ജ്യോത്യതിഷിയെ മുഖ്യമന്ത്രിയുടെ സ്പെഷ്യല് ഡ്യൂട്ടി ഓഫീസറായ നിയമിച്ചത് പിന്വലിച്ചു; വിമര്ശനം അംഗീകരിച്ച് വിജയ്
Chennai, 13 മെയ് (H.S.) ചെന്നൈ: ജ്യോതിഷിയായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിന്‍വലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയാണ് ഈ തീരുമാനം എടുത്തത്. ഭരണപക്ഷത്തെ സഖ
vijay astro


Chennai, 13 മെയ് (H.S.)

ചെന്നൈ: ജ്യോതിഷിയായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി (OSD) നിയമിച്ചുകൊണ്ടുള്ള തീരുമാനം പിന്‍വലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയാണ് ഈ തീരുമാനം എടുത്തത്. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.

പൊതുഭരണത്തില്‍ ജ്യോതിഷത്തിന് പ്രാധാന്യം നല്‍കുന്നത് ശാസ്ത്രീയ ചിന്താഗതിക്കും യുക്തിക്കും വിരുദ്ധമാണെന്നായിരുന്നു വിജയ്യുടെ തീരുമാനത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം. യുവാക്കള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് രാഷ്ട്രീയ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിടുതലൈ ചിരുത്തൈഗള്‍ കച്ചി (വിസികെ), സിപിഐഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ ഈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ വിവാദം ഉടലെടുത്തു. ടിവികെയുടെ സഖ്യകക്ഷികള്‍ക്കിടയില്‍ അസ്വസ്ഥത പുകഞ്ഞതോടെ രാഷ്ട്രീയമായ തിരിച്ചടികൂടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് ഈ നിയമനം റദ്ദാക്കിയത്.

വെട്രിവേലിനെ ഈ പദവിയിലേക്ക് ഉയര്‍ത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ നിര്‍ണായക നീക്കം ഉണ്ടായത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി, അന്ധവിശ്വാസങ്ങളിലല്ല, മറിച്ച് ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തകളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിസികെ എംഎല്‍എ വാണി അരശ് അഭിപ്രായപ്പെട്ടു. 'നമ്മുടെ സര്‍ക്കാര്‍ ജ്യോതിഷത്തിനല്ല, ശാസ്ത്രീയ ചിന്തകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.' അദ്ദേഹം പറഞ്ഞു.

ഇടത് പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ശാസ്ത്രബോധവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, പൊതുജനങ്ങളുടെ ചെലവില്‍ ഒരു ജ്യോത്സ്യനെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയില്‍ നിയമിക്കുന്നത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം വ്യക്തമാക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും ഇതേ ആശങ്കകള്‍ ഉന്നയിച്ചു. ഈ വിവാദങ്ങള്‍ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത ജ്യോത്സ്യന്മാരെ ആശ്രയിച്ചിരുന്ന രീതിയുമായുള്ള താരതമ്യങ്ങള്‍ക്കും വഴിതുറന്നു. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കും മറ്റും വിജയ് തെറ്റായ മാതൃകയാണ് കാണിക്കുന്നതെന്ന് ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് വിമര്‍ശിച്ചു.

'ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റിനെ ഒഎസ്ഡിയായി നിയമിച്ച നടപടിയെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ അപലപിക്കുന്നു. അദ്ദേഹം നിങ്ങളുടെ ഗുരുവാണ് എങ്കില്‍ അദ്ദേഹത്തെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ കൂടെ നിര്‍ത്തുക. യുവാക്കള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തത് ഭാവിയിലേക്കുള്ള പ്രതീക്ഷയോടെയാണ്. നിങ്ങള്‍ അവര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് വിശദീകരിക്കേണ്ടതുണ്ട്.' അവര്‍ പറഞ്ഞു.

വിസികെയും ഇടത് പാര്‍ട്ടികളും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെങ്കിലും, അവരുടെ അതൃപ്തി രാഷ്ട്രീയ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്നാണ് വിജയ്ക്ക് തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.

---------------

Hindusthan Samachar / Sreejith S


Latest News