ബാരാമതിയില് വീണ്ടും വിമാനം തകര്ന്ന് വീണു; സാങ്കേതിക തകരാറെന്ന് റിപ്പോര്ട്ട്
mumbai, 13 മെയ് (H.S.) മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആയിരുന്ന അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണ ബാരാമതി എയര്‍സ്ട്രിപ്പില്‍ വീണ്ടും അപകടം. സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത
flight accident


mumbai, 13 മെയ് (H.S.)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആയിരുന്ന അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണ ബാരാമതി എയര്‍സ്ട്രിപ്പില്‍ വീണ്ടും അപകടം. സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ബാരാമതി എയര്‍സ്ട്രിപ്പ് ഏരിയയോട് ചേര്‍ന്നുള്ള ഗോജുബാവി ഗ്രാമത്തിന് സമീപം പരീശീലനത്തിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. സംഭവ സമയത്ത് വിമാനത്തില്‍ പരിശീലന പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബാരാമതി എയര്‍സ്ട്രിപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന റെഡ്‌ബേര്‍ഡ് ഫ്‌ലൈറ്റ് ട്രെയിനിങ് അക്കാദമിയുടേതാണ് വിമാനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇതേ കമ്പനിയുടെ വിമാനങ്ങള്‍ മുമ്പും പലതവണ ഇതേ ജില്ലയില്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. ജനുവരി 28 ന്, അന്നത്തെ ഉപമുഖ്യമന്ത്രി അജിത് പവാറും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ ചാര്‍ട്ടര്‍ വിമാനം ബാരാമതി എയര്‍സ്ട്രിപ്പിന് സമീപം തകര്‍ന്നുവീണിരുന്നു. സംഭവത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. വിഎസ്ആര്‍ വെഞ്ചേഴ്സ് എന്ന കമ്പനിയുടെ വിമാനമാണ് അന്ന് അപകടത്തില്‍ പെട്ടത്.

'ദൃക്സാക്ഷികളില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍ പ്രകാരം, വിമാനം താരതമ്യേന താഴ്ന്ന് പറക്കുകയായിരുന്നു, ഇതിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചു. ക്രാഷ് ലാന്‍ഡിങ്ങിനിടെ, വിമാനത്തിന്റെ ഒരു വശം ഒരു ലൈറ്റ് പോസ്റ്റില്‍ ഇടിച്ചതായും തുടര്‍ന്ന് നിലത്തേക്ക് പതിച്ചതായും റിപ്പോര്‍ട്ടുണ്ട്.' -ഇന്നത്തെ സംഭവത്തെക്കുറിച്ച് പൂനെ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്‍ പിടിഐയോട് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആവശ്യമായ അന്വേഷണവും തുടര്‍ നടപടികളും നടന്നുവരുന്നു എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

VT-RFY രജിസ്‌ട്രേഷന്‍ ഉള്ള ടെക്നം P2008JC വിമാനമാണ് ബാരാമതി എയര്‍സ്ട്രിപ്പിന് സമീപമുള്ള ഗോജുബാവിയില്‍ അപകടത്തില്‍ പെട്ടത് എന്ന് റെഡ്‌ബേര്‍ഡ് ഫ്‌ലൈറ്റ് ട്രെയിനിങ് അക്കാദമി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ലഭിച്ച പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, സംഭവസമയത്ത് വിമാനം പറക്കുകയായിരുന്നു. കാഡറ്റ് പൈലറ്റ് സുരക്ഷിതനാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News