അസമിലെ 126 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു.
Assam, 09 ഏപ്രില് (H.S.) അസമിലെ 126 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് പോളിങ് തുടങ്ങിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിലെത്താൻ ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് നേതൃത്വത്തില
ASSAM ASSEMBLY ELECTION2026


Assam, 09 ഏപ്രില് (H.S.)

അസമിലെ 126 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് പോളിങ് തുടങ്ങിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിലെത്താൻ ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. റൈജോർ ദൾ, സിപിഎം എന്നീ പാർട്ടികളും കോൺഗ്രസ് സഖ്യത്തിൻ്റെ ഭാഗമാണ്.

വിധിയെഴുതാൻ രണ്ടരക്കോടി വോട്ടർമാർ

ആകെ 722 സ്ഥാനാർഥികളാണ് ഇത്തവണ നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 2,50,54,463 വോട്ടർമാരാണ് അസമിലുള്ളത്. ഇതിൽ 1,25,31,552 പുരുഷന്മാരും 1,25,22,593 സ്ത്രീകളും ഉൾപ്പെടുന്നു. 318 ട്രാൻസ്ജെൻഡർ വോട്ടർമാരും 63,423 സർവീസ് വോട്ടർമാരുമുണ്ട്. പുതിയതായി വോട്ട് ചെയ്യുന്ന പതിനെട്ടിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള 6,42,314 പേർ ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കും. കൂടാതെ എൺപത് വയസ്സിന് മുകളിലുള്ള 2,50,006 പേരും 2,05,085 ഭിന്നശേഷി വോട്ടർമാരും പട്ടികയിലുണ്ട്.

പോളിങ് സജ്ജീകരണങ്ങളും സുരക്ഷയും

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി സംസ്ഥാനത്തൊട്ടാകെ 1,51,132 പോളിങ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. വോട്ടെടുപ്പിനായി 41,320 ബാലറ്റ് യൂണിറ്റുകൾ, 43,975 കൺട്രോൾ യൂണിറ്റുകൾ, 43,997 വിവിപാറ്റ് മെഷീനുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സിൽച്ചാർ ജില്ലയിലെ 1,700 പോളിങ് സ്റ്റേഷനുകളിലായി 16,000 ഉദ്യോഗസ്ഥരെ വിന്യസിച്ചതായി കലക്ടർ ആയുഷ് ഗാർഗ് അറിയിച്ചു. ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

4,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ സുരക്ഷയ്ക്കായി വിന്യസിച്ചത്. പോളിങ് സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) സാന്നിധ്യമുണ്ട്. പ്രശ്നസാധ്യതയുള്ള പോളിങ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മൈക്രോ നിരീക്ഷകരെയും നിയോഗിച്ചു. സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിക്ക് തന്നെ തുറന്ന് ഇവിഎം ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തതായി ഡിസ്ട്രിക്റ്റ് ഇലക്ഷൻ ഓഫിസർ അനാമിക തിവാരി വിശദീകരിച്ചു. മോറിഗാവിലെ 968 പോളിങ് സ്റ്റേഷനുകളിലേക്കുള്ള ഉദ്യോഗസ്ഥർ സിഎപിഎഫിൻ്റെ പൂർണ സുരക്ഷയോടെയാണ് എത്തിയത്. ഏറ്റവും ദൂരെയുള്ള സ്റ്റേഷനുകളിലേക്കും പിന്നീട് ജാഗിറോഡിലേക്കും മോറിഗാവിലേക്കും പോളിങ് ജീവനക്കാർ സുരക്ഷിതമായി എത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യങ്ങൾ

പോളിങ് സ്റ്റേഷനുകളിൽ സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. അസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അനുരാഗ് ഗോയലിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

ക്രമസമാധാന പാലനവും തെരഞ്ഞെടുപ്പ് ചെലവും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര നിരീക്ഷകരെ കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോളിങ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുമെന്നും, എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കാൻ സഹകരിക്കണമെന്നും അനുരാഗ് ഗോയൽ അഭ്യർഥിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി, എജിപി, യുപിപിഎൽ എന്നീ പാർട്ടികൾ ഉൾപ്പെടുന്ന എൻഡിഎ സഖ്യം 75 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ഇതിൽ ബിജെപി മാത്രം 60 സീറ്റുകൾ സ്വന്തമാക്കിയിരുന്നു.

ബിപിഎഫ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നിവരുമായി ചേർന്ന് കോൺഗ്രസും എഐയുഡിഎഫും മഹാസഖ്യം രൂപീകരിച്ചിരുന്നെങ്കിലും 126 സീറ്റുകളിൽ 16 സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ വർഷം മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News