Enter your Email Address to subscribe to our newsletters

Chennai , 01 മെയ് (H.S.)
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 4ന് വിജയിക്കുന്ന ടിവികെ സ്ഥാനാർഥികൾ പനൈയൂർ ഓഫിസിലെത്താൻ നിർദേശിച്ച് പാർട്ടി അധ്യക്ഷൻ വിജയ്. വോട്ടെണ്ണൽ ദിവസം ജനവിധിയിലൂടെ വിജയിച്ച ശേഷം സ്വന്തം ആവശ്യങ്ങൾക്കായി മറ്റെങ്ങും പോകാതെ തൻ്റെ അടുത്തേക്ക് വരണമെന്നും, നിങ്ങൾക്കായി പാർട്ടി ആസ്ഥാനത്ത് കാത്തിരിക്കുമെന്നും അദ്ദേഹം ടിവികെ സ്ഥാനാർഥികളോട് നിർദേശിച്ചു.
ഏപ്രിൽ 23നാണ് തമിഴ്നാട് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ മെയ് 4ന് നടക്കും. ഇതിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈ പനൈയൂരിലെ ഹെഡ് ക്വാർട്ടേഴ്സിൽ നേരിട്ടെത്തിയാണ് അദ്ദേഹം മത്സരിച്ച സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ സ്ഥാനാർഥികൾക്ക് അദ്ദേഹം വിവിധ നിർണായക മാർഗനിർദേശങ്ങൾ നൽകിയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവർത്തകർ എങ്ങനെ പ്രവർത്തിക്കണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.
ജാഗ്രത വേണം, അട്ടിമറിക്ക് സാധ്യത
വോട്ടെണ്ണൽ ദിനമായ മെയ് 4ന് എതിർ പാർട്ടിക്കാർ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനോ ക്രമക്കേടുകൾ നടത്താനോ സാധ്യതയുണ്ടെന്ന് വിജയ് സ്ഥാനാർഥികൾക്ക് മുന്നറിയിപ്പ് നൽകി. അതിനാലാണ് നിർബന്ധമായും എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടത്.
വരുന്ന തെരഞ്ഞെടുപ്പ് ഫലം പൂർണമായും ടിവികെയ്ക്ക് അനുകൂലമാകാനാണ് സാധ്യത. എന്നിരുന്നാലും ആരുടേയും ഭാഗത്ത് നിന്ന് വീഴചയുണ്ടാകരുത്, കാര്യങ്ങൾ വളരെ കരുതലോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതോടൊപ്പം വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയായ ശേഷം പാർട്ടിയുടെ മികച്ച വിജയം എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ചും ഭാരവാഹികളുമായും സ്ഥാനാർഥികളുമായും അദ്ദേഹം കൂടിയാലോചനകൾ നടത്തി.
മറ്റുവിടങ്ങളിൽ പോകരുത്
സ്ഥാനാർഥികൾക്ക് വലിയ ആത്മവിശ്വാസമാണ് യോഗത്തിൽ പാർട്ടി അധ്യക്ഷൻ പകർന്നുനൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചാൽ ഉടൻ തന്നെ മറ്റെവിടെയും പോകാതെ എല്ലാവരും പനൈയൂരിലെ ഓഫീസിലേക്ക് വരണം. നിങ്ങൾ എല്ലാവരും ഇവിടെവരുന്നതുവരെ തികഞ്ഞ ആത്മവിശ്വാസത്തോടെ താൻ ഇവിടെ കാത്തിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
യോഗത്തിന് ശേഷം ആർ.കെ നഗർ മണ്ഡലത്തിലെ ടിവികെ സ്ഥാനാർഥിയായി മത്സരിച്ച മരിയ വിൽസൺ മാധ്യമപ്രവർത്തകരോട് സംസാരിച്ചു. യോഗത്തിൽ സ്ഥാനാർഥികൾക്ക് ലഭിച്ച പുതിയ തെരഞ്ഞെടുപ്പ് അനുഭവം, തെരഞ്ഞെടുപ്പ് യാത്രകൾ, ജനങ്ങളുമായുള്ള ആശയവിനിമയം എന്നിവ എങ്ങനെയായിരുന്നു തുടങ്ങിയ കാര്യങ്ങൾ വിജയ് പ്രത്യേകം ചോദിച്ചറിഞ്ഞതായി അവർ വ്യക്തമാക്കി.
എക്സിറ്റ് പോളുകളിൽ ആശങ്ക വേണ്ട
വോട്ടെണ്ണൽ ദിവസത്തെ സംസ്ഥാനത്തെ ഒരുക്കങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തിപരമായി ചോദിച്ചറിഞ്ഞു. പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് യോഗത്തിൽ യാതൊരു ആശങ്കയും ഭയവും നിങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടെന്നും, തമിഴ്നാട്ടിലെ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നേരത്തെ തന്നെ കൃത്യമായി തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞതായി സ്ഥാനാർഥി കൂട്ടിച്ചേർത്തു. മെയ് 4ന് ഇക്കാര്യത്തിൽ കൃത്യമായ യാഥാർഥ്യവും തീരുമാനവും വ്യക്തമാകുമെന്നാണ് സ്ഥാനാർഥികൾക്ക് മുൻപായി വിജയ് നൽകിയ ഏറ്റവും വലിയ ഉറപ്പ്.
വോട്ടെണ്ണൽ ദിവസമായ അന്ന് രാവിലെ ആറ് മണിക്ക് തന്നെ സ്ഥാനാർഥികൾ അവരവരുടെ കൗണ്ടിങ് സെൻ്ററുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം നിർബന്ധമായി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നീട് ഒരു കാരണവശാലും സെൻ്ററിൽ നിന്ന് ആരും പുറത്തുപോകരുതെന്ന കർശനമായ നിർദേശവും നൽകി.
തെരഞ്ഞെടുപ്പ് പൂർത്തിയായതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഓരോ മണ്ഡലങ്ങളിലെയും വോട്ടിങ് ശതമാനവും മറ്റു കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്താൻ സോൺ അടിസ്ഥാനത്തിൽ ഭാരവാഹികളുമായി അദ്ദേഹം നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് താഴെത്തട്ടിലുള്ള പ്രവർത്തകർ നേരിട്ട പ്രധാന വെല്ലുവിളികൾ അദ്ദേഹം കേട്ടറിഞ്ഞു. അതിന് ശേഷം വിവിധ ആത്മീയ കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രാർഥനകൾ നടത്തിയ ശേഷമാണ് വിജയ് ഇപ്പോൾ തൻ്റെ ആദ്യഘട്ട സ്ഥാനാർഥി യോഗം വിളിച്ചുചേർത്തത്. 25 സ്ഥാനാർഥികളാണ് അദ്ദേഹവുമായുള്ള മുഖാമുഖം യോഗത്തിൽ പനൈയൂരിൽ പങ്കെടുത്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR