Enter your Email Address to subscribe to our newsletters

Thiruvananthapuram , 08 ഏപ്രില് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒറ്റയടിക്ക് ഗ്രാമിന് ഇന്ന് കൂടിയത് 365 രൂപയും പവന് 2,920 രൂപയും. ഇതോടെ ഗ്രാമിന് 14,100 രൂപയും പവന് 1,12,800 രൂപയുമായി ഇന്നത്തെ വിപണി വില. യുഎസും ഇറാനും വെടിനിര്ത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണ് വീണ്ടും സ്വര്ണവില കുതിച്ചത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 295 രൂപ വർധിച്ച് 11,585 രൂപയായി. ഇതോടെ പവന് 92,680 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 235 രൂപ വർധിച്ച് 9,025 രൂപയും പവന് 72,200 രൂപയുമായി. 9 കാരറ്റ് സ്വർണം ഗ്രാമിന് 150 രൂപ വർധിച്ച് 5,820 രൂപയും പവന് 46,560 രൂപയുമായി. വെള്ളിവിലയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ യു.എസ് -ഇറാൻ അനിശ്ചിതത്വം മൂലം സ്വർണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്.
ഒരു പവന് ഒന്നേകാൽ ലക്ഷത്തോളം
സ്വർണവിലയോടൊപ്പം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവയും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ അന്തിമ വില നിശ്ചയിക്കുന്നത്. ആഭരണങ്ങളിലെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും. കുറഞ്ഞത് അഞ്ച് ശതമാനം മുതലാണ് വ്യാപാരികൾ പണിക്കൂലി ഈടാക്കുന്നത്. ഇതുകൂടി കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് 1.15 ലക്ഷം രൂപയോളം ചെലവാകും. കഴിഞ്ഞ മാസം (മാർച്ച് 23) പവൻ വില ഒരു ലക്ഷത്തിന് താഴെയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് വില ലക്ഷം കടന്നത്.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. വില നിശ്ചയിക്കുന്നതിൽ ഡോളർ സൂചിക നിർണായകമാണ്. ഡോളർ ദുർബലമായാൽ സ്വർണവില ഉയരാൻ കാരണമാകുമെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും രാജ്യാന്തര തലത്തിൽ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR