Enter your Email Address to subscribe to our newsletters

Ernakulam , 01 മെയ് (H.S.)
എക്സിറ്റ് പോളുകള് യുഡിഎഫിന് മേല്ക്കൈ പ്രവചിച്ചതിന് പിന്നാലെ പുതിയ സർക്കാരിനെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്.
അടുത്ത സർക്കാരിന്റെ തലവനായി, കേരളത്തിന്റെ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്നാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്. വിഡി സതീശന് മുൻപില് ഇനിയും അവസരങ്ങള് ഉണ്ടെന്നും കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള് ഇങ്ങനെ: പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, അടുത്ത മുഖ്യമന്ത്രി ആരെന്നു ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുകയാണ്. ഇതിനായി പ്രധാനമായും നാല് നേതാക്കളെയാണ് മുന്നില് നിർത്തുന്നത്: രമേശ് ചെന്നിത്തല ജി, വിഡി സതീശൻ ജി, കെസി വേണുഗോപാല് ജി, കുഞ്ഞാലിക്കുട്ടി ജി. ഇവരില് നിന്നും ഒരാളെ തിരഞ്ഞെടുക്കുവാൻ പറഞ്ഞാല് ഞാൻ രമേശ് ചെന്നിത്തല ജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. (തീർത്തും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്.) ഉമ്മൻ ചാണ്ടി ജിക്ക് ശേഷം ഇദ്ദേഹം... ഒ.സി. കഴിഞ്ഞാല് ആർ.സി... അതിനുള്ള കാരണങ്ങള്:
വിഡി സതീശൻ ജി കഴിഞ്ഞ അഞ്ച് വർഷം നല്ല രീതിയില് പരിശ്രമിച്ച്, പലപ്പോഴും ശക്തമായ തീരുമാനങ്ങള് എടുത്തുമാണ് കോണ്ഗ്രസ് പാർട്ടിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഫലം. പക്ഷേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ ഇനിയും നിരവധി അവസരങ്ങള് മുന്നിലുണ്ട്. അതിനു മുൻപുള്ള അഞ്ച് വർഷങ്ങളില് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ജിയുടെ പ്രകടനം മികച്ചതായിരുന്നു.
ഒരുപാട് പരിശ്രമിച്ച് നിരവധി രേഖകളും തെളിവുകളും അവതരിപ്പിച്ച് നിരവധി അഴിമതി ആരോപണങ്ങള് അദ്ദേഹം ഉയർത്തിയിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഭാഗ്യം ലഭിച്ചില്ല. അതിനാല് ഇത്രയും സീനിയർ ആയ അദ്ദേഹത്തെ ഇത്തവണ മുഖ്യമന്ത്രിയാക്കണം.
കെസി വേണുഗോപാല് ജി സീനിയർ നേതാവും രാഹുല് ജിയുടെ അടുത്ത ആളുമാണ്. നെഹ്റു കുടുംബവുമായി അടുത്ത ബന്ധവും ഉണ്ട്. അതുപോലെ മുഖ്യമന്ത്രിയാകാൻ നൂറ് ശതമാനം യോഗ്യതയുള്ള വ്യക്തിയാണ്. പക്ഷേ ഈയിടെയായി അദ്ദേഹം നേരിട്ട് ജനങ്ങളുമായി കൂടുതല് ഇടപെടുന്നു. നിരവധി വിഷയങ്ങളില് ഒറ്റയ്ക്ക് ഇടപെട്ട് കൈയടി നേടിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില് ഒരു വർഷം മുമ്പ് തന്നെ അദ്ദേഹം കൂടുതല് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരിക്കേണ്ടതായിരുന്നു. അതിനാല് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
കുഞ്ഞാലിക്കുട്ടി ജിയുടെ മുസ്ലിം ലീഗിനെക്കാള് കൂടുതല് സീറ്റുകള് കോണ്ഗ്രസ് ഒറ്റയ്ക്ക് നേടാനുള്ള സാധ്യതയുള്ളതിനാല് യോഗ്യത ഉണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാകാൻ സാധ്യത കുറവാണ്. എന്നാല് മുമ്പ് മഹാരാഷ്ട്രയില് സഖ്യകക്ഷിയായ ശിവസേന പ്രധാന കക്ഷിയായ ബിജെപിയോട് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതിനാല് യു.ഡി.എഫ് മുന്നണിയുടെ നട്ടെല്ലായി കരുതുന്ന മുസ്ലിം ലീഗ് രണ്ടര വർഷം അവർക്കും, രണ്ടര വർഷം കോണ്ഗ്രസിനും ആയി മുഖ്യമന്ത്രി സ്ഥാനം വിഭജിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ എങ്കില് രണ്ടര വർഷം മുസ്ലിം ലീഗിനും, രണ്ടര വർഷം കോണ്ഗ്രസിനും മുഖ്യമന്ത്രി സ്ഥാനം ലഭിക്കും.
അതൊന്നും അംഗീകരിക്കാത്ത പക്ഷം ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലിക്കുട്ടി ജിക്ക് നിർബന്ധമായും ആവശ്യപ്പെടാം. കൂടാതെ മൊത്തം മന്ത്രിമാരില് പകുതി ലീഗിനായി ആവശ്യപ്പെടാനും കഴിയും.
കേരളത്തില് ഇവരില് ആരാണ് മുഖ്യമന്ത്രി ആകുക എന്നതാണ് നിങ്ങളുടെ അഭിപ്രായം?
(വാല്ക്കഷണം: ഒരു തിരി തെളിയിക്കുന്നത് എളുപ്പമാണ്. അത് അണയാതെ നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. അത് നമ്മുടെ ജീവിതത്തിലായാലും, രാഷ്ട്രീയത്തിലായാലും.)
---------------
Hindusthan Samachar / CHANDHU CHANDRASEKHAR