Enter your Email Address to subscribe to our newsletters

New delhi, 14 മെയ് (H.S.)
ന്യൂഡല്‍ഹി: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഡല്‍ഹിയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അരാഗ്ചി എത്തിയത്. ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. . ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധിളേക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തും.
'ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഡല്‍ഹിയിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയെ ഏറെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
യുദ്ധം ആരംഭിച്ചപ്പോള്‍ ഇറാന്‍ നഗരമായ മിനാബിലെ ഒരു സ്‌കൂളില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 168 പെണ്‍കുട്ടികളെ പ്രതീകാത്മകമായി ഓര്‍മ്മിപ്പിച്ച് 'മിനാബ്168' എന്ന വിമാനത്തിലാണ് ഇറാനിയന്‍ മന്ത്രി എത്തിയത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട സാഹചര്യം അരാഗ്ചിയും ജയശങ്കറും തമ്മിലുള്ള ചര്‍ച്ചകളില്‍ പ്രധാനമായും ഉണ്ടായേക്കും. ഹോര്‍മുസ് വഴി ശേഷിക്കുന്ന വ്യാപാരകപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
ബ്രിക്‌സ് അംഗരാജ്യങ്ങളിലെ മറ്റ് വിദേശകാര്യ മന്ത്രിമാരോടൊപ്പം അരാഗ്ചിയും വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. വര്‍ധിച്ചുവരുന്ന പ്രതിസന്ധിയും ആഗോള ഊര്‍ജ്ജവിതരണ ശൃംഖലയിലുള്ള അതിന്റെ ആഘാതവും ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രിക്‌സിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ, സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സംഘര്‍ഷം രൂക്ഷമായതിന് ശേഷം, ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ശത്രുത അവസാനിപ്പിക്കാന്‍ ബ്രിക്‌സിന്റെ നിലവിലെ അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യയോട് ഇറാന്‍ അഭ്യര്‍ഥിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S