Enter your Email Address to subscribe to our newsletters

New delhi, 13 മെയ് (H.S.)
കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക കൂടിക്കാഴ്ച തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് ചര്‍ച്ച നടക്കുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള ഈ ചര്‍ച്ചയില്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രി ആരെന്ന കേന്ദ്ര നേതാക്കളുടെ തീരുമാനം എന്തെന്ന് കെ.സി. വേണുഗോപാലിനെയാകും മല്ലികാര്‍ജുന്‍ ഖര്‍ഗയും രാഹുല്‍ ഗാന്ധിയും ആദ്യം അറിയിക്കുക. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ഔദ്യോഗിക ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരം. ഇനി രാഹുലും ഖര്‍ഗെയും തമ്മിലുള്ള അവസാനവട്ട ആശയവിനിമയം മാത്രമാണ് നടക്കേണ്ടത്. എ.കെ. ആന്റണിയോട് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയതായാണ് വിവരം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കെപിസിസിയുടെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും ദീപാദാസ് മുന്‍ഷിക്കൊപ്പം വിമാനത്തിലുണ്ട്. ഇതോടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്ന് ഉറപ്പായി. വൈകിട്ട് ആറരയോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്തെത്തും. ഈ സമയത്താകും ഡല്‍ഹിയില്‍ യോഗം അവസാനിക്കുക. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടന്നേക്കുമെന്നും അഭ്യൂഹം ഇതിനിടെ പരന്നിരുന്നു. ദീപാദാസ് മുന്‍ഷി ഇതിനായി കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ഉച്ചയോടെ പുറത്തുവന്ന വിവരം. അവസാന നിമിഷം യാത്ര റദ്ദാക്കിയ ദീപദാസ് ഡല്‍ഹിയില്‍ തുടര്‍ന്നു. ഇതിനുപിന്നാലെ വൈകിട്ടത്തെ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകള്‍. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S