Enter your Email Address to subscribe to our newsletters

Ernakulam , 07 ഏപ്രില് (H.S.)
വെഞ്ഞാറമൂട് കൊലപാതക കേസ് ആസ്പദമാക്കിയുള്ള കാലം പറഞ്ഞ കഥ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. സിനിമ കേസിൻ്റെ വിചാരണയെ ബാധിക്കുമെന്ന വാദം തള്ളിയാണ് കോടതി നടപടി. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കലാരൂപമായി കാണണം
സിനിമയെ ഒരു കലാരൂപമായി കണ്ടാൽ പോരെയെന്ന് കോടതി ചോദിച്ചു. സിനിമയുടെ റിലീസ് കേസിൻ്റെ വിചാരണയെ ബാധിക്കില്ല. കോടതി വിധികൾ വരുന്നത് കലാസൃഷ്ടികളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് സാക്ഷിമൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൻ്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല. വിചാരണയ്ക്ക് മുമ്പ് സിനിമ പുറത്തിറങ്ങുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിക്കാരൻ്റെ പ്രധാന വാദം.
സിനിമ പുറത്തിറങ്ങുന്നത് വഴി വലിയ രീതിയിലുള്ള മാധ്യമ വിചാരണയ്ക്ക് കാരണമാകും. സിനിമയുടെ പേരിൽ തൻ്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ആക്ഷേപിക്കുന്നുണ്ടെന്നും വിചാരണ കഴിയും വരെ റിലീസ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമ ഈ സംഭവത്തെ ആസ്പദമാക്കി തന്നെയാണെന്നതിന് എന്ത് തെളിവാണുള്ളതെന്നും ഇതിൻ്റെ പേരിൽ റിലീസ് എങ്ങനെ തടയാനാകുമെന്നും കോടതി ചോദിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
സെൻസർ ബോർഡിൻ്റെ നിലപാട്
വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമയ്ക്ക് ഒരുപക്ഷേ പ്രചോദനമായിട്ടുണ്ടാകാമെങ്കിലും വിചാരണയെ സ്വാധീനിക്കുന്ന യാതൊന്നും ഇതിലില്ലെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സിനിമയിലെ കക്ഷികളുടെ പേര്, സംഭവത്തിൻ്റെ സാഹചര്യങ്ങൾ, കൊലപാതക രീതി എന്നിവയെല്ലാം യഥാർഥ സംഭവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
ലഹരിക്കും ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമ നൽകുന്നതെന്ന് ബോർഡ് വിശദീകരിച്ചു. സിനിമ അപകീർത്തികരമാണെന്ന അഫാൻ്റെ പിതാവിൻ്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വിലയിരുത്തിയാണ് കോടതി ഹർജി പൂർണമായി തള്ളിയത്.
സംവിധായകൻ്റെ വിശദീകരണം
സിനിമ വെഞ്ഞാറമൂട് സംഭവത്തെ പൂർണമായി അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ചിത്രമാണെന്നുമാണ് സംവിധായകൻ പ്രസാദ് നൂറനാട് കോടതിയെ അറിയിച്ചത്. കേരളത്തെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയാണ് സിനിമയെന്ന് ആരോപിക്കപ്പെടുമ്പോഴും ലഹരി ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന വിനാശകരമായ സ്വാധീനമാണ് സിനിമയുടെ പ്രധാന പ്രമേയമെന്ന് അദ്ദേഹം വ്യക്തമാക്കി.
പട്ടാപ്പകൽ ആറ് കൊലപാതകങ്ങൾ നടത്തുന്ന ഒരു യുവാവിൻ്റെ മാനസികാവസ്ഥയും അയാളെ അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുമാണ് സിനിമയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ സാങ്കേതിക കാരണങ്ങളാൽ സിനിമയുടെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഫെബ്രുവരി ആറിൽ നിന്ന് മാറ്റിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നതോടെ കാലം പറഞ്ഞ കഥ വേഗം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR