Enter your Email Address to subscribe to our newsletters

Kolkata, 09 ഏപ്രില് (H.S.)
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹാൽദിയയിൽ നടന്ന കൂറ്റൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ബംഗാളിലെ നുഴഞ്ഞുകയറ്റവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി മോദി ആക്രമണം അഴിച്ചുവിട്ടത്. 2021-ൽ നന്ദിഗ്രാമിലേറ്റ കനത്ത തിരിച്ചടി ഇത്തവണ ഭവാനിപൂരിലും മമത ബാനർജിയെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പ്രവചിച്ചു.
ബംഗാളിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടം
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കേവലം ഒരു അധികാര മാറ്റത്തിനല്ല, മറിച്ച് ബംഗാളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ചരിത്രപരമായ ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ബംഗാളിന്റെ അന്തസ്സ് പുനഃസ്ഥാപിക്കാനുള്ളതാണ്. വികസിത ബംഗാളിന്റെ അടിത്തറ പാകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനുള്ള ആദ്യ പടി അഴിമതിയും ക്രൂരതയും നിറഞ്ഞ ഈ സർക്കാരിനെ പുറത്താക്കുക എന്നതാണ്, മോദി ആഹ്വാനം ചെയ്തു. രാജ്യം അതിവേഗം വികസനക്കുതിപ്പ് നടത്തുമ്പോൾ തൃണമൂൽ സർക്കാർ ബംഗാളിനെ പിന്നോട്ട് വലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമായി ബംഗാൾ മാറി
മമത ഭരണത്തിന് കീഴിൽ ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെ സുരക്ഷിത കേന്ദ്രമായി മാറിയെന്ന് മോദി ആരോപിച്ചു. സംസ്ഥാനത്തെ തദ്ദേശീയരായ ജനങ്ങൾ തൊഴിലിനായി അൻഡമാൻ, ഒഡീഷ തുടങ്ങിയ ഇടങ്ങളിലേക്ക് കുടിയേറേണ്ടി വരുമ്പോൾ, വിദേശ നുഴഞ്ഞുകയറ്റക്കാർ ഇവിടെ തഴച്ചുവളരുകയാണ്. വ്യാജരേഖകൾ നിർമ്മിക്കാനും കന്നുകാലി കടത്തിനുമുള്ള ഫാക്ടറിയായി തൃണമൂൽ ഭരണകൂടം മാറി. ഭയത്തിന്റെ രാഷ്ട്രീയമാണ് ടിഎംസി കളിക്കുന്നതെന്നും ഹാൽദിയയിലെ ജനക്കൂട്ടത്തെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.
മമതയ്ക്ക് ഭവാനിപൂരിലും തിരിച്ചടി നേരിടും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടത് മോദി ഓർമ്മിപ്പിച്ചു. ഇത്തവണ മമതയുടെ ശക്തികേന്ദ്രമായ ഭവാനിപൂരിലും സമാനമായ ഫലം ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബംഗാളിലെ ജനങ്ങൾ തൃണമൂലിനെ താഴെയിറക്കാൻ ഉറച്ചുകഴിഞ്ഞു എന്നും, ആവേശം കാണുമ്പോൾ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലെ വികസന മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും കാരണം ടിഎംസിയുടെ നയങ്ങളാണെന്ന് വിമർശിച്ച പ്രധാനമന്ത്രി, ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് പുതിയ വികസന മാതൃകകൾ നടപ്പിലാക്കുമെന്നും ആറ് പ്രധാന ഉറപ്പുകൾ ജനങ്ങൾക്ക് മുന്നിൽ വെക്കുകയും ചെയ്തു. പശ്ചിമ ബംഗാളിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ബിജെപിയുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രിയുടെ ഈ സന്ദർശനവും മമതയ്ക്കെതിരായ കടന്നാക്രമണവും ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K