനം നടത്തിയെന്നും സംസ്ഥാനത്ത് യുഡിഎഫ് അനുകൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെ ചെറുപ്പക്കാരുടെ ആവേശം താൻ നേരിട്ട് അനുഭവിച്ചതാണെന്നും അതുകൊണ്ട് തന്നെ സർക്കാർ മാറുമെന്ന തൻ്റെ ധാരണയ്ക്ക് വിശ്വാസം കൂടുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ കാലത്തെയും പോലെ കോൺഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങളില്ല. സ്ഥാനാർഥിത്വം കിട്ടാത്തവർ പോലും പ്രചരണത്തിൽ സജീവമാകുകയാണ്. പാർട്ടിക്കും മുന്നണിക്കും റിബൽ ശല്യമില്ല. എന്നാൽ ഇടതുപക്ഷത്ത് നിന്നും അഞ്ച് പേരാണ് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മോശം
സംസ്ഥാനത്തിൻ്റെ ധനസ്ഥിതി വളരെ മോശമാണെന്നാണ് നീതി ആയോഗിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. 16 സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളത്തിന് 15-ാം റാങ്കാണുള്ളത്. സർക്കാരിൻ്റെ പ്രോഗ്രസ് കാർഡിൽ ഒന്നുമില്ല. ദേശീയപാത വികസിപ്പിക്കുന്നത് യുഡിഎഫ് തുടങ്ങിവെച്ച പദ്ധതിയാണ്. ഗെയ്ൽ പൈപ്പ് ലൈനും വിഴിഞ്ഞം തുറമുഖത്തെയും എതിർത്ത ഇടതുപക്ഷം അതിൻ്റെ ക്രെഡിറ്റ് അടിക്കാൻ ഇപ്പോൾ നോക്കുകയാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ സംസ്ഥാനത്തെ പിന്തുണച്ച് ലേഖനം എഴുതിയത് സർക്കാർ നൽകിയ കണക്കുകൾ വച്ചായിരുന്നു. അത് പെരുപ്പിച്ച് കാട്ടിയതാണെന്ന് പ്രതിപക്ഷ നേതാവ് എന്നോട് പറഞ്ഞു. വസ്തുത മനസിലായതോടെ സർക്കാരിന് നൽകിയ അംഗീകാരം താൻ പിൻവലിച്ചെന്നും തരൂർ വിശദീകരിച്ചു.
സംസ്ഥാനത്ത് ഭരണ മാറ്റം ആഗ്രഹിക്കുന്നവർ ബിജെപിക്ക് വോട്ട് നൽകരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒരു സീറ്റും സംസ്ഥാനത്തില്ല. അവർ ഒന്നു മുതൽ മൂന്ന് സീറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് സംസ്ഥാനത്ത് ഭരണമാറ്റം നടക്കില്ലെന്ന് ജനങ്ങൾ മനസിലാക്കണം. പ്രചാരണത്തിന് അവർ ഇഷ്ടം പോലെ പണം ചെലവഴിക്കുന്നുണ്ട്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രചരണത്തിനെത്തിയെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഇത് കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ ഭരണ വിരുദ്ധ വോട്ടുകൾ ജനങ്ങൾ ബിജെപിക്ക് നൽകരുത്. അവർക്ക് ഇവിടെ ഒരു മാറ്റവും ഉണ്ടാക്കാനാവില്ല. ബിജെപിക്ക് വോട്ടുകളുള്ള നേമത്തും കഴക്കൂട്ടത്തും നിലവിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. രണ്ടിടത്തും അവരെ നേരിടാനുള്ള കരുത്ത് യുഡിഎഫിനുണ്ട്.
വയനാട്ടിലെ വീട് നിർമ്മാണം
വയനാട്ടിലെ വീട് നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്. ഭരിക്കുന്ന സർക്കാർ എവിടെ എന്ന ചോദ്യമാണ് അവിടെ നിന്നും ഉയരുന്നത്. കോൺഗ്രസ് പിരിച്ച തുകയെപ്പറ്റി കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടുണ്ട്. അവിടെ പാർട്ടി വീടുകൾ നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി- സിപിഎം അന്തർധാരയുണ്ട്
സംസ്ഥാനത്ത് ബിജെപി - സിപിഎം അന്തർധാരയുണ്ട്. ബിജെപിക്ക് കുറച്ച് വോട്ട് നൽകി ഭരണ വിരുദ്ധ വികാരം വീതിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഒരു സീറ്റുമില്ലാത്ത സ്ഥലത്ത് ഇങ്ങനെ ലഭിക്കുന്ന വോട്ടുകൾ കൊണ്ട് സീറ്റുകൾ നേടി ദേശീയ തലത്തിൽ കേരളത്തിലെ ബിജെപി മുന്നേറ്റം ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. അവർ തമ്മിൽ കൃത്യമായ ധാരണയുണ്ട്. പലയിടത്തും ബിജെപിയും സിപിഎമ്മും സീറ്റുകൾ നൽകിയതിൽ പോലും ഇത് പ്രതിഫലിക്കുന്നുണ്ട്.
എഫ് സി ആർ എ ഭേദഗതി
കേന്ദ്രം പാർലമെൻ്റിൽ അവതരിപ്പിച്ച എഫ്സിആർഎ ഭേദഗതിയിലെ വ്യവസ്ഥകൾ സാമാന്യ നീതിക്ക് നിരക്കാത്തതാണ്. ലൈസൻസ് പുതുക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ പിടിച്ചെടുക്കും എന്ന് പറയുന്നത് അപകടകരമാണ്, രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നടത്തുന്ന സാമൂഹ്യ സേവനങ്ങൾ വളരെ വലുതാണ്. അതില്ലാക്കാനുള്ള നീക്കമാണ് ഭേദഗതിയിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR