Enter your Email Address to subscribe to our newsletters

Kannur , 13 മെയ് (H.S.)
പയ്യന്നൂർ നഗരസഭയുടെ സാമ്പത്തിക ഇടപാടുകളിലും ഭരണനിര്വഹണത്തിലും ഗുരുതരമായ വീഴ്ചകള് കണ്ടെത്തി ഓഡിറ്റ് റിപ്പോര്ട്ട്. മരിച്ചവരും ക്ഷേമപെൻഷൻ വാങ്ങുന്നതും ലക്ഷക്കണക്കിന് രൂപയുടെ വാടക കുടിശിക പിരിച്ചെടുക്കാത്തതും ഉള്പ്പെടെയുള്ള അനാസ്ഥകളാണ് പുറത്തുവന്നിരിക്കുന്നത്. 2024- 25 സാമ്പത്തിക വർഷ കാലത്ത് പയ്യന്നൂർ നഗരസഭയിൽ മരണം രജിസ്റ്റർ ചെയ്തിട്ടുള്ളതും ക്ഷേമ പെൻഷൻ കൈപ്പറ്റി വരുന്നതുമായ 23 ഗുണഭോക്താക്കളുടെ മരണശേഷവും പെൻഷൻ തുക അനുവദിച്ചിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉള്ളത്.
പയ്യന്നൂർ നഗരസഭയിൽ മരണം രജിസ്റ്റർ ചെയ്യപ്പെട്ട മറ്റു തദ്ദേശസ്ഥാപനങ്ങളിൽ ഉൾപ്പെട്ട 30 ഗുണഭോക്താക്കൾക്കും പെൻഷൻ നൽകുന്നു. മരണശേഷം അനുവദിച്ച തുക തിരികെ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഓഡിറ്റ് എൻക്വയറിക്ക് നഗരസഭ മറുപടി നൽകിയിട്ടുണ്ട്.
കെട്ടിക്കിടന്ന് കുടിശിക...
നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നൽകുന്നതുമായ ഷോപ്പിങ് കോംപ്ലക്സ്, വെജിറ്റബിൾ സ്റ്റാൾ എന്നിവയിലെ മുറികളുടെ വാടക കുടിശിക ഇതുവരെയും അടപ്പിച്ചിട്ടില്ല. പെരുമ്പാ ഷോപ്പിങ് കോംപ്ലക്സിലെ സിവിൽ സപ്ലൈസ്, വീവേഴ്സ് സൊസൈറ്റി സിപിഎം ഓഫീസ്, സിഐടിയു ഓഫീസ് എന്നിവയുടെ വാടക കുടിശ്ശിക ഉണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പെരുമ്പ വെജിറ്റബിൾ സ്റ്റാളിലും മൂരികോവ്വൽ ഷോപ്പിങ് കോംപ്ലക്സിലും വാടക കുടിശിക ആക്കിയവർ ഉണ്ട്. സ്ഥാപനങ്ങൾ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്നു. ലൈസൻസ് അടയ്ക്കുന്നില്ല. വാർഷിക കണക്ക് പ്രകാരം 51.97 ലക്ഷം രൂപ ലൈസൻസിന് കുടിശികയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ലൈസൻസ് ഇത്രയും വലിയ തുക കുടിശിക വരാനിടയായ സാഹചര്യം വിശദീകരിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളും റിപ്പോർട്ടിലുണ്ട്. പ്രസ്തുത സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഓഡിറ്റ് എൻക്വയറി നഗരസഭ മറുപടി നൽകിയിട്ടുണ്ട്. ഭീമമായ വസ്തു നികുതി കുടിശികയുള്ള 20 കെട്ടിടങ്ങളുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് തുക അനുവദിച്ചു രേഖപ്പെടുത്തുന്നത് റെക്കോര്ഡില് രേഖപ്പെടുത്തുന്നതിനു പകരം നോട്ടുബുക്കിലാണ് എഴുതുന്നത്.
നോട്ടുബുക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടുമില്ല. ഗുണഭോക്താവിൻ്റെ അക്കൗണ്ട് നമ്പർ ഓരോ തവണയും അനുവദിച്ച തുക തീയതി ഉൾപ്പെടെ പ്രധാനപ്പെട്ട വിവരങ്ങൾ നോട്ടുബുക്കിലും രേഖപ്പെടുത്തിയിട്ടില്ല. മുൻവർഷങ്ങളിൽ അനുവദിച്ച തുകയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ ഫയലുകളും ലഭ്യമല്ലെന്ന് ഓഡിറ്റർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ചുള്ള ഓഡിറ്റ് പരിശോധനയ്ക്ക് നഗരസഭ മറുപടിയും നൽകിയിട്ടില്ല.
എംഎൽഎ മാറിയത് അന്വേഷണങ്ങൾക്ക് വഴി മരുന്നിടുമോ...
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ കുത്തക സീറ്റ് തകർത്ത വി കുഞ്ഞികൃഷ്ണൻ എംഎൽഎആയി ചുമതലയേല്ക്കുന്നതോടെ ഇത്തരം അഴിമതി കേസുകൾക്ക് പിന്നാലെ പോകുമോ എന്നുള്ളതാണ് പ്രധാനമായും നോക്കി കാണേണ്ടത്. പ്രധാനമായും സാമ്പത്തിക അഴിമതികൾക്കും ഒക്കെ പോകുന്ന എംഎൽഎ എന്ന നിലയിൽ നിരന്തരമായ അന്വേഷണങ്ങൾക്കും ചുക്കാൻ പിടിക്കുമോ എന്നുള്ളത് നോക്കി കാണേണ്ടതുണ്ട്. കഴിഞ്ഞ കാലാകാലങ്ങളായി സിപിഎം ഭരണം നടത്തുന്ന പ്രദേശമാണ് പയ്യന്നൂര്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR