Enter your Email Address to subscribe to our newsletters

Jaipur , 13 മെയ് (H.S.)
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി 2026 നെ ചുറ്റിപ്പറ്റി വൻ വിവാദം കത്തികയറുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവിലാണ് അന്വേഷണ സംഘം. പരീക്ഷയിൽ വന്ന ചോദ്യങ്ങളുമായി സാമ്യമുള്ള പേപ്പർ കേരളത്തിൽ പഠിക്കുന്ന ഒരു എംബിബിഎസ് വിദ്യാർത്ഥിയിൽ നിന്ന് രാജസ്ഥാനിലെ വിദ്യാർഥികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചതായി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിൽ നിന്ന് ചോദ്യപേപ്പർ ചോർത്തിയ എംബിബിഎസ് വിദ്യാർഥി രാജസ്ഥാനിലെ സിക്കാർ സ്വദേശിയാണ്. ഇയാൾക്ക് ആദ്യം ഒരു സുഹൃത്തിൽ നിന്നാണ് ഗസ് പേപ്പർ ലഭിച്ചതെന്ന് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഐജി അജയ് പാൽ ലാംബ അറിയിച്ചു. പിന്നീട് വിദ്യാര്ഥി അത് സുഹൃത്തുകൾക്കും സിക്കാറിലെ ഒരു ഹോസ്റ്റൽ ഉടമയ്ക്കും കൈമാറിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഹോസ്റ്റൽ ഉടമ അത് മറ്റ് വിദ്യാർഥികൾക്ക് വിതരണം ചെയ്തതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പരീക്ഷയ്ക്ക് മുൻപ് തന്നെ ജയ്പൂർ ഉൾപ്പെടെയുള്ള മേഖലകളിലെ നിരവധി നീറ്റ് പരീക്ഷാർഥികൾക്ക് ഈ പിഡിഎഫ് ഫയൽ ലഭിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരാളിലൂടെ ഈ ഗസ് പേപ്പർ രാജസ്ഥാനിലേക്ക് എത്തിയതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു.
പരീക്ഷ ചോദ്യ ചോർച്ചയെന്ന അഭ്യൂഹത്തെ തുടർന്ന് എസ്ഒജിയും രാജസ്ഥാനിലെ വിവിധ ജില്ലകളിലെ പൊലീസും ചേർന്ന് 150 ലേറെ വിദ്യാർഥികളെയും,അവരുടെ സുഹൃത്തുക്കളെയും, രക്ഷിതാക്കളെയും ചോദ്യം ചെയ്തു. അന്വേഷണത്തിനിടെ പ്രചരിച്ച പിഡിഎഫ് ഫയലിൽ ഉണ്ടായിരുന്ന 45 രസതന്ത്ര ചോദ്യങ്ങളും, 90 ജീവശാസ്ത്ര ചോദ്യങ്ങളും യഥാർത്ഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി സാമ്യമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്. പ്രെവറ്റ് മാഫിയ എന്ന പേരിലുള്ള ഒരു സമൂഹ മാധ്യമ ഗ്രൂപ്പിലൂടെയാണ് പാസ്വേഡ് ഉള്ള പിഡിഎഫ് ഫയൽ പ്രചരിച്ചതെന്നും കണ്ടെത്തി. ഇതിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
സിബിഐയുടെ വരവ്
അന്വേഷണ വിവരങ്ങൾ ദേശീയ പരീക്ഷ ഏജൻസിയായ എൻടിഐയ്ക്ക് കൈമാറിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. ചൊവ്വാഴ്ച രാത്രി സിബിഐ സംഘം സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പിൻ്റെ ഓഫീസിലെത്തി രേഖകളും തെളിവുകളും കൈപ്പറ്റി. ഇതിനകം നിരവധി സംശയ നിഴലില് നില്ക്കുന്നവരെ സിബിഐക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വൻ നടപടികൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. അതേസമയം, പരിശീലന കേന്ദ്രങ്ങൾക്കോ കോച്ചിങ് സ്ഥാപനങ്ങൾക്കോ നേരിട്ടുള്ള പങ്കുണ്ടെന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്ഒജി വ്യക്തമാക്കിയിട്ടുണ്ട്. സംഭവം രാജ്യത്തെ പ്രവേശന പരീക്ഷകളുടെ വിശ്വസ്ഥതയെ തന്നെ ചോദ്യം ചെയ്യുന്നതായി മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR