Enter your Email Address to subscribe to our newsletters

Newdelhi , 09 ഏപ്രില് (H.S.)
ന്യൂഡൽഹി: ഭാരതത്തിലെ സ്ത്രീസമൂഹത്തിന്റെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന വനിതാ സംവരണം നിയമ ഭേദഗതിക്ക് എല്ലാ പാർലമെന്റ് അംഗങ്ങളും പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. തന്റെ ഔദ്യോഗിക വെബ്സൈറ്റായ narendramodi.in-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാരതത്തിന്റെ നാരീശക്തിയെ ശാക്തീകരിക്കുന്നതിനായി ഭേദഗതികൾ പാസാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾ ഭാരതത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അവർക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമ്പത്തിക സഹായം എന്നിവ നൽകുന്നത് സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, സമൂഹത്തിൽ അവർ വഹിക്കുന്ന പങ്കിന് അനുസൃതമായ പ്രാതിനിധ്യം രാഷ്ട്രീയത്തിലും നിയമനിർമ്മാണ സഭകളിലും ലഭിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ പല സമിതികളും രൂപീകരിച്ചു, ബില്ലുകൾ അവതരിപ്പിച്ചു, എങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. എന്നാൽ നിയമനിർമ്മാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന കാര്യത്തിൽ വിശാലമായ യോജിപ്പുണ്ടായിരുന്നു. ഈ താൽപ്പര്യം മുൻനിർത്തിയാണ് 2023 സെപ്റ്റംബറിൽ പാർലമെന്റ് 'നാരീശക്തി വന്ദൻ അധിനിയമം' പാസാക്കിയത്. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നാണ്, മോദി കുറിച്ചു.
ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത തുല്യത എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം വൈകുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗുണനിലവാരത്തെയും ഉൾക്കൊള്ളൽ ശേഷിയെയുമാണ് ബാധിക്കുന്നത്. ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഈ സമയത്ത് ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകിക്കൊണ്ട് വരുംതലമുറകൾക്കായി ഭേദഗതികൾ പാസാക്കാൻ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭിന്നതകൾ മറന്ന് ഒന്നിച്ചുനിൽക്കാനുള്ള ഭാരതത്തിന്റെ കരുത്ത് പ്രകടിപ്പിക്കേണ്ട നിമിഷമാണിതെന്നും നാരീശക്തിയെ ശാക്തീകരിക്കുന്നത് രാഷ്ട്രപുരോഗതിക്ക് അനിവാര്യമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിച്ചത്.
---------------
Hindusthan Samachar / Roshith K