Enter your Email Address to subscribe to our newsletters

Palakkad , 08 ഏപ്രില് (H.S.)
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും, വോട്ടെടുപ്പിന് ശേഷം ഏപ്രിൽ 10-ാം തീയതിക്ക് ശേഷം ഈ മുഖംമൂടികൾ താൻ വലിച്ചുകീറുമെന്നും ശോഭ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടർമാർക്ക് പണം നൽകിയെന്ന കോൺഗ്രസ് ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
പീഡനക്കേസുകൾ ഒതുക്കിത്തീർക്കാൻ ശ്രമം
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പീഡന കഥകൾ താൻ പുറത്തുപറയാത്തത് വികസനം മുൻനിർത്തി വോട്ട് ചോദിക്കുന്നതുകൊണ്ടാണെന്ന് ശോഭ വ്യക്തമാക്കി. ഒരാൾ എറണാകുളത്ത് നിന്ന് എന്നെ കാണാൻ വന്നിട്ട് തിരിച്ചുപോയിട്ടുണ്ട്. ആ പെൺകുട്ടിയോട് ചില കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടികൾക്ക് താങ്ങായി ഞാൻ എന്നും ഉണ്ടാകും. കേസ് ഒതുക്കി തീർക്കാൻ പണം നൽകിയ ഷാഫി പറമ്പിൽ എംപിയെ അടക്കം ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരും, ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ദേശീയ വനിതാ കമ്മീഷന് പരാതി
വർഷങ്ങളായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതിക്കായി പോരാടുന്ന ആളാണ് താനെന്നും, അവർ തന്ന പരാതികളെല്ലാം ഫയലിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. നിലവിൽ ഈ വിഷയത്തിൽ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയും വരെ കൂടുതൽ പ്രതികരണത്തിനില്ലെന്നും, പത്താം തീയതിക്ക് ശേഷം കേരള രാഷ്ട്രീയം ശരിക്കുള്ള കളി കാണുമെന്നും അവർ മുന്നറിയിപ്പ് നൽകി.
പണം നൽകിയെന്ന ആരോപണം തള്ളി
ബിജെപി വോട്ടർമാർക്ക് പണം നൽകുന്നുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് ശോഭ ആവർത്തിച്ചു. പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ തനിക്ക് അറിയില്ല. ഇതെല്ലാം യുഡിഎഫ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. പരാജയഭീതി മൂലം വ്യക്തിഹത്യ നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, പാലക്കാട്ടെ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും ശോഭ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / Roshith K