Enter your Email Address to subscribe to our newsletters

New delhi, 14 മെയ് (H.S.)
അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ നടക്കുന്ന സമയത്താണ് ഉച്ചകോടി വരുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ലോകം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയും പിരിമുറുക്കങ്ങളിലൂടെയും കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന് ജയ്ശങ്കര്‍ പറഞ്ഞു.
ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിക്സ് യോഗം രാജ്യങ്ങള്‍ തമ്മിലുള്ള കാഴ്ചപ്പാടുകള്‍ കൈമാറാന്‍ നമ്മെ അനുവദിക്കുകയും ഒത്തുചേരലുകള്‍ വികസിപ്പിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സങ്കീര്‍ണവും അനിശ്ചിതവുമായ ലോകത്ത് നിലവില്‍ നടക്കുന്ന ബ്രിക്സ് യോഗം എക്കാലത്തും പ്രധാന്യമുള്ളവയാണ്. ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകളിലൂടെ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പതിവായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പടണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള സംഘര്‍ഷങ്ങളും വ്യാപാര-സാങ്കേതിക മേഖലകളിലെ അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളും വികസ്വര രാജ്യങ്ങളും ബ്രിക്സ് കൂട്ടായ്മയില്‍ നിന്ന് വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നതെന്നും സമാധാനം ഉറപ്പാക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും ഈ കൂട്ടായ്മയ്ക്ക് പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രിമാര്‍ക്ക് പരസ്പര താല്‍പ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറാന്‍ യോഗം സഹായിക്കും. അന്താരാഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗോള വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ജയശങ്കര്‍ പറഞ്ഞു. ബ്രിക്സ് ചട്ടക്കൂടിനുള്ളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ പ്രതിബന്ധതയ്ക്ക് അധ്യക്ഷനെന്ന നിലയില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികളോടും ജയ്ശങ്കര്‍ നന്ദി പറഞ്ഞു.
അതേസമയം ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാം ദിവസമായ നാളെ പ്രതനിധി സംഘം പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ വിഷയങ്ങളിലൂന്നിയ ചര്‍ച്ചകളില്‍ പങ്കെടുക്കും. തുടര്‍ന്ന് 'ആഗോള ഭരണത്തിന്റെയും ബഹുമുഖ സംവിധാനത്തിന്റെയും പരിഷ്‌കാരങ്ങള്‍' എന്ന വിഷയത്തില്‍ ഒരു സെഷന്‍ നടക്കും.
ബ്രിക്സ് ഉച്ചകോടിയില്‍ അബാസ് അരാഗ്ച്ചിയുമായുള്ള നാളത്തെ ചര്‍ച്ചകള്‍ നിര്‍ണായകമാകും. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇന്നലെ അദ്ദേഹം ഇന്ത്യയിലെത്തി. രണ്ട് മാസം മുമ്പ് ആരംഭിച്ച യുഎസ് ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തിന് ശേഷം ടെഹ്റാനില്‍ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. അതേസമയം അരഗ്ച്ചിയുമായുള്ള ചര്‍ച്ചകളില്‍ തന്ത്രപരമായി നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് മുഖ്യ വിഷയമാകാന്‍ സാധ്യതയുണ്ട്. ജലപാതയിലൂടെ വ്യാപാര കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യ അറിയിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
---------------
Hindusthan Samachar / Sreejith S