കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് യൂണിഫോമിനൊപ്പം പരമ്പരാഗതവും മതപരവുമായ പരിമിതമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി
Banglore , 14 മെയ് (H.S.) കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് യൂണിഫോമിനൊപ്പം പരമ്പരാഗതവും മതപരവുമായ പരിമിതമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ബിജെപി സർക്കാരിൻ്റെ കാലത്ത് 2022 ഫെബ്രുവരി അഞ്ചിന് ഹി
Religious symbols in school


Banglore , 14 മെയ് (H.S.)

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് യൂണിഫോമിനൊപ്പം പരമ്പരാഗതവും മതപരവുമായ പരിമിതമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ബിജെപി സർക്കാരിൻ്റെ കാലത്ത് 2022 ഫെബ്രുവരി അഞ്ചിന് ഹിജാബ് അടക്കമുള്ളവ നിരോധിച്ച് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചാണ് സംസ്ഥാന സർക്കാർ ഈ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ ഇരുപത്തിനാലിന് ബെംഗളൂരുവിലെ ഒരു സ്കൂളിൽ അധ്യാപകൻ വിദ്യാർഥിയുടെ കൈയിലെ രക്ഷാച്ചരട് നിർബന്ധപൂർവം മുറിച്ചുമാറ്റിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ അടിയന്തര നടപടി.

യൂണിഫോമിന് തടസമാകരുത്

സ്ഥാപനങ്ങളിലെ നിർദിഷ്ട യൂണിഫോമിനൊപ്പം വിദ്യാർഥികൾക്ക് തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ധരിക്കാൻ അനുമതിയുണ്ടെന്ന് കോൺഗ്രസ് സർക്കാരിൻ്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം പരമ്പരാഗത ചിഹ്നങ്ങൾ യൂണിഫോമിന് അനുയോജ്യമായിരിക്കണമെന്നും അതിൻ്റെ യഥാർഥ ഉദ്ദേശ്യത്തെ ഹനിക്കുന്നതോ മാറ്റങ്ങൾ വരുത്തുന്നതോ ആകരുതെന്നും കർശന നിർദേശമുണ്ട്.

മതപരവും പരമ്പരാഗതവുമായ ഇത്തരം ചിഹ്നങ്ങളിൽ പ്രധാനമായും ടർബനുകൾ, രക്ഷാച്ചരടുകൾ, ശിവ ലിംഗങ്ങൾ, രുദ്രാക്ഷം, ശിരോവസ്ത്രങ്ങൾ അല്ലെങ്കിൽ ഹിജാബ് തുടങ്ങിയവയാണ് ഉൾപ്പെടുന്നത് എന്ന് സർക്കാർ വ്യക്തമാക്കുന്നു. വിദ്യാർഥികളുടെ അച്ചടക്കം, കാമ്പസുകളിലെ സുരക്ഷ, ആളുകളെ തിരിച്ചറിയൽ എന്നിവയ്ക്ക് ഭരണഘടന അനുവദിക്കുന്ന മതചിഹ്നങ്ങൾ തടസമാകാൻ പാടില്ല.

വിശ്വാസത്തിൻ്റെ ഭാഗമായുള്ള പരിമിതമായ ഇത്തരം ചിഹ്നങ്ങൾ നിർദിഷ്ട യൂണിഫോമിനൊപ്പം ധരിച്ചതിൻ്റെ പേരിൽ യാതൊരു കാരണവശാലും ഒരു വിദ്യാർഥിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ക്ലാസ് മുറികളിലോ പ്രവേശനം നിഷേധിക്കാൻ പാടില്ല. കൂടാതെ പരീക്ഷാ ഹാളുകളിലോ അക്കാദമിക പ്രവർത്തനങ്ങളിലോ വിദ്യാർഥികൾക്ക് തടസം സൃഷ്ടിക്കാൻ പാടില്ലെന്നും ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ഭരണകാലത്ത് വലിയ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു. പിന്നീട് ഈ വിഷയം കോടതിയിലെത്തുകയും ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയാകുകയും ചെയ്തു. പുതിയ ഓർഡറിലൂടെ കർണാടകയിലെ ഈ പരമ്പരാഗത വസ്ത്രധാരണ വിവാദങ്ങൾക്കാണ് അവസാനമാകുന്നത്.

നിർബന്ധിക്കാൻ പാടില്ല

പരമ്പരാഗതമായ ചിഹ്നങ്ങൾ ധരിക്കാൻ ഒരു വിദ്യാർഥിയെയും യാതൊരു കാരണവശാലും ആരും നിർബന്ധിക്കാൻ പാടില്ല. അതുപോലെ ഇത്തരം മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് ഒഴിവാക്കാനും സ്ഥാപനങ്ങൾ വിദ്യാർഥികളോട് ആവശ്യപ്പെടരുത് എന്ന് സർക്കാർ കൃത്യമായി വ്യക്തമാക്കുന്നു. പരീക്ഷാ സമയങ്ങളിൽ അധികൃതർക്ക് ആവശ്യമായ ദേശീയ, സംസ്ഥാന വസ്ത്രധാരണ ചട്ടങ്ങൾ മുൻപത്തേതു പോലെ പാലിക്കാവുന്നതാണ്.

തികച്ചും എല്ലാവരെയും ഉൾക്കൊള്ളുന്നതും, മതപരവും പരമ്പരാഗതവും സമാധാനപരവും വിവേചനരഹിതവുമായ രീതിയിലായിരിക്കണം പുതിയ നടപടികൾ സംസ്ഥാനത്ത് നടപ്പാക്കേണ്ടത്. ഭരണഘടനാ മൂല്യങ്ങളായ സമത്വം, വ്യക്തികളുടെ അന്തസ്സ്, സാഹോദര്യം, മതേതരം, ശാസ്ത്രാവബോധം എന്നിവയ്ക്കും വിദ്യാഭ്യാസം നേടാനുള്ള ഓരോരുത്തരുടെയും മൗലിക അവകാശത്തിനും അനുസൃതമായിരിക്കണം ഭരണകൂടത്തിൻ്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓരോ തീരുമാനങ്ങളെന്നും സർക്കാർ ശക്തമായി നിർദേശിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പുതിയ ഈ തീരുമാനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നായാണ് രാഷ്ട്രീയ, വിദ്യാഭ്യാസ പ്രവർത്തകർ വിലയിരുത്തുന്നത്.

വിവേചനം കാണിക്കരുത്

സ്കൂൾ വികസന നിരീക്ഷണ സമിതികൾ, കോളജ് വികസന സമിതികൾ, ഗവേണിങ് ബോഡികൾ എന്നിവയുൾപ്പെടെയുള്ള അധികാരികളും അധ്യാപകരും വിദ്യാർഥികളോട് യാതൊരുവിധത്തിലും വിവേചനപരമായി പെരുമാറാൻ പാടുള്ളതല്ല എന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു വിദ്യാർഥിക്കും അപമാനകരമായ സാഹചര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുത്.

എല്ലാവരും നമ്മുടേതാണ് എന്ന പ്രമുഖ ദാർശനികനായ ബസവണ്ണയുടെ ഉൾക്കൊള്ളൽ മനോഭാവം സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും മാതൃകയാക്കണം. ഇതിലൂടെ ഒരു വിദ്യാർഥിക്കും തൻ്റെ വിശ്വാസത്തിൻ്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സ്ഥാപനങ്ങളിൽ ഐക്യവും അച്ചടക്കവും എക്കാലവും നിലനിർത്താൻ കഴിയണമെന്നും ഉത്തരവിൽ അടിവരയിട്ട് പറയുന്നു.

മുൻ സർക്കാരിൻ്റേത് ഉൾപ്പെടെ സർക്കാരിൻ്റെ ഈ പുതിയ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻകാല സർക്കുലറുകൾ, തീരുമാനങ്ങൾ, ചട്ടങ്ങൾ എന്നിവയെല്ലാം അസാധുവാകുമെന്നും ഉത്തരവിലൂടെ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News