Enter your Email Address to subscribe to our newsletters

Pathanamthitta , 13 മെയ് (H.S.)
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫിസുകളും ഡിജിറ്റൈസേഷനിലേക്ക്. ഇതിനായി കിറ്റ്ഫ്രയും (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ദേവസം കമ്മിഷണർ ബി. സുനിൽ കുമാറും കിറ്റ്ഫ്രയ്ക്കായി ഡയറക്ടർ രാഹുൽ കെ രാജ് ആണ് ധാരണാ പത്രത്തിൽ ഒപ്പു വച്ചത്.
ക്ഷേത്ര ഭരണം, ഓഫിസുകളിലെ ഫയൽ നീക്കം, ക്ഷേത്രങ്ങളിലെയും ഓഫിസുകളിലെയും സാമ്പത്തിക ക്രയ വിക്രയം, ഭക്തജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ, ശബരിമലയിലെ വിവിധ ഓൺലൈൻ സേവനങ്ങൾ എന്നിവയാണ് ഡിജിറ്റൈസേഷനിലൂടെ നടപ്പാക്കുന്നത് എന്നും അധികൃതർ അറിയിച്ചു. ഈ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ ഓൺലൈൻ സേവനങ്ങൾ ആദ്യ മോഡ്യൂൾ ആയി നടപ്പാക്കും. ഡിജിറ്റൈസേഷൻ നടപ്പാക്കുന്നതോടെ കൂടുതൽ വേഗത്തിലും കാര്യക്ഷമതയോടെയും സുതാര്യമായും ഭക്ത ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയും. ഭക്ത ജനങ്ങള്ക്കും ഇത് വലിയ സഹായകമാകും.
ഇടവ മാസ പൂജ: ശബരിമല നട നാളെ തുറക്കും
ഇടവ മാസ പൂജകള്ക്കായി ശബരിമല നട നാളെ (മെയ് 14)തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് വൈകിട്ട് അഞ്ച് മണിക്ക് മേല്ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയില് അഗ്നി പകരും. പിന്നീട് അയ്യപ്പ ഭക്തർക്ക് ദർശനത്തിന് അനുവാദം ലഭിക്കും.
മെയ് 15നാണ് ഇടവ മാസം ഒന്നാം തീയതി. അന്നേ ദിവസം പുലർച്ചെ അഞ്ച് മണിക്ക് ദർശനത്തിനായി നട തുറക്കും. അന്നേ ദിവസം മുതല് ദീപാരധനയും അതിന് ശേഷം പതിനെട്ടാം പടിയില് പടിപൂജയും ഉണ്ടാകും. ഇടവ മാസ പൂജകള് പൂർത്തിയായ ശേഷം മെയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹമുള്ള ഭക്തർക്ക് വെർച്ചല് ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാം. അതിനായി www.sabarimalonline.org വെബ്സൈറ്റ് സന്ദർശിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR