ബംഗാളിൽ മാറ്റം അനിവാര്യം; തൃണമൂലിന്റെ ഭയത്തിന്റെ ഭരണത്തിന് അന്ത്യമാകും: അസൻസോളിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Kolkota, 09 ഏപ്രില് (H.S.) അസൻസോൾ: പശ്ചിമ ബംഗാളിൽ മാറ്റം എന്നത് ഇപ്പോൾ മായ്ക്കാനാവാത്ത യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസൻസോളിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ
ബംഗാളിൽ മാറ്റം അനിവാര്യം; തൃണമൂലിന്റെ ഭയത്തിന്റെ ഭരണത്തിന് അന്ത്യമാകും: അസൻസോളിൽ ആഞ്ഞടിച്ച് പ്രധാനമന്ത്രി


Kolkota, 09 ഏപ്രില് (H.S.)

അസൻസോൾ: പശ്ചിമ ബംഗാളിൽ മാറ്റം എന്നത് ഇപ്പോൾ മായ്ക്കാനാവാത്ത യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസൻസോളിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ ഓരോ വ്യക്തിയും ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അസൻസോളിൽ നിന്നുള്ള ഈ ശബ്ദം ദുർഗാപൂർ, റാണിഗഞ്ച്, സാൽതോറ, രഘുനാഥ്പൂർ എന്നിവിടങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു:

തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ഒരുകാലത്ത് ചുവന്ന പോസ്റ്ററുകൾ ഇറക്കി ഹിന്ദുക്കളെ വംശഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന കാലമുണ്ടായിരുന്നുവെന്നും ഇന്ന് ടിഎംസി അതേ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രത്യേക വിഭാഗത്തിന്റെ പേരിൽ ഹിന്ദുക്കളെ ഭയപ്പെടുത്തുകയാണ്. ജനങ്ങളുടെ വിശ്വാസവും ഉപജീവനവും കുട്ടികളുടെ ഭാവിയും സംരക്ഷിക്കാൻ ഏപ്രിൽ 23-ന് വോട്ടർമാർ ശരിയായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതത്തിന്റെ പടിഞ്ഞാറൻ അതിർത്തികൾ സുരക്ഷിതമാക്കിയത് ബിജെപിയാണെങ്കിൽ, കിഴക്കൻ അതിർത്തികളും ബിജെപി തന്നെ സുരക്ഷിതമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഗുണ്ടായിസത്തിന് അന്ത്യം:

കഴിഞ്ഞ 15 വർഷമായി തൃണമൂൽ കോൺഗ്രസ് സ്വന്തം ജനതയ്ക്ക് നേരെ അതിക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് മോദി പറഞ്ഞു. ഭയത്തെ ആയുധമാക്കിയാണ് അവർ ഭരിക്കുന്നത്. എന്നാൽ മുൻപ് ഇടതുപക്ഷം ഇതേ ഭീകരത അഴിച്ചുവിട്ടിരുന്നുവെന്നും അവരെ ജനങ്ങൾ തോൽപ്പിച്ചതുപോലെ ടിഎംസിയുടെ അന്ത്യവും ജനങ്ങൾ കുറിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മെയ് 4-ന് ശേഷം ബംഗാളിൽ യഥാർത്ഥ നിയമവാഴ്ച ആരംഭിക്കുമെന്നും ഓരോ അക്രമത്തിനും കണക്ക് ചോദിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

സ്ത്രീ സുരക്ഷയും വികസനവും:

ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവം മുതൽ സന്ദേശ്ഖാലി വരെ നീളുന്ന സംഭവങ്ങളിൽ ടിഎംസി പീഡകർക്കൊപ്പമാണ് നിന്നതെന്ന് മോദി ആരോപിച്ചു. ബംഗാളിലെ സ്ത്രീകൾക്ക് ഇന്ന് സുരക്ഷിതത്വമില്ല. രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലമായി ബംഗാൾ മാറിയിരിക്കുന്നു. സ്ത്രീകൾക്ക് അവകാശങ്ങൾ നൽകാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

ടിഎംസി സർക്കാർ നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചിട്ടും കേന്ദ്ര സർക്കാർ ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിച്ചുവരികയാണ്. അസൻസോൾ മേഖലയിലെ വ്യവസായവൽക്കരണത്തിനായി 45,000 കോടി രൂപയുടെ നിക്ഷേപം നടത്തി. ദുർഗാപൂർ-ഹാൽദിയ ഗ്യാസ് പൈപ്പ് ലൈൻ, പുതിയ ട്രെയിൻ സർവീസുകൾ, വന്ദേ ഭാരത് ട്രെയിനുകൾ എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു. ഈ തിരഞ്ഞെടുപ്പ് മാഫിയാ ഭരണത്തിൽ നിന്നുള്ള മോചനത്തിനുള്ളതാണെന്നും ബംഗാളിനെ വഞ്ചിച്ചവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News