Enter your Email Address to subscribe to our newsletters

Kolkkatha, 14 മെയ് (H.S.)
ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്നുള്ള കേസുകളില്‍ അഭിഭാഷകയായി ഹാജരായി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കല്‍ക്കട്ട ഹൈക്കോടതിയിലാണ് നേരിട്ടെത്തി വാദിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അശാന്തി നിലനില്‍ക്കുന്നു എന്നാരോപിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് മമത തന്റെ വാദങ്ങള്‍ നിരത്തിയത്. ചീഫ് ജസ്റ്റിസ് എച്ച് സി സുജോയ് പാല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയായിരിക്കെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസില്‍ ഒരു സാധാരണ പൗരയെന്ന നിലയില്‍ സുപ്രീം കോടതിയില്‍ മമത വാദിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം, ഇത്തവണ ഒരു അഭിഭാഷകയുടെ വേഷമണിഞ്ഞാണ് അവര്‍ കോടതിയില്‍ എത്തിയത് എന്നത് ശ്രദ്ധേയമായി.
സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളില്‍ നിന്ന് ഇത്തരം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹര്‍ജിയില്‍ പരമാര്‍ശിക്കുന്നു. ടിഎംസിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ബിജെപി ബംഗാളില്‍ അധികാരത്തില്‍ കയറി. ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ടിഎംസി നേതാവ് കല്യാണ്‍ ബാനര്‍ജിയുടെ മകന്‍ ഷിര്‍ഷണ്യ ബന്ദോപാധ്യായയാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മത ബാനര്‍ജി ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെയാണ് അക്രമികള്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. നവദമ്പതികളെയും അവരുടെ കുടുംബങ്ങളെയും വീടുകളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഹിന്ദു, മുസ്ലീം, എസ്സി, എസ്ടി എന്നിങ്ങനെയുള്ള കുടുംബങ്ങള്‍ ഭവനരഹിതരായി. ആളുകള്‍ ദിനംപ്രതി ആക്രമിക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് സാധാരണ പൗരജീവിതം പൂര്‍ണമായും തടസപ്പെട്ടു. വോട്ടെടുപ്പിനു ശേഷം സംസ്ഥാനത്ത് നടന്ന അക്രമത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. എന്റെ സ്വന്തം വസതി പോലും ഭീഷണികള്‍ക്ക് വിധേയമായിട്ടുണ്ട്. വൈകുന്നേരം വരെ, എന്റെ വീടിന് പുറത്ത് അക്രമാസക്തമായ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു. എല്ലായിടത്തും സുരക്ഷയുടെ അഭാവം പ്രകടമാണ്. വീടുകളും ഓഫിസുകളും കൊള്ളയടിക്കപ്പെടുന്നു. ഈ അവകാശവാദങ്ങളെ ശരിവയ്ക്കുന്ന ഫോട്ടോഗ്രാഫിക് തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇതൊരു 'ബുള്‍ഡോസര്‍ സ്റ്റേറ്റ്' അല്ല, ഇത് സമ്പന്നമായ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെ യും നാടാണെന്ന് മമത പറഞ്ഞു. വാദം കഴിഞ്ഞ് മടങ്ങിയ മമതയെ ജനക്കൂട്ടം 'ജയ് ശ്രീ റാം', 'ചോര്‍, ചോര്‍' (കള്ളന്‍, കള്ളന്‍) എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ആക്ഷേപിച്ചു.
മമത ബാനര്‍ജി കോടതിയില്‍ വാദിക്കാന്‍ എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്നുമാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികരിച്ചത്. മുന്‍ ഭരണകക്ഷിയുടെ നീക്കങ്ങളെക്കാള്‍ ഭരണപരമായ കാര്യങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.
---------------
Hindusthan Samachar / Sreejith S