Enter your Email Address to subscribe to our newsletters

New delhi, 08 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി : ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം. എത്രയും പെട്ടെന്ന് ഇറാന്‍ വിടണമെന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ എംബസി നല്‍കിയിരിക്കുന്നത്. . എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എംബസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ എംബസി നിര്‍ദേശിച്ച വഴികളിലൂടെയോ ഇറാന്‍ വിടാനാണ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എംബസിയുമായി മുന്‍കൂട്ടി ആലോചിക്കാതെയും ബന്ധപ്പെടാതെയും രാജ്യാന്തര അതിര്‍ത്തികളിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള എംബസിയുടെ നമ്പറുകള്‍ : +989128109115; +989128109109; +989128109102; +989932179359.
ഇമെയില്‍ ഐഡി: cons.tehran@mea.gov.in.
ഇറാനില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുഎസും ഇറാനുമായുള്ള ചര്‍ച്ചകള്‍ പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെള്ളിയാഴ്ച നടക്കും. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാനു മേലുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
പാക്കിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചാണ് വെടിനിര്‍ത്തലെന്നും ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് ആവശ്യപ്പെട്ടു. അതിനിടെ ഇറാനുമായി ധാരണയിലെത്താന്‍ ശ്രമിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കാന്‍ ഇറാന്‍ സമ്മതിക്കുന്നതിനെ ആശ്രയിച്ചാണ് വെടിനിര്‍ത്തല്‍ പൂര്‍ണമായും നിലവില്‍ വരികയെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
'സൈനിക ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചിരിക്കുന്നു; ഇറാനുമായുള്ള ദീര്‍ഘകാല സമാധാന കരാറിലേക്കും മധ്യപൂര്‍വേഷ്യയിലെ സമാധാനത്തിലേക്കും നാം വളരെ അടുത്തെത്തിയിരിക്കുന്നു. ഇറാനില്‍നിന്ന് 10 നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രമേയം ലഭിച്ചിട്ടുണ്ട്. ഇത് ചര്‍ച്ചകള്‍ക്കുള്ള പ്രായോഗിക അടിസ്ഥാനം ആകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' - ട്രംപ് പറഞ്ഞു. അതേസമയം, വെടിനിര്‍ത്തലില്‍നിന്ന് ലബനനെ ഒഴിവാക്കിയിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാനു നല്‍കിയ സമയപരിധി ഇന്നുപുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 വരെയായിരുന്നു. ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ മടങ്ങിവരവില്ലാത്തവിധം ഇറാനെ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സമാധാന ആഹ്വാനവുമായി ഐക്യരാഷ്ട്രസംഘടനയും ലിയോ മാര്‍പാപ്പയുമടക്കം രംഗത്തെത്തിയിരുന്നു.
ആറാം ആഴ്ചയിലേക്ക് കടന്ന യുദ്ധം അതിവേഗം വ്യാപിച്ചതോടെ ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇതോടെ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു. ലോകമാകെ ഊര്‍ജപ്രതിസന്ധിയിലേക്കു പോകുകയാണെന്ന പ്രതീതിയുണ്ടായതിനു പിന്നാലെയാണ് ട3ംപ് ഇറാന് അന്ത്യശാസനം നല്‍കിയത്.
---------------
Hindusthan Samachar / Sreejith S