കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോണ്ഗ്രസ് ഹൈക്കമാന്ഡ്
Thiruvananthapuram , 13 മെയ് (H.S.) കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എല്ലാ കൂടിയാലോചനകളും ചർച്ചകളും പൂർത്തിയായതായും നാളെ പ്രഖ്യാപനം നടക്കുമെന്നും എ.ഐ.സി.സി കമ്മ്യ
Assembly election


Thiruvananthapuram , 13 മെയ് (H.S.)

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എല്ലാ കൂടിയാലോചനകളും ചർച്ചകളും പൂർത്തിയായതായും നാളെ പ്രഖ്യാപനം നടക്കുമെന്നും എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ ജയറാം രമേശ് ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു. പത്തു ദിവസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും സസ്പെൻസിനും ഇതോടെ നാളെ വിരാമമാകും.

ഇന്ന് വൈകിട്ട് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമായത്.

അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സജീവമായി രംഗത്തുണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഒരു വിഭാഗം നേതാക്കൾക്ക് അവകാശപ്പെടാനുണ്ടെങ്കിലും, തെരഞ്ഞെടുപ്പിനെ മുന്നിൽനിന്ന് നയിച്ച രീതിയും ഘടകകക്ഷികളുടെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിച്ചു.

എം.എൽ.എമാരുടെ സാങ്കേതിക പിന്തുണ എന്നതിനപ്പുറം കേരളത്തിന്റെ ജനാഭിലാഷവും മുന്നണിയിലെ ഐക്യവും മുൻനിർത്തിയാകും അന്തിമ പ്രഖ്യാപനം. മുസ്ലീംലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി, സി.എം.പി തുടങ്ങിയ ഘടകകക്ഷികളെല്ലാം തങ്ങളുടെ അഭിപ്രായങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന നിർദ്ദേശവും ചർച്ചകളിൽ ഉയർന്നു വന്നു.

സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവരുടെ നിലപാടുകളും ഹൈക്കമാൻഡ് ആരാഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ പ്രസിഡന്റുമാരായ കെ. സുധാകരൻ, എം.എം. ഹസൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ തുടങ്ങിയവരുമായി ഹൈക്കമാൻഡ് ഡൽഹിയിൽ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. നാളെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ഞായറാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോര്ട്ട്. ഇതിന് പിന്നാലെ മന്ത്രിസഭാ വികസനവും നടക്കും.

അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഡൽഹിയിൽ നിന്നുള്ള ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രാവിലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ ഔദ്യോഗിക അറിയിപ്പ് വന്നശേഷം പാർട്ടിതല കാര്യങ്ങൾ തീരുമാനിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന ഭരണ സ്തംഭനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ച കൊണ്ടൊന്നും സംസ്ഥാനത്ത് വലിയ ഭരണ സ്തംഭനം ഉണ്ടാകില്ല. കേരളം ഇനി ഭരിക്കാൻ പോകുന്നത് യുഡിഎഫ് സർക്കാരാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാം. അതുകൊണ്ട് ഭരണരംഗത്തുള്ള ഉദ്യോഗസ്ഥർ മറ്റ് ഇടങ്ങളിൽ പോയി ഉത്തരവുകൾ വാങ്ങില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗിൻ്റെ പിന്തുണ വിഡി സതീശനാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News