Enter your Email Address to subscribe to our newsletters

New delhi, 09 ഏപ്രില്‍ (H.S.)
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ഇന്ത്യ. ഖത്തര്‍ സന്ദര്‍ശനത്തിനായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്ദീപ് സിങ് പുരി ഉടന്‍ പുറപ്പെടും. ഇറാന്‍ യുദ്ധം മൂലമുണ്ടായ പ്രതിസന്ധികള്‍ക്കിടെ എല്‍പിജി (ദ്രവീകൃത പ്രകൃതിവാതകം) വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് മന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇന്നും നാളെയുമാണ് (ഏപ്രില്‍ 9, 10) ഹര്‍ദീപ് സിങ് പുരിയുടെ ഖത്തര്‍ സന്ദര്‍ശനം.
പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ വീടുകളില്‍ ഗ്യാസ് ലഭ്യത ഉറപ്പാക്കാന്‍ നല്‍കുന്ന സിലിണ്ടറുകള്‍ പരിമിതപ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെട്ടു. ഖത്തറിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്ന് ആഗോള ഊര്‍ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ ഈ സന്ദര്‍ശനം. അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഹോര്‍മുസ് കടലിടുക്ക് വിജയകരമായി കടന്ന 15,400 ടണ്‍ എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പതാകയേന്തിയ കപ്പല്‍ തീരമണഞ്ഞതായി മഹാരാഷ്ട്രയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി (ജെഎന്‍പിഎ) വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഇറാന്‍, അമേരിക്ക, ഇസ്രയേല്‍ എന്നിവ ഉള്‍പ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ ഹോര്‍മുസ് കടന്നത് ശ്രദ്ധേയമായ കാര്യമാണെന്ന് ജെഎന്‍പിഎ വിശേഷിപ്പിച്ചു. ''ഇന്ന്, ഹോര്‍മുസ് കടലിടുക്ക് വിജയകരമായി കടന്ന് ബിപിസിഎല്‍-ഐഒസിഎല്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന ജെഎന്‍പിഎയുടെ ലിക്വിഡ് ബെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യന്‍ പതാകയുള്ള എല്‍പിജി കപ്പലായ ഗ്രീന്‍ ആശയെ ജെഎന്‍പിഎ അഭിമാനത്തോടെ സ്വാഗതം ചെയ്തു,'' ജെഎന്‍പിഎ ഒരു പ്രസ്താവനയില്‍ പറഞ്ഞു. അസംസ്‌കൃത എണ്ണ, രാസവസ്തുക്കള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം (LNG) തുടങ്ങിയ ലിക്വിഡ് കാര്‍ഗോ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക ഷിപ്പിങ് ബെര്‍ത്ത് ആണ് ലിക്വിഡ് ബെര്‍ത്ത്.
യുദ്ധം ആരംഭിച്ചതിനുശേഷം ജെഎന്‍പിഎയില്‍ എത്തുന്ന ആദ്യത്തെ കപ്പലാണിത് എന്നതിനാല്‍ ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്നും കപ്പല്‍ 15,400 ടണ്‍ എല്‍പിജി കൊണ്ടുവന്നുവെന്നും തുറമുഖ വൃത്തങ്ങള്‍ പറഞ്ഞു. ''കപ്പല്‍, അതിലെ ചരക്ക്, ക്രൂ അംഗങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. രാജ്യത്തിന് അവശ്യ എല്‍പിജിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനൊപ്പം സങ്കീര്‍ണ്ണമായ ഭൂരാഷ്ട്രീയ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മാരിടൈം മേഖലയുടെ കഴിവിനെ കപ്പലിന്റെ വരവ് എടുത്തുകാണിക്കുന്നു,'' -ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി വ്യക്തമാക്കി.
നവി മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ജെഎന്‍പിടി, നവ ഷെവ തുറമുഖം എന്നും അറിയപ്പെടുന്നു. കണ്ടെയ്നര്‍, ലിക്വിഡ് കാര്‍ഗോ എന്നിവ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ് ഇത്. കൂടാതെ രാജ്യത്തിന്റെ ഊര്‍ജ വിതരണ ശൃംഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഊര്‍ജ വിതരണത്തെ ബാധിച്ചു.
---------------
Hindusthan Samachar / Sreejith S