Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 മെയ് (H.S.)
പത്തുവർഷം മുഖ്യമന്ത്രിയായി കേരളം ഭരിച്ച പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവ്. സിപിഎം നേതൃയോഗത്തിനു ശേഷമാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഇത് ആദ്യമായാണ് പിണറായി പ്രതിപക്ഷ നേതാവാകുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനല്ലെങ്കിൽ കേന്ദ്ര കമ്മിറ്റിയംഗമായ കെഎൻ ബാലഗോപാലിനെ പ്രതിപക്ഷ നേതാവായി പരിഗണിക്കാനായിരുന്നു തീരുമാനം. ധർമ്മടത്തു നിന്നും 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തുന്നത്.
ധർമ്മടത്ത് നിന്നും മൂന്നാംതവണയാണ് പിണറായി വിജയിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായി ഇത്തവണ വോട്ടെണ്ണലിൻ്റെ ആദ്യറൗണ്ടുകളിൽ പിന്നിലായത് സിപിഎമ്മിനെ ആശങ്കയിലാക്കിയിരുന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒരു ദശാബ്ദത്തെ ഭരണാധിപൻ എന്ന നിലയിലാണ് പിണറായി ജനങ്ങൾക്ക് മുന്നിലെത്തിയത്. കേരളത്തിലാദ്യമായി അഞ്ചുവർഷത്തെ കാലാവധി തികച്ച് 2021ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നു.
പിണറായി വിജയൻ്റെ പത്തുവർഷത്തെ ഭരണത്തിൽ കേരളത്തിൽ നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളും സാമൂഹിക ക്ഷേമപദ്ധതികളും നടപ്പിലായി. എന്നാൽ, ഏകാധിപത്യ ശൈലിയാണ് പിണറായിയുടെതെന്ന വിമർശനം വ്യാപകമായിരുന്നു. ഇടതുമുന്നണിക്കുള്ളിൽ പരസ്യമായ വിമർശനം ഉന്നയിക്കാൻ മറ്റു നേതാക്കൾ മുതിർന്നിരുന്നില്ല. പിണറായി മാധ്യമങ്ങളോടും പലതവണ കൊമ്പുകോർത്തു.
ലൈഫ് മിഷൻ ഭവന പദ്ധതി, വിഴിഞ്ഞം തുറമുഖം, കെ-ഫോൺ പദ്ധതി, ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം എന്നിവ പിണറായി ഭരണകാലത്തെ പ്രധാന നേട്ടങ്ങളായിരുന്നു. നിപ, പ്രളയം, കോവിഡ് മഹാമാരി, വയനാട് ഉരുൾപൊട്ടൽ എന്നീ പ്രതിസന്ധി ഘട്ടങ്ങളിൽ പിണറായി നൽകിയ നേതൃത്വം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം, ആർദ്രം മിഷൻ തുടങ്ങിയവയും സർക്കാരിൻെ്റ ഭരണ നേട്ടങ്ങളായിരുന്നു. എന്നാൽ, കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും, മകൾക്കെതിരെ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷം പലതവണ ആയുധമാക്കിയപ്പോൾ പിണറായി പലപ്പോഴും പ്രതിരോധത്തിലായിരുന്നു.
പിണറായിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളിൽ പലപ്പോഴും മക്കളായ വീണ വിജയൻ്റെയും വിവേക് കിരൺ വിജയൻ്റെയും പേരുകൾ വലിച്ചിഴയ്ക്കപ്പെട്ടു. ആഭ്യന്തര വകുപ്പിൻ്റെ ചുമതല കൂടി വഹിച്ച പിണറായി വിജയൻ പോലീസിൻ്റെ പേരിലാണ് ഏറ്റവുമധികം വിമർശനങ്ങൾ നേരിടേണ്ടി വന്നത്. സംഘപരിവാർ രാഷ്ട്രീയത്തോടും ആർഎസ്എസിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പിണറായി സ്വീകരിച്ചത്. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് ആരോപിച്ച് 2026 ജനുവരിയിൽ തിരുവനന്തപുരത്ത് പിണറായി സത്യാഗ്രഹ സമരം നയിച്ചു.
1945 മെയ് 24 ന് കണ്ണൂരിലെ പിണറായിയിൽ മുണ്ടയിൽ കോരൻ്റെയും കല്യാണിയുടെയും മകനായി ജനിച്ച പിണറായി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (കെ എസ് എഫ്), കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷൻ (കെ എസ് വൈഎഫ്) എന്നിവയുടെ നേതൃസ്ഥാനങ്ങൾ വഹിച്ചു. 1964ൽ സിപിഎം രൂപീകരണ വേളയിൽ തന്നെ പാർട്ടി അംഗമായി. 1970ൽ 26ാം വയസിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി.
അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ക്രൂരമായ പൊലീസ് പീഡനങ്ങളും തുടർന്ന് നിയമസഭയിൽ രക്തം പുരണ്ട ഷർട്ടുമായി നടത്തിയ പ്രസംഗവും കേരള ചരിത്രത്തിലെ നിർണായക അധ്യായങ്ങളാണ്. 1996-ലെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി- സഹകരണ വകുപ്പ് മന്ത്രിയായി. പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെ നിര്യാണത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സംഘടനയുടെ ചുമതലയേറ്റു. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
2002 മുതൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായി. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 2021ൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിക്കൊണ്ട് കേരള രാഷ്ട്രീയത്തിലെ നാല് പതിറ്റാണ്ട് നീണ്ട ഭരണമാറ്റ ചരിത്രം പിണറായി തിരുത്തിക്കുറിച്ചു. റിട്ടയേർഡ് അധ്യാപികയായ ടി. കമലയാണ് പിണറായിയുടെ ഭാര്യ. 1979 സെപ്റ്റംബർ രണ്ടിന് തലശ്ശേരി ടൗൺഹാളിലായിരുന്നു വിവാഹം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR