Enter your Email Address to subscribe to our newsletters

New delhi, 09 ഏപ്രില്‍ (H.S.)
ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു. അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പുതുച്ചേരിയിലെ 33 അംഗ നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ്. കനത്ത് സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അസമില്‍ ഭരണകക്ഷിയായ ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോള്‍, 2016 ലെ പരാജയത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 722 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ മിക്ക പോളിങ് സ്റ്റേഷനുകളിലും വോട്ടര്മാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. 1.25 കോടി സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 2.5 കോടി വോട്ടര്‍മാരാണ് 31,490 പോളിംഗ് സ്റ്റേഷനുകളിലായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഇവരെക്കൂടാതെ വിവിധ പാര്‍ട്ടി നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.
പുതുച്ചേരിയിലെ 33 അംഗ നിയമസഭയില്‍ (30 തിരഞ്ഞെടുക്കപ്പെട്ട സീറ്റുകള്‍) മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎന്‍ആര്‍സി - ബി.ജെ.പി സഖ്യം (എന്‍ഡിഎ), കോണ്‍ഗ്രസ് - ഡിഎംകെ സഖ്യവുമായി ശക്തമായ മത്സരമാണ് നേരിടുന്നത്. രംഗസാമിയും മുന്‍ മുഖ്യമന്ത്രി വി. വൈത്തിലിംഗവും ഏറ്റുമുട്ടുന്ന തട്ടഞ്ചാവടി മണ്ഡലത്തിലാണ് ഏവരുടെയും ശ്രദ്ധ. ദീര്‍ഘകാലമായുള്ള സംസ്ഥാന പദവി എന്ന ആവശ്യം, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, 30-ല്‍ 23 സീറ്റുകളുള്ള പുതുച്ചേരി ജില്ലയിലെ കുടിവെള്ള മലിനീകരണം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഈ തിരഞ്ഞെടുപ്പിലെ ഒരു നിര്‍ണായക ഘടകമാണ്. ടിവികെയുടെ ജനപ്രീതി ഫലങ്ങളെ അപ്രതീക്ഷിതമായി സ്വാധീനിച്ചേക്കാം. ഇരു മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ തീവ്രമായ പ്രചാരണത്തിലായിരുന്നു. പോളിങ് കനക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
---------------
Hindusthan Samachar / Sreejith S