Enter your Email Address to subscribe to our newsletters

New delhi, 14 മെയ് (H.S.)
കാത്തിരുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍. ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെയാണ് പ്രഖ്യാപനം ഡല്‍ഹിയിലാണെന്ന് അഭ്യൂഹം ഉയര്‍ന്നിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കെ.സി. വേണുഗോപാലിന്റെ പേരില്ല. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കെസിയുടെ സാധ്യതകള്‍ അടഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. ഫ്ളൈറ്റില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ഉത്തരാഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരാണ് ഉള്ളത്.
രാഹുല്‍ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാല്‍ നടത്തിയ ചര്‍ച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്ത് വിഡി സതീശന്‍ എത്തും എന്നാണ് സൂചന. ഇന്ന് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗവും വിളിച്ചിട്ടുണ്ട്. ഇതില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്. കെസി പിന്‍മാറുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചും എന്നാണ് കെസി ക്യാംപ് കണക്കു കൂട്ടുന്നത്. കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ച ശേഷമാകും ഘടകക്ഷികളുമായി സംസാരിക്കുക.
---------------
Hindusthan Samachar / Sreejith S