Enter your Email Address to subscribe to our newsletters

Thiruvananthapuram , 07 ഏപ്രില് (H.S.)
ബിജെപിയുടെ നേമം മാർഗ രേഖ കണ്ടു. അതിൽ മിക്കതും ഞാൻ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ആണ്.
എന്നിട്ട് പറയുന്നത് മാറാത്തത് മാറും എന്ന്. ഒരു എ ഐ വീഡിയോ കണ്ടു.
നേമത്തെ ക്ഷീരകർഷകർക്ക് ബിജെപി സ്ഥാനാർഥി നൽകുന്ന ഉറപ്പ്.
നേമത്ത് അത്യാധുനിക പാൽ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുന്നു എന്നാണ് കാണിച്ചിരിക്കുന്നത്.
എന്നിട്ട് കാണിച്ചിരിക്കുന്ന ബോർഡ് വെൽക്കം ടു തമിഴ്നാട് എന്നും.
ആ ക്ഷീരകർഷക സംഘത്തിന്റെ ഓഫീസ് നിൽക്കുന്ന സ്ഥലം കാണിച്ചിരിക്കുന്നത് ഇരിച്ചക്കപ്ലാമൂട് എന്നാണ്.
നേമത്തെ സാധാരണ ക്ഷീര കർഷകൻ തമിഴ്നാട് ബോർഡറിൽ പോകണമെന്നാണോ ഇവർ പറയുന്നത്.
ഞാൻ പറയുന്നത് ഇവർ ഒന്നും ഗൗരവമായല്ല കാണുന്നത് എന്നാണ്.
എല്ലാം തട്ടിക്കൂട്ട്.
ആ മാർഗരേഖയിലെ ചില കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാണിക്കാം.
അവയൊക്കെ എം എൽ എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ഞാൻ നടപ്പാക്കിയതോ, ഭരണാനുമതി നേടിയതോ ആയ പദ്ധതികൾ ആണ്.
കല്ലടിമുഖം പാലം : പത്ത് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടി അതിവേഗം പുരോഗമിക്കുന്നു.
കിരീടം പാലം : നേമം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടതല്ല. എന്നാലും മണ്ഡലത്തിലെ തൊട്ടടുത്ത ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ എന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം
ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി
ശ്രീ. മുഹമ്മദ് റിയാസ് എന്നോടൊപ്പം കിരീടം പാലം സന്ദർശിക്കുകയും അതിനെ തുടർന്ന് ആദ്യഘട്ടമായി ഒരു കോടി രൂപ ചിലവിൽ ഒരു പദ്ധതി നടപ്പിലാക്കുകയും ചെയ്തു.
ഇതിന്റെ തുടർ പദ്ധതികൾ ടൂറിസം വകുപ്പ് തയ്യാറാക്കി വരികയാണ്.
വിജയമോഹിനി മിൽ: കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ മിൽ അടച്ചു പൂട്ടിയത് ബി.ജെ.പി. സർക്കാരാണ്.
ഇവിടത്തെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും മിൽ നവീകരിച്ച് തുറന്നു നൽകുന്നതിനുമായി തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്.
കുറഞ്ഞ പക്ഷം ആ മിൽ സംസ്ഥാന സർക്കാരിന് കൈമാറാനെങ്കിലും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകണം.
സത്യൻനഗർ സ്റ്റേഡിയത്തിന്റെ നവീകരണം ഒരു കോടി രൂപ ചെലവിൽ നടന്നു വരികയാണ്. മണ്ഡലത്തിൽ ആകെ കായിക രംഗത്തിനായി
5 മൈതാനങ്ങൾ നവീകരിക്കുന്നതിന് ആകെ മൂന്നു കോടിയോളം രൂപയുടെ പദ്ധതികൾ നടന്നു വരികയാണ്.
ശാന്തിവിളയിൽ സ്ഥിതി ചെയ്യുന്ന നേമം താലൂക്ക് ആശുപത്രിയിൽ ഇരുപത്തിരണ്ട് കോടി ഇരുപത്തി നാല് ലക്ഷം രൂപ ചെലവിൽ ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ ഏഴ് നിലകളുള്ള ഒ.പി. ബ്ലോക്കിന്റെയും,
8 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന
3 നിലകളോടുകൂടിയ അത്യാഹിത വിഭാഗത്തിന്റെയും നിർമ്മാണങ്ങൾ വളരെ വേഗം നടന്നു വരികയാണ്.
2 മാസത്തിനകം തന്നെ ഒ.പി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കും.
ഈ നിർമ്മാണങ്ങൾ പൂർത്തിയാകുന്നതോടുകൂടി ഈ ആശുപത്രിയെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തും.
വെള്ളായണി കായൽ: നേമം മണ്ഡലത്തിൽ ഉൾപ്പെട്ടതല്ല അത് കോവളം നിയോജകമണ്ഡലത്തിലാണ്.
എന്നാൽ എൽ.ഡി.എഫ്. സർക്കാർ ഈ കായലിന്റെ സംരക്ഷണത്തിനും വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനും
തൊണ്ണൂറ് കോടി രൂപ ചെലവിൽ ഒരു പദ്ധതിയ്ക്ക് അനുവാദം നൽകുകയും അതിന്റെ ഒന്നാം ഘട്ടമായി 65 കോടി രൂപയുടെ പ്രവർത്തനം നടന്നു വരികയുമാണ്.
ഇവ പൂർത്തിയായാൽ ഉടൻ തന്നെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയ്ക്ക് അനുമതി നൽകും.
നേമം രജിസ്ട്രേഷൻ കോംപ്ലക്സ്: നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചതാണ്. അതിൽ ഉൾപ്പെടുന്ന 7 ഓഫീസുകൾക്കായി അതാത് ഓഫീസുകൾ തന്നെ നടത്തേണ്ട ഇന്റീരിയൽ വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇടയാർ ദ്വീപിലേക്ക് മൂന്നാറ്റുമുക്കിൽ നിന്നും ഒരു പാലം നിർമ്മിക്കുന്നതിന് 15 കോടി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിനായി അഞ്ചര കോടി രൂപ മുടക്കി ഒരേക്കർ അറുപത്തിയഞ്ച് സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
പൈതൃക ക്ഷേത്രമായതിനാൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ട്. ആയത് കണക്കിലെടുത്ത് ശാസ്ത്രീയമായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഈ മാസ്റ്റർ പ്ലാൻ പൂർത്തിയായാൽ ഉടൻ വികസന പദ്ധതി അംഗീകാരം ലഭ്യമാകും.
നേമം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും സ്വിവറേജ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അഞ്ചിലധികം വാർഡുകളിലെ പദ്ധതികൾക്ക് അനുമതി ലഭ്യമായിട്ടുണ്ട്.
എൽ ഡി എഫ് നേമം മണ്ഡലം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കിയിട്ടുണ്ട്.
അതിലെ 10 പരിപാടികൾ മാത്രം ഞാൻ സൂചിപ്പിക്കാം. ഞങ്ങൾ ഇത് പറയുന്നത് അത് നടപ്പാക്കാനുള്ള ആർജവം ഞങ്ങൾക്കുണ്ട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ്.
നേമം മണ്ഡലത്തിന്റെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് 78 കർമ്മപദ്ധതികൾ ഉൾക്കൊള്ളുന്ന വികസനരേഖയാണ് ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നാം നടപ്പിലാക്കിയ തൊള്ളായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാന പദ്ധതികൾ:
യുവജനതയ്ക്കായി: കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ കോറിഡോർ സ്ഥാപിക്കും.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ നമ്മുടെ യുവതയ്ക്ക് ലഭ്യമാക്കാൻ പ്രത്യേക പരിശീലന പദ്ധതികൾ ആവിഷ്കരിക്കും.
വിദ്യാഭ്യാസവും ആരോഗ്യവും: എല്ലാ
സ്കൂളുകളിലും ഹെൽത്തി കിഡ്സ് പദ്ധതിയും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനവും ഉറപ്പാക്കും. നേമം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുകയും കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്യും.
അടിസ്ഥാന സൗകര്യങ്ങൾ: മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുള്ള വർക്ക് നിയർ ഹോം കോ-വർക്കിംഗ് സ്പേസുകളും യുവാക്കൾക്കായി ഹാപ്പിനസ് പാർക്കുകളും സ്ഥാപിക്കും.
ക്ഷേമപ്രവർത്തനങ്ങൾ: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വെൽനസ് സെന്ററുകളും വീടുകളിൽ തന്നെ മെഡിക്കൽ പരിശോധനയ്ക്കുള്ള സൗകര്യവും ഒരുക്കും.
സ്ത്രീകൾക്കായി പ്രത്യേക ശാക്തീകരണ കേന്ദ്രങ്ങളും അംഗനവാടികളെ സ്മാർട്ട് അംഗനവാടികളാക്കി മാറ്റുന്ന പദ്ധതിയും നടപ്പിലാക്കും.
വ്യവസായവും ടൂറിസവും: പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസിപ്പിക്കുകയും വിജയമോഹിനി മിൽ തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ സമ്മർദ്ദം തുടരുകയും ചെയ്യും.
കിരീടംപാലം ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിനൊപ്പം പിൽഗ്രിം ടൂറിസത്തിനും മുൻഗണന നൽകും.
നമ്മുടെ നാടിന്റെ ഭാവിയെ നിർണ്ണയിക്കുന്ന വിഷൻ രണ്ടായിരത്തി മുപ്പത്തിയൊന്ന് പദ്ധതിയിൽ യുവാക്കളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാൻ യൂത്ത് ടാസ്ക് ഫോഴ്സ് രൂപീകരിക്കും.
*ലൗവ് ജിഹാദ്*
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇപ്പോൾ ലൗവ് ജിഹാദ് എന്ന നുണപ്രചാരണവുമായി വരുന്നത്. ഇത് നേമത്തെ ജനങ്ങൾ തള്ളിക്കളയും.നേമത്ത് വികസനത്തെക്കുറിച്ചോ, കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചോ സംസാരിക്കാൻ ബിജെപിക്ക് ഭയമാണ്.
അതുകൊണ്ടാണ് വർഗീയ വിഷം ചീറ്റുന്ന ഇത്തരം ആരോപണങ്ങൾ അവർ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
ഭരണഘടനാ വിരുദ്ധവും അങ്ങേയറ്റം വിഭജനപരവുമായ ഇത്തരം പ്രസ്താവനകൾ നമ്മുടെ നാടിന്റെ മതസൗഹാർദ്ദം തകർക്കാനേ ഉപകരിക്കൂ.
ഇവിടെ ജനാധിപത്യമാണുള്ളത്. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി വോട്ട് കൊയ്യാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്.
മതനിരപേക്ഷതയുടെ മണ്ണായ കേരളത്തിൽ ഇത്തരം വർഗീയ അജണ്ടകൾക്ക് സ്ഥാനമില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ മറുപടി പറയാൻ കഴിയാത്തവർ നടത്തുന്ന ഈ വിദ്വേഷ രാഷ്ട്രീയത്തെ വികസന രാഷ്ട്രീയം കൊണ്ട് നേരിടാൻ നേമത്തെ വോട്ടർമാർ തയ്യാറാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
*ബിജെപി ആരോപണം*
ബിജെപി നേതാവ് അഡ്വക്കേറ്റ് സുരേഷ് ചില ആരോപണങ്ങൾ ഉന്നയിച്ചതായി കണ്ടു. അദ്ദേഹം ഒരു അഭിഭാഷകനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
നിങ്ങളും ആ ആരോപണങ്ങൾ കണ്ടതല്ലേ? എന്തെങ്കിലും മനസ്സിലായോ നിങ്ങൾക്ക്? കേന്ദ്രം എന്തൊക്കെയോ തന്നു, അത് ഉപയോഗിച്ചില്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. എന്ന് തന്നു? എന്ത് തന്നു? എന്തിനു തന്നു?ഇക്കാര്യങ്ങൾ കൃത്യമായി ഒന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് മറുപടി പറയാമായിരുന്നു.
ഇങ്ങനെ ആകാശത്തു നോക്കി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
ഒരു കാര്യം ഞാൻ ഇവിടെ വ്യക്തമാക്കാം. എനിക്ക് ഇരുന്നൂറ് കോടി രൂപയുടെ വീടൊന്നുമില്ല. എന്റെ ആസ്തികൾ എത്രയാണെന്ന് വളരെ കൃത്യമായി തന്നെ നാമനിർദ്ദേശ പത്രികയിൽ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് ആർക്കും പരിശോധിക്കാവുന്നതാണ്. പിന്നെ, സ്വന്തം അമ്മായിയപ്പനെ ചതിച്ചിട്ട് അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുക്കുന്ന സ്വഭാവം എനിക്കില്ല. കാശു വാങ്ങി എം.പി സ്ഥാനം സംഘടിപ്പിച്ചിട്ടില്ല; ഓരോ കാലത്തും ഓരോ പാർട്ടികൾ മാറിമാറി പരീക്ഷിച്ച് നടക്കുന്ന ശീലവുമില്ല. ഒരു തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പിറ്റേന്ന് ഞാൻ രാഷ്ട്രീയം നിർത്തുകയാണ് എന്ന് പ്രഖ്യാപിച്ച് ഓടുന്ന ആളല്ല ഞാൻ. എന്റെ കാര്യങ്ങൾ ഈ നാട്ടുകാർക്ക് കൃത്യമായി അറിയാം.
എന്നെ കാണാൻ ഈ നാട്ടിലെ സാധാരണക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട കാര്യമില്ല.
ഞാൻ എപ്പോഴും അവർക്കിടയിലുണ്ട്,
ഈ മണ്ണിലുണ്ട്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് മാത്രം തൽക്കാലം ഓർമ്മിപ്പിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR