Enter your Email Address to subscribe to our newsletters

New delhi, 14 മെയ് (H.S.)
ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ അഞ്ച് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി നാളെ പുറപ്പെടും. യുഎഇ അടക്കം യൂറോപ്യന്‍ രാജ്യങ്ങളായ നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. ഈ വര്‍ഷം ആദ്യത്തില്‍ തന്നെ അന്തിമരൂപം നല്‍കിയ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ നാല് യൂറോപ്യന്‍ രാജ്യങ്ങളിലെയും സുപ്രധാന സന്ദര്‍ശനം.
വിദേശകാര്യ മന്ത്രാലയം വെസ്റ്റ് സെക്രട്ടറി സിബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയെ സംബന്ധിക്കുന്ന അജണ്ടകള്‍ വ്യക്തമാക്കിയത്. മെയ് 15 മുതല്‍ 20 വരെയുള്ള പര്യടനത്തില്‍ ആദ്യ സന്ദര്‍ശനം യുഎഇയിലായിരിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒപെകില്‍ നിന്ന് പുറത്തുപോകാന്‍ യുഎഇ തീരുമാനിച്ചിരുന്നു. ഈ സമയത്ത് സന്ദര്‍ശനം നടത്തുന്നത് നിര്‍ണായകമാണെന്നും ഇന്ത്യയുടെ വലിയ തോതിലുള്ള ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നത് യുഎഇയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ 45 ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎഇയില്‍ താമസിക്കുന്നുണ്ട്.
യുഎഇയിലെ സന്ദര്‍ശനത്തിന് ശേഷം മെയ് 15 മുതല്‍ 17 വരെ അദ്ദേഹം നെതര്‍ലന്‍ഡ്‌സില്‍ പ്രധാനമന്ത്രി പര്യടനം നടത്തും. 2017ന് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. ഉഭയകക്ഷി ബന്ധത്തില്‍ വളരെ നിര്‍ണായകമായ ഒരു സമയത്താണ് ഈ സന്ദര്‍ശനം നടക്കുന്നത്. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്ലെം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനുപുറമെ, ഡച്ച് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന അദ്ദേഹം പ്രമുഖ വ്യവസായ പ്രതിനിധികളുമായും ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും. സെമികണ്ടക്ടര്‍ മേഖലയിലെ ഉഭയകക്ഷി സഹകരണവും ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധമുള്ള മറ്റ് അഡ്വാന്‍സ്ഡ് അജണ്ടകളും ഇതില്‍ ഉള്‍പ്പെടും.
മെയ് 17 ന് പ്രധാനമന്ത്രി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ എത്തും. 2018 ലെ ആദ്യത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്ക് ശേഷമുള്ള മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായി അദ്ദേഹം ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. നിര്‍മ്മിത ബുദ്ധി, പ്രതിരോധ ശേഷിയുള്ള വിതരണ ശൃംഖലകള്‍, ഹരിത സംക്രമണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായത്തിനായുള്ള യൂറോപ്യന്‍ റൗണ്ട് ടേബിള്‍ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് മോദി നര്‍വേയിലെത്തും.
43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നോര്‍വേ സന്ദര്‍ശിക്കുന്നത് എന്ന വലിയൊരു പ്രത്യേകതയും ഇതിനുണ്ട്. വ്യാപാരം, സാങ്കേതികവിദ്യ, ഹരിത ഊര്‍ജം എന്നിവയില്‍ ഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ പരമാവധി പ്രയോജനപ്പെടുത്തി സമുദ്ര അധിഷ്ഠിത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയുള്ള ബ്ലൂ എക്കണോമി ചര്‍ച്ചകളില്‍ അദ്ദേഹം പങ്കുചേരും.
മെയ് 19 ന് ഓസ്ലോയില്‍ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും ഈ സുപ്രധാന ഉച്ചകോടിയുടെ ഭാഗമാകും. സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ മെയ് 19, 20 തീയതികളില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് മോദി ഇറ്റലിയിലെത്തും.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി അദ്ദേഹം നടത്തുന്ന 2025-2029 ജോയിന്റ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ വിലയിരുത്തും. വരാനിരിക്കുന്ന പ്രധാനമന്ത്രിയുടെ ഈ നിര്‍ണായക വിദേശ പര്യടനം വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര-നിക്ഷേപ ബന്ധങ്ങളെ വിപുലമാക്കുകയും കൂടുതല്‍ ശക്തമാക്കുകയും ചെയ്യുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
---------------
Hindusthan Samachar / Sreejith S