പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഇടുക്കിയിൽ ജനങ്ങൾ കടുത്ത ദുരിതത്തിൽ
Idukki , 01 മെയ് (H.S.) പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഇടുക്കിയിൽ ജനങ്ങൾ കടുത്ത ദുരിതത്തിലായി. ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ വയോധികരും സ്ത്രീകളും അടക്കം നിരവധി പേരാണ് സിലിണ്ടറിനായി ദിവസവും കാത്തുനിൽക്കുന്നത്. വേനൽച്ചൂടിൽ മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്
LPG


Idukki , 01 മെയ് (H.S.)

പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഇടുക്കിയിൽ ജനങ്ങൾ കടുത്ത ദുരിതത്തിലായി. ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ വയോധികരും സ്ത്രീകളും അടക്കം നിരവധി പേരാണ് സിലിണ്ടറിനായി ദിവസവും കാത്തുനിൽക്കുന്നത്. വേനൽച്ചൂടിൽ മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് വർധിപ്പിക്കുകയാണ്.

സാധാരണയായി വീടുകളിൽ കൃത്യസമയത്ത് എത്തിച്ചുനൽകുന്ന പാചകവാതക സിലിണ്ടറിനാണ് ആളുകൾ ഇപ്പോൾ ഏജൻസികളിൽ നേരിട്ടെത്തി മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്. നിലവിൽ വിതരണ സംവിധാനം താളം തെറ്റിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

മലയോര മേഖലയിലുള്ള ആളുകൾക്ക് വാഹനങ്ങളിലെത്തി സിലിണ്ടറുകൾ കൊണ്ടുപോകുന്നതും വലിയ അധികച്ചെലവ് വരുന്ന കാര്യമാണ്. സാമ്പത്തികമായി തളർന്ന മലയോര നിവാസികൾക്ക് ഈ അധിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്. സമയബന്ധിതമായി ഗ്യാസ് വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ ഇടപെടാത്തതിൽ കടുത്ത അമർഷവും നിലനിൽക്കുന്നുണ്ട്.

പ്രതിഷേധം ശക്തം

പലയിടത്തും ക്യൂ നിൽക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ആളുകളുടെ പ്രതിഷേധം ശക്തമായി. ജനങ്ങളുടെ തിരക്ക് ഒഴിവാക്കാനോ വരി നിൽക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ഏജൻസികൾ തയാറാകുന്നില്ലെന്നതാണ് പ്രധാന പരാതി. കുടിവെള്ളമോ തണലോ ഇല്ലാതെയാണ് രോഗികളടക്കമുള്ളവർ ചുട്ടുപൊള്ളുന്ന വെയിലിൽ ബുദ്ധിമുട്ടുന്നത്.

ഒരു മാസത്തിലധികമായി ഏജൻസികൾ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം പൂർണമായും നിർത്തിവച്ചിരിക്കുകയാണെന്ന് അവിടെ വരി നിൽക്കുന്ന ഒരു വയോധികൻ വ്യക്തമാക്കി. ഏജൻസികളിലുള്ള സിലിണ്ടറുകളുടെ എണ്ണത്തേക്കാൾ കൂടുതലാളുകൾ നട്ടുച്ചയ്ക്ക് വെയിലത്ത് കാത്തുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ പരിഗണിക്കാൻ സ്ഥാപനങ്ങൾ തയാറാകുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ തിരക്ക് കുറയ്ക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടോക്കൺ നൽകുന്നില്ലെന്ന കാരണത്താൽ മിക്കയിടത്തും ജനങ്ങളും ഏജൻസി ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്. പ്രതിഷേധം കടുത്തതോടെ ചില ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ പൊലീസും പൊതുപ്രവർത്തകരും നേരിട്ട് ഇടപെട്ടു. ഇവരുടെ കർശന നിർദേശപ്രകാരമാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ജനങ്ങൾക്ക് ടോക്കൺ നൽകാൻ തുടങ്ങിയത്. കൂട്ടത്തോടെ ഏജൻസികളിൽ എത്തുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഏവരുടെയും ആവശ്യം. ദിവസവും ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം അടിസ്ഥാനമാക്കി വിതരണം സുതാര്യമാക്കണം. ജില്ലയിൽ തുടരുന്ന പാചകവാതക ക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് ജനങ്ങൾ ഒരേസ്വരം ആവശ്യപ്പെടുന്നത്.

വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്നുഇടുക്കിയിലെ പാചകവാതക ക്ഷാമത്തിന് പുറമെ രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ വില രാജ്യത്ത് ഇന്ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതോടെ വാണിജ്യ സിലിണ്ടറിൻ്റെ വില ചരിത്രത്തിൽ ആദ്യമായി 3000 രൂപ കടന്നു. വിപണിയിൽ ഇത്രയും വലിയ മാറ്റം ഒറ്റത്തവണ ഉണ്ടാകുന്നത് വളരെ അപൂർവമായ കാര്യമാണ്. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയില്ല എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി.

പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തും സിലിണ്ടർ വിലയിൽ വലിയ മാറ്റമുണ്ടായി. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് പുതിയ നിരക്ക് പ്രകാരം 3085 രൂപ നൽകണം. തിരുവനന്തപുരത്ത് ഇത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമായി ഉയർന്നു. മുൻകാല പ്രതിസന്ധികളിൽ നിന്ന് കരകയറിത്തുടങ്ങിയ വ്യാപാര മേഖലയ്ക്ക് ഈ വിലവർധന വലിയ തിരിച്ചടിയായി മാറും.

സിലിണ്ടർ വിലയിലുണ്ടായ മാറ്റം ചെറുകിട കച്ചവടക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. ഹോട്ടൽ, റെസ്റ്റോറൻ്റ്, വഴിയോരക്കച്ചവടം തുടങ്ങിയ മേഖലകളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. പാചകവാതക ക്ഷാമവും തുടർച്ചയായുള്ള വിലക്കയറ്റവും സാധാരണക്കാരുടെ ജനജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും ഏജൻസികളും അടിയന്തരമായി ഇടപെടണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News